Cochin Cancer Research Centre : കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്റര്‍ ഫെബ്രുവരിയില്‍; എന്തൊക്കെയാണ് പ്രത്യേകതകള്‍?
cochin cancer research centre Kerala : കാന്‍സര്‍ പഠനത്തിനുൾപ്പെടെ പ്രാധാന്യം നൽകുന്നതിനൊപ്പം റോബോട്ടിക്സ് സർജറിക്കും ഫോട്ടോൺ തെറാപ്പിക്കുമുൾപ്പെടെ ഭാവിയിൽ പ്രാപ്തമാക്കാൻ കഴിയും വിധത്തിൽ നിർമ്മാണം ഉറപ്പുവരുത്തിയാണ് കൊച്ചിന്‍ കാന്‍സര്‍ സെൻ്ററിൻ്റെ നിർമ്മാണം പുരോഗമിക്കുന്നതെന്നും മന്ത്രി
കൊച്ചി: കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്ററിന്റെ ഉദ്ഘാടനം ഫെബ്രുവരിയില്‍ നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി പി. രാജീവ് വ്യക്തമാക്കിയിരുന്നു. അര്‍ബുദത്തിനെതിരായ പോരാട്ടത്തില്‍ കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്റര്‍ വഴിത്തിരിവാകുമെന്നാണ് പ്രതീക്ഷ. അത്യാധുനിക സൗകര്യങ്ങളാണ് ഇതിന്റെ പ്രത്യേകത. മന്ത്രി വ്യക്തമാക്കിയ കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്ററിന്റെ പ്രത്യേകതകള്‍ എന്തൊക്കെയാണെന്ന് നോക്കാം.
ചികിത്സയ്ക്കും, ഗവേഷണത്തിനും ഊന്നല്‍ നല്‍കുന്ന സ്ഥാപനം എന്ന നിലയിലാണ് ഇത് വിഭാവനം ചെയ്തിരിക്കുന്നത്. ഗവേഷണവുമായി ബന്ധപ്പെട്ട് ഏഴായിരം ചതുരശ്ര അടിയാണ് നീക്കിവച്ചിട്ടുള്ളത്. കാന്‍സര്‍ ഗവേഷണവുമായി ബന്ധപ്പെട്ട് സ്റ്റാർട്ടപ്പുകൾക്കുൾപ്പെടെ ഇവിടെ സ്ഥലം ലഭ്യമാക്കാനും സർക്കാർ ഉദ്ദേശിക്കുന്നുണ്ട്.
അത്യാധുനിക സംവിധാനങ്ങള്‍
സെന്ററിനായി 6.4 ലക്ഷം ചതുരശ്ര അടി കെട്ടിടമാണ് തയ്യാറാകുന്നത്. 360 കിടക്കകൾ സജ്ജമാക്കും. കിഫ്ബി വഴി 384 കോടി രൂപ ചിലവഴിച്ചാണ് ഈ അത്യാധുനിക സംവിധാനം പൂർത്തീകരിക്കുക. റേഡിയേഷൻ തെറാപ്പി മെഷീൻ, എംആർഐ, സിടി, പെറ്റ് സിടി സ്കാനിങ് മെഷീനുകൾ, വെന്റിലേറ്ററുകൾ, ശീതീകരിച്ച ഫാർമസി മുറി, മോണിറ്ററുകൾ തുടങ്ങിയവയടക്കം സജ്ജമാക്കും.
ഭാവിവികസനം കൂടി മുന്‍നിര്‍ത്തിയുള്ള മാസ്റ്റര്‍ പ്ലാനാണ് ഒരുക്കിയിട്ടുള്ളത്. ആകെ 12 ഓപ്പറേഷന്‍ തിയേറ്ററുകള്‍ തയ്യാറാക്കും. ഇതില്‍ അത്യാഹിത വിഭാഗം, പാലിയേറ്റീവ് കെയര്‍ എന്നീ വിഭാഗങ്ങളിലാകും രണ്ട് ഓപ്പറേഷന്‍ തിയേറ്ററുകള്‍.
