Vishu Market: 40% വരെ വിലക്കുറവിൽ സാധനങ്ങൾ, 170 വിപണന കേന്ദ്രങ്ങൾ; സഹകരണ വകുപ്പിൻ്റെ വിഷു–ഈസ്റ്റർ ചന്ത 11 മുതൽ
Kerala Vishu Easter Market: പൊതു മാർക്കറ്റിനേക്കാൾ ഉപയോക്താക്കൾക്ക് 40 ശതമാനം വരെ വിലക്കുറവിലാണ് ഇവിടെ നിത്യോപയോഗ സാധനങ്ങൾ ലഭ്യമാകുക. ഓരോ കേന്ദ്രത്തിലുമായി പ്രതിദിനം 75 ഉപഭോക്താക്കൾക്കാണ് സബ്‌സിഡി സാധനങ്ങൾ വിതരണം ചെയ്യുകയെന്നും അധികൃതർ അറിയിച്ചു.

തിരുവനന്തപുരം: സംസ്ഥാന സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ സഹകരണ വിഷു-ഈസ്റ്റർ സബ്‌സിഡി ചന്ത ഏപ്രിൽ 11 മുതൽ ആരംഭിക്കും. കൺസ്യൂമർഫെഡ് മുഖേന നടത്തുന്ന വിഷു-ഈസ്റ്റർ ചന്ത ഏപ്രിൽ 21 വരെ തുടർച്ചയായി 10 ദിവസം നീണ്ടുനിൽക്കും. ഇത്തവണത്തെ വിഷു-ഈസ്റ്റർ ചന്തയുടെ സംസ്ഥാന തല ഉദ്ഘാടനം ഏപ്രിൽ 11ന് രാവിലെ ഒമ്പത് മണിക്ക് മന്ത്രി വി എൻ വാസവൻ തിരുവനന്തപുരത്ത് വച്ച് നിർവഹിക്കുന്നതാണ്.
പൊതു മാർക്കറ്റിനേക്കാൾ ഉപയോക്താക്കൾക്ക് 40 ശതമാനം വരെ വിലക്കുറവിലാണ് ഇവിടെ നിത്യോപയോഗ സാധനങ്ങൾ ലഭ്യമാകുക. ഇതിനുപുറമെ പതിമൂന്നിനം നിത്യോപയോഗ സാധനങ്ങളായ ആന്ധ്രാ ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി, പഞ്ചസാര, ഉഴുന്ന്, ചെറുപയർ, കടല, തുവരപ്പരിപ്പ്, വൻപയർ, മുളക്, മല്ലി, വെളിച്ചെണ്ണ, തുടങ്ങിയ 13 ഇങ്ങൾ സർക്കാർ സബ്‌സിഡിയോട് കൂടിയും വിഷു ഈസ്റ്റർ ചന്തയിൽ നിന്ന് ലഭിക്കുന്നതാണ്.
14 ജില്ലാ കേന്ദ്രങ്ങളിലെ വിൽപ്പന ശാലകളും ഉൾപ്പെടുത്തി 170 വിപണന കേന്ദ്രങ്ങളാണ് ഇക്കൊല്ലം സഹരണ വകുപ്പ് ഒരുക്കുന്നത്. ഓരോ കേന്ദ്രത്തിലുമായി പ്രതിദിനം 75 ഉപഭോക്താക്കൾക്കാണ് സബ്‌സിഡി സാധനങ്ങൾ വിതരണം ചെയ്യുകയെന്നും അധികൃതർ അറിയിച്ചു. ഇതോടൊപ്പം തന്നെ നോൺ സബ്‌സിഡി വിഭാഗത്തിൽ അവശ്യ നിത്യോപയോഗ സാധനങ്ങളും ലഭ്യമാണ്. സ്‌കൂൾ സ്റ്റേഷനറികൾ, നോട്ട് ബുക്കുകൾ എന്നിവ 10 ശതമാനം മുതൽ 35 ശതമാനം വരെ വിലക്കുറവിൽ ലഭ്യമാകും.
അതേസമയം സംസ്ഥാനത്ത് സപ്ലൈകോയുടെ വിഷു – ഈസ്റ്റർ ഫെയർ എപ്രിൽ 10 മുതൽ 19 വരെയാണ് നടക്കുന്നത്. ഭക്ഷ്യമന്ത്രി ജി ആർ അനിലാണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ മാർക്കറ്റിലെ ഉൽപ്പന്നത്തിൻ്റെ വിലയെ അപേക്ഷിച്ച് 40 ശതമാനം വരെ വിലക്കുറവിലാകും ഫെയറിൽ ലഭ്യമാകുക. റംസാനോടനുബന്ധിച്ച് നേരത്തെയും സപ്ലൈകോയുടെ ചന്ത നടത്തിയിരുന്നു.