KP Kunjikannan: കെ കരുണാകരന്റെ വിശ്വസ്തൻ; മുൻ ഉദുമ എംഎൽഎ കെ പി കുഞ്ഞിക്കണ്ണൻ അന്തരിച്ചു
KP Kunjikannan Passed away: കോൺഗ്രസിലെ പിളർപ്പിന്റെ കാലത്ത് സംഘാടകനായി ഓടി നടക്കുകയും ഡിഐസി രൂപീകരിക്കുന്നതിൽ സുപ്രധാന പങ്കുവഹിക്കുകയും ചെയ്തു. വടക്കൻ കേരളത്തിലെ കോൺഗ്രസിന്റെ മുഖങ്ങളിൽ ഒന്നായിരുന്നു.
കാസർകോട്: മുൻ എം എൽ എയും കെപിസിസി അംഗവുമായ കെ പി കുഞ്ഞിക്കണ്ണൻ അന്തരിച്ചു. വാഹനാപകടത്തെ തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 75 വയസായിരുന്നു. മുൻ ഉദുമ എംഎൽഎയായിരുന്നു. ദീർഘ കാലം കെപിസിസി ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. 1984 മെയ് 24 ന് കാസർകോട് ജില്ലാ രൂപീകരിച്ചതിന് ശേഷമുള്ള ആദ്യത്തെ ഡിസിസി പ്രസിഡന്റായിരുന്നു. കോൺഗ്രസിന്റെ ചിരിക്കുന്ന മുഖമായിരുന്ന കുഞ്ഞിക്കണ്ണൻ ജനകീയനായിരുന്നു.
സെപ്റ്റംബർ 4-ന് ഉണ്ടായ വാഹനാപകടത്തിൽ വാരിയെല്ലിന് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്നു. മറ്റ് രോഗങ്ങൾ കൂടെ സ്ഥിരീകരിച്ചതോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. കെ കരുണാകരന്റെ വിശ്വസ്തമെന്ന് അറിയപ്പെട്ടിരുന്ന കുഞ്ഞിക്കണ്ണൻ കോൺഗ്രസിന്റെ വടക്കൻ കേരളത്തിലെ മുഖങ്ങളിൽ ഒന്നായിരുന്നു. ലീഡറിന് കീഴിൽ ഡിഐസി രൂപീകരിക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ച നേതാക്കളിൽ ഒരാളാണ്. 1987 ഇ കെ നായനാർ മുഖ്യമന്ത്രിയായിരുന്ന സമയത്ത് ഉദുമയെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി. ഉദുമയിൽ നിന്ന് അവസാനമായി നിയമസഭയിലേക്ക് വിജയിച്ച കോൺഗ്രസ് നേതാവ് കൂടിയായിരുന്നു പരേതൻ.
ദേശീയപാതയിൽ നീലേശ്വരം കരുവാച്ചേരി പെട്രോൾ പമ്പിന് സമീപം സെപ്റ്റംബർ 4-നാണ് കുഞ്ഞിക്കണ്ണൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. ഡിസിസി പരിപാടി കഴിഞ്ഞ് പയ്യന്നൂരിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. എതിർ വശത്ത് നിന്നെത്തിയ ലോറിയിൽ ഇടിക്കുന്നത് ഒഴിവാക്കാനായി കാർ ഇടതുവശത്തേക്ക് വെട്ടിച്ചപ്പോൾ ദേശീയപാതാ നിർമാണ സൈറ്റിലെ കോൺക്രീറ്റ് സ്ലാബിൽ ഇടിക്കുകയായിരുന്നു.