ഭാവിയില്‍ റോബട്ടിക് ഓപ്പറേഷന്റെ സാധ്യതകള്‍ കൂടി പ്രയോജനപ്പെടുത്തുന്നതിനാണ് ഒരു ഓപ്പറേഷന്‍ തിയേറ്റര്‍. ഫോട്ടോണ്‍ തെറാപ്പി സൗകര്യവും സെന്ററില്‍ എത്തിക്കും. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തിലൊരു സൗകര്യം ഏര്‍പ്പാടാക്കുന്നത്. ഫെബ്രുവരി ആദ്യ വാരം തന്നെ ഉദ്ഘാടനമുണ്ടാകുമെന്നാണ് പ്രതീക്ഷ. ജനുവരിയില്‍ തന്നെ കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയായേക്കും.
നിർമ്മാണത്തിൻ്റെ അവസാനഘട്ടത്തിലാണ് കൊച്ചി കാന്‍സര്‍ ആൻ്റ് റിസർച്ച് സെൻ്ററെന്ന് മന്ത്രി പി. രാജീവ് വ്യക്തമാക്കിയിരുന്നു. കാന്‍സര്‍ പഠനത്തിനുൾപ്പെടെ പ്രാധാന്യം നൽകുന്നതിനൊപ്പം റോബോട്ടിക്സ് സർജറിക്കും ഫോട്ടോൺ തെറാപ്പിക്കുമുൾപ്പെടെ ഭാവിയിൽ പ്രാപ്തമാക്കാൻ കഴിയും വിധത്തിൽ നിർമ്മാണം ഉറപ്പുവരുത്തിയാണ് ഈ സെൻ്ററിൻ്റെ നിർമ്മാണം പുരോഗമിക്കുന്നതെന്നും മന്ത്രി വിശദീകരിച്ചു.
ഇറക്കുമതി ചെയ്യേണ്ടത് ഉള്‍പ്പെടെ 210 കോടി രൂപയുടെ ഉപകരണങ്ങള്‍ ലഭ്യമാക്കും. മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ഏതാനും ദിവസം മുമ്പ് സെന്റര്‍ സന്ദര്‍ശിക്കുകയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്തിരുന്നു.
Read Also : ചിക്കുന്‍ഗുനിയയ്ക്ക് വാക്‌സിന്‍ നിര്‍മ്മിക്കാന്‍ സെറം ഇൻസ്റ്റിറ്റ്യൂട്ട്; ഫ്രഞ്ച് കമ്പനിയുമായി കരാര്‍
മെഡിക്കൽ കോളേജിൽ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കും
എറണാകുളം മെഡിക്കല്‍ കോളേജിൽ നിർമ്മിക്കുന്ന സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കും പ്രവർത്തനോദ്ഘാടനത്തിലേക്ക് നീങ്ങുകയാണെന്നും മന്ത്രി പി. രാജീവ് വ്യക്തമാക്കി. 8 നിലകളിലായി 8.64 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തിൽ ആരംഭിക്കുന്ന സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് മെയ് മാസത്തിലാകും ഉദ്ഘാടനം ചെയ്യുന്നത്.
800ലധികം കിടക്ക, പീഡിയാട്രിക് സർജറി, ന്യൂറോ സർജറി, യൂറോളജി, ഹൃദയ ശസ്ത്രക്രിയ തുടങ്ങിയ മേഖലകളിൽ പുതിയ ടെക്നോളജിയോടുകൂടിയ സൗകര്യങ്ങൾ എല്ലാം ലഭ്യമാക്കുമെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ വിശദീകരിച്ചു. ഈ ബ്ലോക്ക് പൂർത്തിയാകുന്നതോടെ സംസ്ഥാനത്തെ ഏറ്റവും വലിയ മെഡിക്കൽ കോളേജുകളിലൊന്നായി എറണാകുളം മെഡിക്കൽ കോളേജ് മാറുമെന്ന് മന്ത്രി പറയുന്നു.