പിറന്നാള്‍ ആഘോഷത്തിനിടെ സംഘര്‍ഷം; അഞ്ചുപേര്‍ക്ക് കുത്തേറ്റു
മദ്യലഹരിയില്‍ ഉണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണമായതെന്നാണ് പൊലീസ് നിഗമനം. പിറന്നാള്‍ ആഘോഷിക്കാനെത്തിയ മറ്റൊരു സംഘവുമായി തര്‍ക്കമുണ്ടായെന്നാണ് പൊലീസ് പറയുന്നത്
തിരുവനന്തപുരം: കഴക്കൂട്ടത്ത് പിറന്നാള്‍ ആഘോഷത്തിനിടെ സംഘര്‍ഷം. ബിയര്‍ പാര്‍ലറിലുണ്ടായ സംഘര്‍ഷത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവമുണ്ടായത്. കഴക്കൂട്ടം ടെക്‌നോപാര്‍ക്കിന് സമീപമുള്ള ബാര്‍ റെസ്റ്റോറന്റിലാണ് സംഭവമുണ്ടായത്.
ശ്രീകാര്യം സ്വദേശികളായ ഷാലു, സൂരജ്, വിശാഖ്, സ്വരൂപ്, അതുല്‍ എന്നിവര്‍ക്ക് കുത്തേല്‍ക്കുകയായിരുന്നു. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ഷാലുവിന്റെ ശ്വാസകോശത്തിലും സൂരജിന് കരളിനുമാണ് കുത്തേറ്റത്. ഇരുവരെയും അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കിയിട്ടുണ്ട്. അപകടനില തരണം ചെയ്‌തെങ്കിലും ഇരുവരും തീവ്രപരിചരണ വിഭാഗത്തില്‍ തന്നെ തുടരുകയാണ്.
സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേസില്‍ ഉള്‍പ്പെട്ട ആളുകളുടെ ക്രിമിനല്‍ പശ്ചാത്തലവും അന്വേഷിക്കും. മദ്യലഹരിയില്‍ ഉണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണമായതെന്നാണ് പൊലീസ് നിഗമനം. പിറന്നാള്‍ ആഘോഷിക്കാനെത്തിയ മറ്റൊരു സംഘവുമായി തര്‍ക്കമുണ്ടായെന്നാണ് പൊലീസ് പറയുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് കഠിനംകുളം മണക്കാട്ടില്‍ ഷമിം, പുതുക്കുറിച്ചി ചെമ്പുലിപ്പാട് ജിനോ, കല്ലമ്പലം ഞാറയില്‍ കോളം കരുമ്പുവിള വീട്ടില്‍ അനസ് എന്നിവര്‍ പൊലീസിന്റെ പിടിയിലാണ്. കഴക്കൂട്ടം പൊലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.