Tushar Gandhi: മഹാത്മാഗാന്ധിയുടെ കൊച്ചുമകൻ തുഷാർഗാന്ധിയെ നെയ്യാറ്റിൻകരയിൽ തടഞ്ഞ സംഭവം; പ്രതിഷേധവുമായി കോൺഗ്രസ് നേതാക്കൾ
Tushar Gandhi Incident In Neyyattinkara: ഗാന്ധിജിയെ വധിച്ച ഗോഡ്‌സെയുടെ പ്രേതമാണ് ബിജെപിയെയും ആർഎസ്എസിനെയും ബാധിച്ചിരിക്കുന്നത്. ഗാന്ധിജിയെ തസമ്കരിച്ച് ഗോഡ്‌സെയെ വാഴ്ത്തുന്ന വർഗീയ ശക്തികൾക്ക് ഈ മതേതരമണ്ണിൽ ഒരിക്കലും സ്ഥാനമില്ലെന്നും കെ സുധാകരൻ വ്യക്തമാക്കി.

തുഷാർ ഗാന്ധി
തിരുവനന്തപുരം: മഹാത്മാഗാന്ധിയുടെ കൊച്ചുമകൻ തുഷാർ ഗാന്ധിയെ ബിജെപി- ആർഎസ്എസ് പ്രവർത്തകർ തടഞ്ഞതിൽ ആഞ്ഞടിച്ച് കോൺഗ്രസ് നേതാക്കൾ. കേരളത്തിന് അപമാനകരമായ സംഭവമാണിതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. നെയ്യാറ്റിൻകരയിലെ ഹീനമായ നടപടിക്ക് കേരളത്തിന്റെ മതേതര മനസ് മാപ്പ് നൽകില്ലെന്നാണ് സംഭവത്തോട് പ്രതികരിച്ചുകൊണ്ട് കെപിസിസി അധ്യക്ഷനും എംപിയുമായ കെ സുധാകരൻ പറഞ്ഞത്.
ഗാന്ധിജിയെ വധിച്ച ഗോഡ്‌സെയുടെ പ്രേതമാണ് ബിജെപിയെയും ആർഎസ്എസിനെയും ബാധിച്ചിരിക്കുന്നത്. ഗാന്ധിജിയെ തസമ്കരിച്ച് ഗോഡ്‌സെയെ വാഴ്ത്തുന്ന വർഗീയ ശക്തികൾക്ക് ഈ മതേതരമണ്ണിൽ ഒരിക്കലും സ്ഥാനമില്ലെന്നും കെ സുധാകരൻ വ്യക്തമാക്കി. ബിജെപിയുടെ ഇത്തരം പ്രവർത്തികൾക്ക് ന്യായീകരണമില്ലെന്നും വി എം സുധീരൻ പറഞ്ഞു. സംഭവത്തിൽ കോൺഗ്രസ് നേതാക്കൾ കടുത്ത വിമർശനമാണ് ഉന്നയിച്ചിരിക്കുന്നത്. മറ്റ് പാർട്ടി നേതാക്കൾ സംഭവത്തിൽ പ്രതികരിച്ചിട്ടുണ്ട്.
ധിക്കാരവും മാപ്പ് നൽകാൻ കഴിയാത്തതുമായ കുറ്റമാണ് ഉണ്ടായിരിക്കുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറിയായ ബിനോയ് വിശ്വം സംഭവത്തെ വിമർശിച്ചുകൊണ്ട് പറഞ്ഞു. സംഘ്പരിവാർ ശക്തികൾ തുഷാർ ഗാന്ധിയെ തടഞ്ഞ സംഭവം ജനാധിപത്യ കേരളത്തെ സംബന്ധിച്ച് അപമാനകരമായ ഒന്നാണെന്നും കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു.
എതിർശക്തികളെ ഇല്ലാതാക്കുമെന്ന ആർഎസ്എസ്- ബിജെപി അജണ്ട സംസ്ഥാനത്ത് നടക്കില്ലെന്നും, സംഭവത്തിന് ശേഷം നടപടികൾ സ്വീകരിക്കാത്ത പോലീസ് നയം അത്ഭുതപ്പെടുത്തുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു. രാജ്യത്തിന്റെ മതേതര, ജനാധിപത്യ ബോധ്യത്തെയും ഭരണഘടനാ മൂല്യങ്ങളെയും മുറിവേൽപ്പിക്കുന്ന ഈ പ്രവൃത്തിയെ കോൺഗ്രസ് രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നാണ് സംഭവത്തിന് പിന്നാലെ കെ സി വേണുഗോപാൽ പ്രതികരിച്ചത്. തുഷാർ ഗാന്ധിയെ ചേർത്തുപിടിച്ച് തന്നെ കോൺഗ്രസ് മുന്നോട്ടുപോകുമെന്ന് ആർഎസ്എസ്, ബിജെപി നേതൃത്വത്തെ വിമർശിച്ച വേണുഗോപാൽ പറഞ്ഞു.
നെയ്യാറ്റിൻകരയിലെ ഗാന്ധിയൻ ഗോപിനാഥൻ നായരുടെ പ്രതിമ അനാശ്ചാദന ചടങ്ങിനായാണ് മഹാത്മാഗാന്ധിയുടെ ചെറുമകനും പ്രമുഖ ഗാന്ധിയനും പൊതുപ്രവർത്തകനുമായ തുഷാർ ഗാന്ധി എത്തിയത്. രാജ്യത്തിന്റെ ആത്മാവിന് സംഘപരിവാറാണ് ക്യാൻസർ ക്യാൻസർ പടർത്തിയെന്നുള്ള തുഷാർ ഗാന്ധിയുടെ പ്രസംഗത്തിൽ പ്രതിഷേധിച്ചായിരുന്നു ആർഎസ്എസ്- ബിജെപി പ്രവർത്തകരുടെ പ്രതിഷേധം. നിലപാടിൽ മാറ്റമില്ലെന്ന് ഊന്നിപ്പറഞ്ഞുകൊണ്ടാണ് തുഷാർ ഗാന്ധി മടങ്ങിയത്.