Sandeep Varier: ‘പ്രകാശ് ജാവദേക്കർ വിളിച്ചാൽ കെ സുരേന്ദ്രൻ ഫോൺ എടുക്കാറില്ല’; വീണ്ടും ബിജെപി നേതൃത്വത്തിനെതിരെ സന്ദീപ് വാര്യർ
Sandeep Varier Against K Surendran: കെപിസിസി പുനസംഘടനക്ക് മുമ്പ് സന്ദീപ് വാര്യരുടെ പദവി സംബന്ധിച്ച് തീരുമാനം വരുമെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന സൂചന.
പാലക്കാട്: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനെതിരെ കൂടുതൽ ആരോപണങ്ങളുമായി സന്ദീപ് വാര്യർ. ബിജെപി കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി പ്രകാശ് ജാവ്ദ്ദേക്കർ വിളിച്ചാൽ കെ സുരേന്ദ്രൻ ഫോൺ എടുക്കാറില്ലെന്നാണ് സന്ദീപ് വാര്യരുടെ വെളിപ്പെടുത്തൽ. പൊളിറ്റിക്കൽ റിട്ടയർമെന്റ് നൽകിയ പ്രകാശ് ജാവ്ദ്ദേക്കറെ ചിപ്സും ഫെെവ് സ്റ്റാർ ഹോട്ടലിൽ താമസിക്കാൻ വേണ്ടിയുമാണ് ബിജെപി കേന്ദ്ര നേതൃത്വം കേരളത്തിലേക്ക് പറഞ്ഞയച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
“കേരള രാഷ്ട്രീയത്തെ കുറിച്ച് വ്യക്തമായ ധാരണ ഇല്ലാത്ത വ്യക്തിയാണ് പ്രകാശ് ജാവദ്ദേക്കർ. കെ സുരേന്ദ്രൻ ജാവദ്ദേക്കർ വിളിച്ചാൽ ഫോൺ പോലും എടുക്കാറില്ല. ഞങ്ങൾ ഒരുമിച്ച് യാത്ര ചെയ്തിട്ടുള്ള സന്ദർഭങ്ങളിൽ ഞാൻ നേരിട്ട് കണ്ടിട്ടുള്ളതാണ്. പ്രകാശ് ജാവദ്ദേക്കർ ഫോൺ വിളിച്ചു കൊണ്ടേയിരിക്കും. സുരേന്ദ്രൻ ഫോൺ എടുക്കില്ല. ഫോൺ നേരെ പ്രെെവറ്റ് സെക്രട്ടറി ദിപിന് കെെമാറും. ഒരു പരിഗണനയും പ്രഭാരി ചുമതലയുള്ള ജാവദ്ദേക്കറിന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ നൽകുന്നില്ല”.
“സുരേന്ദ്രന്റെ ഏറ്റവും വലിയ തുറുപ്പുചീട്ട് അദ്ദേഹത്തിന്റെ എതിരാളികളായ പികെ കൃഷ്ണദാസും എംടി രമേശുമാണ്. അടുത്ത തലമുറയിൽ നിന്നുള്ള ഒരാൾ നേതൃത്വത്തിന്റെ മുൻനിരയിലേക്ക് വളർന്നുവരാൻ ഇവരിൽ ആരും സമ്മതിക്കില്ല. കഴിഞ്ഞ ദിവസം നടന്ന ബിജെപിയുടെ സംസ്ഥാന ശിൽപ ശാലയിൽ പികെ കൃഷ്ണദാസും എംടി രമേശും എ.എൻ രാധാകൃഷ്ണനും പങ്കെടുത്തിട്ടില്ല. അവരാണ് സുരേന്ദ്രന്റെ ഏറ്റവും വലിയ ആയുധമെന്നും സന്ദീപ് വാര്യർ പറഞ്ഞു”.
ALSO READ: ചെലവ് വെറും 2000 രൂപ; സ്തനാർബുദ രോഗികളിലെ മുഴകൾ കണ്ടെത്താൻ പുതിയ സാങ്കേതിക വിദ്യ
അതേസമയം, സന്ദീപ് വാര്യർ കെപിസിസി ജനറൽ സെക്രട്ടറിയായേക്കുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്. കെപിസിസി പുനസംഘടനക്ക് മുമ്പ് പദവി സംബന്ധിച്ച് തീരുമാനം വരുമെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന സൂചന. പാർട്ടി തീരുമാനം വെെകരുതെന്നും സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ് താനെന്നും കോൺഗ്രസ് നേതൃത്വത്തെ സന്ദീപ് വാര്യർ അറിയിച്ചിട്ടുണ്ട്. എഐസിസി നേതൃത്വവുമായി കഴിഞ്ഞ ദിവസം ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയിൽ പാർട്ടി നൽകുന്ന ഏത് പദവിയും സ്വീകരിക്കാൻ താൻ തയ്യാറാണെന്ന് സന്ദീപ് വാര്യർ വ്യക്തമാക്കിയിരുന്നു.
പാലക്കാട് ഉപ തെരഞ്ഞടുപ്പിനിടെയാണ് ബിജെപി സംസ്ഥാന വക്താവായിരുന്ന സന്ദീപ് വാര്യർ കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്. ബിജെപി നേതൃത്വത്തിനും കെ സുരേന്ദ്രനുമെതിരെ നിരവധി ആരോപണങ്ങളും സന്ദീപ് വാര്യർ ഉന്നയിച്ചിരുന്നു. പാലക്കാട് എൻഡിഎ സ്ഥാനാർത്ഥിയായിരുന്ന സി കൃഷ്ണകുമാറിനെതിരെയും സന്ദീപ് വാര്യർ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. സന്ദീപ് വാര്യർ പോയാൽ ബിജെപിയുടെ അടിത്തറ ഇളകില്ലെന്ന് പറഞ്ഞ നേതാക്കളുടെ കണക്കുകൂട്ടൽ തെറ്റിച്ച് പാർട്ടിക്ക് വൻതോതിൽ വോട്ടുചോർച്ച ഉണ്ടായിരുന്നു. ബിജെപിക്ക് കുറഞ്ഞ 10000-ൽ അധികം വോട്ടുകൾ കോൺഗ്രസ് സ്ഥാനാർത്ഥിയായ രാഹുൽ മാങ്കൂട്ടത്തിലിനാണ് ലഭിച്ചത്.