CMRL- Exalogic Case: മാസപ്പടി കേസ്; നടപടികള്‍ക്ക് സ്റ്റേ ആവശ്യപ്പെട്ട് സിഎംആര്‍എല്ലിന്റെ ഹര്‍ജി
CMRL Approaches High Court for Stay: എസ്എഫ്ഐഒ അന്വേഷണം ചോദ്യം ചെയ്യുന്ന സിഎംആർഎല്ലിന്റെ ഹർജി ഡൽഹി ഹൈക്കോടതി ജൂലായിലാണ് പരിഗണിക്കുക. അതുവരെ തുടർനടപടികൾ നിർത്തിവെക്കണമെന്നും റിപ്പോർട്ട് പുറത്തുവിട്ടവർക്കെതിരെ നടപടി വേണമെന്നുമാണ് ആവശ്യം.

ന്യൂഡൽഹി: മാസപ്പടി കേസിൽ സീരിയസ് ഫോർ ഇൻവസ്റ്റിഗേഷൻ ഓഫീസ് (എസ്എഫ്ഐഒ) കൊച്ചിയിലെ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലെ തുടർനടപടി നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയെ സമീപിച്ച് സിഎംആർഎൽ. എസ്എഫ്ഐഒ അന്വേഷണം ചോദ്യം ചെയ്യുന്ന സിഎംആർഎല്ലിന്റെ ഹർജി ഡൽഹി ഹൈക്കോടതി ജൂലായിലാണ് പരിഗണിക്കുക. അതുവരെ തുടർനടപടികൾ നിർത്തിവെക്കണമെന്നും അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ടവർക്കെതിരെ നടപടി വേണമെന്നുമാണ് ആവശ്യം. അന്വേഷണ റിപ്പോർട്ട് കേന്ദ്രത്തിന് സമർപ്പിച്ചോയെന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. സിഎംആർഎല്ലിന്റെ ഹർജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിച്ചേക്കും.
കരിമണൽ കമ്പനിയായ സിഎംആർഎൽ എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ നൽകിയ ഹർജിയിൽ ഡൽഹി ഹൈക്കോടതിയിലെ ജസ്റ്റിസ് ചന്ദ്ര ധാരി സിങിന്റെ ബെഞ്ച് വിശദമായി വാദം കേട്ട് ഡിസംബറിൽ വിധിപറയാനായി മാറ്റിവെച്ചിരുന്നു. അതിനിടെയാണ് ജസ്റ്റിസ് ചന്ദ്ര ധാരി സിങിനെ കഴിഞ്ഞ ദിവസം അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റുന്നത്. ഇതോടെ വിഷയം പുതിയ ബെഞ്ച് തുടക്കം മുതൽ കേൾക്കേണ്ട അവസ്ഥയായി. പുതിയ ബെഞ്ച് വിഷയം കേൾക്കാനിരിക്കെയാണ് സീരിയസ് ഫോർ ഇൻവസ്റ്റിഗേഷൻ ഓഫീസ് (എസ്എഫ്ഐഒ) കൊച്ചിയിലെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
ALSO READ: മാർക്കറ്റിങ് കമ്പനിയിലെ തൊഴിൽ പീഡനം: ലേബർ ഓഫീസറോട് റിപ്പോർട്ട് തേടി മന്ത്രി വി ശിവൻകുട്ടി
മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ വീണയുടെ കമ്പനിയായ എക്സലോജിക്കിന് സിഎംആർഎൽ പണം നൽകിയത് അഴിമതിയാണെന്നാണ് എസ്എഫ്ഐഒയുടെ കണ്ടെത്തൽ. എസ്എഫ്ഐഒ അന്വേഷണത്തിന് ഉത്തരവിട്ടത് നിയമപരം ആണെന്ന് ആദ്യനികുതി വകുപ്പും നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ മാസപ്പടി ഇടപാട് ആരോപണം ആദ്യനികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡ് നേരത്തെ തീർപ്പാക്കിയതാണെന്നും അതിനാൽ വിഷയത്തിൽ മറ്റ് അന്വേഷണം ആവശ്യം ഇല്ലെന്നുമാണ് സിഎംആർഎല്ലിന്റെ വാദം.