5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Pinarayi Vijayan: കേന്ദ്ര ബജറ്റിൽ പരിഗണന കിട്ടാത്തതിനെ കേന്ദ്രമന്ത്രിമാർ ന്യായീകരിച്ചതിൽ അത്ഭുതമില്ല; അവർ നെറികേടിൻ്റെ ഭാഗമെന്ന് മുഖ്യമന്ത്രി

Pinarayi Vijayan Criticizes Ministers : കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപിയെയും ജോർജ് കുര്യനെയും വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ബജറ്റിൽ കേരളത്തിന് അർഹിച്ച പരിഗണന ലഭിക്കാത്തതിനെ അവർ ന്യായീകരിച്ചതിൽ അത്ഭുതമില്ലെന്നും ഇരുവരും നെറികേടിൻ്റെ ഭാഗമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Pinarayi Vijayan: കേന്ദ്ര ബജറ്റിൽ പരിഗണന കിട്ടാത്തതിനെ കേന്ദ്രമന്ത്രിമാർ ന്യായീകരിച്ചതിൽ അത്ഭുതമില്ല; അവർ നെറികേടിൻ്റെ ഭാഗമെന്ന് മുഖ്യമന്ത്രി
പിണറായി വിജയൻImage Credit source: Pinarayi Vijayan Facebook
abdul-basith
Abdul Basith | Published: 12 Feb 2025 06:42 AM

കേന്ദ്രബജറ്റിൽ കേരളത്തിന് അർഹിച്ച പരിഗണന കിട്ടാത്തതിനെ കേന്ദ്രമന്ത്രിമാർ ന്യായീകരിച്ചതിൽ അത്ഭുതമില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അവർ നെറികേടിൻ്റെ ഭാഗമായി നിന്നവരാണ്. കൂടുതൽ നെറികെട്ട ഭാഷയിൽ അവരത് അവതരിപ്പിച്ചു എന്നേയുള്ളൂ എന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഎം ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ വിമർശനം.

സ്വകാര്യ സർവകലാശാലകളുടെ കാര്യത്തിൽ ഇടതുസർക്കാർ ചെയ്യാൻ പാടില്ലാത്ത എന്തോ ചെയ്യുകയാണെന്ന പ്രതീതിയാണ് ചിലർ ഉണ്ടാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഇടപെടൽ നടത്തുമെന്ന് തിരഞ്ഞെടുപ്പിൻ്റെ സമയത്ത് തന്നെ എൽഡിഎഫ് പറഞ്ഞതാണ്. യുഡിഎഫ് സർക്കാരിൻ്റെ കാലത്ത് എൺ എയ്ഡഡ് കോഴ്സുകൾ ആരംഭിക്കാൻ അവർക്ക് വലിയ താത്പര്യമായിരുന്നല്ലോ. അവർ സ്വീകരിച്ചിരുന്നത് പൊതുവിദ്യാഭ്യാസത്തെ തകർക്കുന്ന സമീപനമായിരുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തിൻ്റെ പ്രധാന വരുമാനമാർഗം മദ്യവില്പനയിൽ നിന്നുള്ളതാണെന്നത് മറ്റൊരു പ്രചാരണമാണ്. റിസർവ് ബാങ്കിൻ്റെ കണക്കനുസരിച്ച് സംസ്ഥാനത്തെ ആകെ വരുമാനത്തിൻ്റെ 3.7 ശതമാനം മാത്രമാണ് മദ്യത്തിൽ നിന്ന് ലഭിക്കുന്നത്. കർണാടകയിൽ ഇത് 21 ശതമാനമാണ്. ഉത്തർ പ്രദേശിൽ 22 ശതമാനം, മധ്യപ്രദേശിൽ 16 ശതമാനം എന്നിങ്ങനെയാണ് എന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

Also Read: Union Budget 2025: ‘നെഹ്റുവിൻ്റെ കാലത്ത് 12 ലക്ഷം രൂപയ്ക്ക് നാലിലൊന്ന് നികുതി കൊടുക്കണമായിരുന്നു’; ഈ ബജറ്റ് ഗംഭീരമെന്ന് പ്രധാനമന്ത്രി

എൽഡിഎഫിനെപ്പറ്റി പറയുമ്പോൾ പൊതുവിദ്യാഭ്യാസ മേഖലയിലേക്ക് 10 ലക്ഷം കുട്ടികളെ തിരികെയെത്തിച്ച കാര്യം മറക്കരുത്. സ്വകാര്യ സർവകലാശാലകളനുവദിക്കുമ്പോൾ കേരളത്തിൻ്റെ പ്രത്യേകതകൾ പരിഗണിക്കണമെന്ന നിബന്ധന അംഗീകരിച്ചു. ഫീസ് ഘടനയിലും സംവരണത്തിലുമൊക്കെ സമൂഹികനീതിയുണ്ടാവും. എൽഡിഎഫും സിപിഎമ്മും ചെയ്യുന്ന കാര്യങ്ങൾ സാമൂഹികനീതിയിൽ അധിഷ്ഠിതമായിരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

കേന്ദ്രബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ കേരളത്തെ തഴഞ്ഞതിൽ വിമർശനം ശക്തമായിരുന്നു. ഇക്കാര്യത്തിൽ സംസ്ഥാനത്തെ കുറ്റപ്പെടുത്തി ബിജെപിയുടെ കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിമാർ രംഗത്തുവന്നു. പണം കിട്ടിയില്ലെന്ന് പറഞ്ഞ് നിലവിളിക്കുകയല്ല വേണ്ടതെന്ന് സുരേഷ് ഗോപി പറഞ്ഞപ്പോൾ കേരളം പിന്നാക്ക സമുദായമാണെന്ന് സമ്മതിച്ചാൽ പണം നൽകുമെന്ന് ജോർജ് കുര്യൻ പറഞ്ഞു.

ബജറ്റ് തൃപ്തികരമാണെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. കേന്ദ്രബജറ്റിൽ അനുവദിച്ച തുക കേരളം കൃത്യമായി ചിലവഴിക്കണം. ബജറ്റ് എല്ലാവർക്കും അവകാശപ്പെട്ടതാണ്. മധ്യവർഗത്തിന് ഒരുകാലത്തും പരിഗണന ലഭിക്കാറില്ല എന്നും സുരേഷ് ഗോപി പറഞ്ഞു. കേരളം പിന്നാക്ക സംസ്ഥാനമല്ലാത്തതുകൊണ്ടാണ് ബജറ്റിൽ കാര്യമായൊന്നും ഇല്ലാതിരുന്നതെന്ന് ജോർജ് കുര്യൻ പ്രതികരിച്ചു. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം വിദ്യാഭ്യാസത്തിലും സാമൂഹ്യ, അടിസ്ഥാന കാര്യങ്ങളിലും പിന്നാക്കമാണെന്ന് സമ്മതിക്കണം. അപ്പോൾ ബജറ്റിൽ കൂടുതൽ സഹായങ്ങൾ കിട്ടുമെന്നും ജോർജ് കുര്യൻ പറഞ്ഞു.