Wild Attack: പാമ്പ് കടിയേറ്റ് മരിച്ചാൽ നാല് ലക്ഷം രൂപ; വന്യമൃഗ ആക്രമണങ്ങളിലെ നഷ്ടങ്ങൾക്ക് ഒരു ലക്ഷം രൂപ: ധനസഹായ മാനദണ്ഡങ്ങൾ പുതുക്കി സർക്കാർ
Compensation For Wild Attack : മനുഷ്യ - വന്യജീവി സംഘർഷങ്ങളുള്ള ധനസഹായ മാനദണ്ഡങ്ങൾ പുതുക്കി. ദുരന്ത നിവാരണ അതോറിറ്റിയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് മാനദണ്ഡങ്ങൾ പുതുക്കിയത്. ചീഫ് സെക്രട്ടറി ശാരദ മുരളീധരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമായത്.

പ്രതീകാത്മക ചിത്രം
മനുഷ്യ – വന്യജീവി സംഘർഷത്തിലുള്ള ധനസഹായ മാനദണ്ഡങ്ങൾ പുതുക്കി സർക്കാർ. സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് സഹായം അനുവദിക്കുന്നതിനായുള്ള പുതിയ മാനദണ്ഡങ്ങൾക്കാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അന്തിമരൂപം നൽകിയത്. ചീഫ് സെക്രട്ടറി ശാരദ മുരളീധരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
പുതിയ മാനദണ്ഡങ്ങൾ പ്രകാരം വന്യമൃഗ ആക്രമണത്തില്‍ ആസ്തികള്‍ക്ക് നഷ്ടം സംഭവിച്ചാല്‍ അനുവദിക്കുന്ന പരമാവധി ധനസഹായം ഒരു ലക്ഷം രൂപയാക്കി. പാമ്പ് കടിയേറ്റ് മരണപ്പെട്ടവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ അനുവദിക്കും. നേരത്തെ പാമ്പ് കടിയേറ്റുള്ള മരണം പട്ടികയിൽ ഉണ്ടായിരുന്നില്ല. വന്യമൃഗ സംഘർഷത്തെ പ്രതിരോധിക്കുന്നതിനിടയിൽ ആസ്തികൾക്ക് നാശനഷ്ടം സംഭവിച്ചാൽ പരമാവധി ഒരു ലക്ഷം രൂപ ധനസഹായം ലഭിക്കും. കിണർ, മതിൽ, വേലികൾ തുടങ്ങി വിവിധ ആസ്തികൾക്കുള്ള നാശനഷ്ടമൊക്കെ ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്.
വനം വകുപ്പിൽ സംസ്ഥാന തലത്തിലും ഡിവിഷൻ തലത്തിലും കൺട്രോൾ റൂമുകൾ സ്ഥാപിക്കാൻ തീരുമാനമായി. ഇതിനാൽ മൂന്ന് കോടി 72 ലക്ഷം രൂപയാണ് മാറ്റിവച്ചിരിക്കുന്നത്. ഒറ്റത്തവണ ഗ്രാൻ്റായാണ് തുക അനുവദിക്കുക. സംസ്ഥാന വനം എമർജൻസി ഓപ്പറേഷൻ സെൻ്ററിൻ്റെയും ഡിവിഷണൽ വനം എമർജൻസി ഓപ്പറേഷൻ സെൻ്ററിൻ്റെയും പ്രവർത്തനച്ചിലവും പരിപാലനച്ചിലവും വനംവകുപ്പ് വഹിക്കാൻ തീരുമാനമായി.
Also Read: Alappuzha Dog attack: പേവിഷ ബാധയേറ്റ് ചികിത്സയിലിരുന്ന 11 വയസുകാരൻ മരിച്ചു
സംസ്ഥാനത്തെ വന്യമൃഗങ്ങളുടെ ആക്രമണത്തിന്റെ തീവ്രത കണക്കിലെടുത്ത് കഴിഞ്ഞ വർഷം മാർച്ച് ആറിന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ മനുഷ്യ – വന്യജീവി സംഘര്‍ഷം പ്രത്യേക ദുരന്തമായി പ്രഖ്യാപിക്കാന്‍ തീരുമാനിച്ചിരുന്നു. പിന്നീട് മനുഷ്യ – വന്യജീവി സംഘര്‍ഷം പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ചു. മനുഷ്യ – വന്യജീവി സംഘർഷം പ്രതിരോധിക്കുന്നതുമായി ബന്ധപ്പെട്ട് ഉന്നത ഉദ്യോഗസ്ഥരുടെ സംസ്ഥാനതല സമിതി രൂപീകരിച്ചു. സംഘർഷം ആസൂത്രണം ചെയ്യുന്നതിനും കൈകാര്യം ചെയ്യുന്നതിനുമായാണ് സംസ്ഥാനതല സമിതി.
സമീപകാലത്തായി സംസ്ഥാനത്ത് വന്യജീവി ആക്രമണം വർധിക്കുകയാണ്. കാട്ടാന, പുലി, കടുവ ആക്രമണങ്ങൾ വിവിധയിടങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യൻ ക്രിക്കറ്റ് താരം മിന്നു മണിയുടെ ബന്ധു ഉൾപ്പെടെയുള്ളവർ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. കടുവ ആക്രമണത്തിലാണ് മിന്നു മണിയുടെ അമ്മയുടെ സഹോദരനായ അയ്യപ്പന്റെ ഭാര്യ രാധ കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം ഇടുക്കിയിൽ യുവതിയെ കാട്ടാന ചവിട്ടിക്കൊന്നു. സോഫിയ ഇസ്മായിൽ എന്ന 45കാരിയാണ് ആനയുടെ ആക്രമണത്തിൽ മരിച്ചത്.