Shashi Tharoor: ‘വിമര്‍ശിക്കുന്നവരെ ഇല്ലാതാക്കുന്ന പാരമ്പര്യം കോണ്‍ഗ്രസിനില്ല’: കെ സി വേണുഗോപാല്‍
KC Venugopal About Shashi Tharoor's Controversy: ഇടതുപക്ഷം പോലും പിണറായി വിജയന്‍ മൂന്നാമതും അധികാരത്തിലെത്തണമെന്ന് ആഗ്രഹിക്കുന്നില്ല. ഞാനൊരു പക്ഷത്തിന്റെയും ഭാഗമല്ല. പത്തനംതിട്ടയില്‍ നടത്തിയ പ്രസംഗത്തില്‍ പിണറായിയുടെ രാജഭക്തന്മാര്‍ എന്നാണ് ഉദ്ദേശിച്ചതെന്നും അദ്ദേഹം വിശദമാക്കി.

തിരുവനന്തപുരം: ശശി തരൂരിന്റെ പ്രസ്താവനകളില്‍ പ്രതികരിച്ച് കെസി വേണുഗോപാല്‍. വിമര്‍ശനം ഉന്നയിക്കുന്നവരെ തഴയില്ലെന്ന് വേണുഗോപാല്‍ പറഞ്ഞു. വിമര്‍ശനങ്ങളെയെല്ലാം കോണ്‍ഗ്രസ് സ്വാഗതം ചെയ്യും. വിമര്‍ശിക്കുന്നവരെ ഇല്ലാതാക്കുന്ന പാരമ്പര്യം കോണ്‍ഗ്രസിനില്ലെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
പാര്‍ട്ടിയുടെ നന്മയുള്ള വിമര്‍ശനങ്ങളെ സ്വീകരിക്കും. കേരളത്തിലെ നേതൃത്വത്തില്‍ ഐക്യം ഊട്ടിയുറപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പത്തനംതിട്ടയില്‍ നടത്തിയ പ്രസംഗത്തെ വളച്ചൊടിച്ചിരിക്കുകയാണ്. തന്റെ പരാമര്‍ശം ഒരിക്കലും തരൂരിന് എതിരല്ലെന്നും വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
ഇടതുപക്ഷം പോലും പിണറായി വിജയന്‍ മൂന്നാമതും അധികാരത്തിലെത്തണമെന്ന് ആഗ്രഹിക്കുന്നില്ല. ഞാനൊരു പക്ഷത്തിന്റെയും ഭാഗമല്ല. പത്തനംതിട്ടയില്‍ നടത്തിയ പ്രസംഗത്തില്‍ പിണറായിയുടെ രാജഭക്തന്മാര്‍ എന്നാണ് ഉദ്ദേശിച്ചതെന്നും അദ്ദേഹം വിശദമാക്കി.




അതേസമയം, കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന് എതിരെ ശശി തരൂര്‍ കഴിഞ്ഞ ദിവസം വിമര്‍ശനമുന്നയിച്ചിരുന്നു. കേരളത്തിലെ കോണ്‍ഗ്രസ് നേതൃപ്രതിസന്ധി നേരിടുകയാണെന്നും കഠിനമായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ പാര്‍ട്ടിക്ക് വീണ്ടും തിരിച്ചടി നേരിടേണ്ടതായി വരുമെന്നുമായിരുന്നു തരൂരിന്റെ പ്രതികരണം.
തന്നെ ഉപയോഗിക്കാന്‍ പാര്‍ട്ടി ആഗ്രഹിക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും കൂടെ നില്‍ക്കും. തന്റെ മുന്നില്‍ ഒരിക്കലും മറ്റ് വഴികളിലെന്നും കരുതരുതെന്നും തന്റേതായ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും തരൂര്‍ പറഞ്ഞിരുന്നു.
അദ്ദേഹത്തിന് ലഭിച്ച വോട്ടുകളിലും ശശി തരൂര്‍ അവകാശവാദം ഉന്നയിച്ചിരുന്നു. കോണ്‍ഗ്രസിന് പരമ്പരാഗത വോട്ടുകള്‍ക്ക് പുറമെയുള്ള വോട്ടുകള്‍ ലഭിക്കണം. തനിക്ക് ലഭിക്കുന്നത് അത്തരത്തിലുള്ള വോട്ടുകളാണെന്നും ശശി തരൂര്‍ പറഞ്ഞിരുന്നു.
തരൂരിന്റെ പ്രസ്താവനകള്‍ക്ക് പിന്നാലെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ രംഗത്തെത്തി. ശശി തരൂര്‍ അതിരുവിടരുതെന്ന് സുധാകരന്‍ പറഞ്ഞു. തരൂര്‍ വര്‍ക്കിങ് കമ്മിറ്റി അംഗമായതിനാല്‍ തന്നെ എന്ത് പ്രശ്‌നമുണ്ടെങ്കിലും ദേശീയ നേതൃത്വവുമായി ചര്‍ച്ച ചെയ്യാവുന്നതാണെന്ന് സുധാകരന്‍ ഓര്‍മപ്പെടുത്തി.