Pet Export Service: ഇനി വിഷമിക്കേണ്ട…. കൊച്ചിവഴി വളർത്തുമൃഗങ്ങളെ വിദേശത്തേക്ക് കൊണ്ടുപോകാം; ആദ്യം നാടുകടന്നത് ലൂക്ക
Pet Export Service: ശീതീകരിച്ച പെറ്റ് സ്റ്റേഷൻ, പ്രത്യേക കാർഗോ വിഭാഗം, വെറ്ററിനറി ഡോക്ടർമാർ, കസ്റ്റംസ് ക്ലിയറൻസ് കേന്ദ്രം, മൃഗങ്ങളെ കൊണ്ടുവരുന്നവർക്കുള്ള ഫെസിലിറ്റേഷൻ സെന്റർ എന്നിവയും സിയാൽ ഒരുക്കിയിട്ടുണ്ട്.
നെടുമ്പാശ്ശേരി: ഇനി മുതൽ കൊച്ചി വിമാനത്താവളം വഴി നിങ്ങളുടെ വളർത്തുമൃഗങ്ങളെ വിദേശത്തേക്ക് കൊണ്ടുപോകാം. ഇതിനുള്ള സൗകര്യം നിലവിൽ വന്നു. കേന്ദ്ര മൃഗസംരക്ഷണ വകുപ്പിൽനിന്ന് സിയാലിന് ‘പെറ്റ് എക്‌സ്പോർട്ട്’ അനുമതി ലഭിച്ചിരിക്കുകയാണ്. ഇതോടെ ഈ സൗകര്യമുള്ള കേരളത്തിലെ ഏക വിമാനത്താവളമായി സിയാൽ മാറി.
അനുമതി ലഭിച്ചതോടെ ആദ്യ യാത്ര നടത്തിയ പെറ്റ് എന്ന പേര് ലാസ അപ്‌സോ ഇനത്തിൽപ്പെട്ട ‘ലൂക്ക’ എന്ന നായക്കുട്ടി സ്വന്തമാക്കി. വ്യാഴാഴ്ച പുലർച്ചെയാണ് ലൂക്ക’ എന്ന നായക്കുട്ടി ആദ്യമായി കൊച്ചിയിൽനിന്ന് ദോഹ വഴി ദുബായിയിലേക്ക് പറന്നത്.
ALSO READ: പരിചയപ്പെടല്‍ കത്രിക കൊണ്ട്; പത്താം ക്ലാസുകാരന് റാഗിങ്ങില്‍ ക്രൂരമര്‍ദനം
ഖത്തർ എയർവേയ്സ് വിമാനത്തിലാണ് ‘ലൂക്ക’ കൊച്ചിയിൽ നിന്ന് യാത്ര തിരിച്ചത്. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശികളായ രാജേഷ് സുശീലൻ-കവിത രാജേഷ് ദമ്പതിമാരുടെ നായക്കുട്ടിയാണ് ലൂക്ക. ദുബായിയിൽ ബിസിനസ് നടത്തുകയാണ് രാജേഷ്.
24 മണിക്കൂറും പ്രവർത്തിക്കുന്ന ശീതീകരിച്ച പെറ്റ് സ്റ്റേഷൻ, പ്രത്യേക കാർഗോ വിഭാഗം, വെറ്ററിനറി ഡോക്ടർമാർ, കസ്റ്റംസ് ക്ലിയറൻസ് കേന്ദ്രം, മൃഗങ്ങളെ കൊണ്ടുവരുന്നവർക്കുള്ള ഫെസിലിറ്റേഷൻ സെന്റർ എന്നിവയും സിയാൽ ഒരുക്കിയിട്ടുണ്ട്. ഇതുവരെ ആഭ്യന്തര റൂട്ടുകളിൽ മൃഗങ്ങളെ കൊണ്ടുപോകാനും കൊണ്ടുവരാനുമുള്ള അനുമതി മാത്രമേ സിയാലിന് ഉണ്ടായിരുന്നുള്ളൂ.
ALSO READ: ഡോറയും ബുജിയുമായി രണ്ട് നാലാം ക്ലാസുകാർ ഊരുചുറ്റാൻ ഇറങ്ങി ; അവസാനം ഒരു ഓട്ടോ ചേട്ടൻ വീട്ടിലെത്തിച്ചു
എന്നാൽ നിലവിൽ എല്ലാ വിദേശ രാജ്യങ്ങളിലേക്കും പ്രത്യേകം സജ്ജമാക്കിയ കൂടുകളിലൂടെ കാർഗോ വഴി കൊണ്ടുപോകാനുള്ള അനുമതിയാണ് സിയാലിന് ലഭിച്ചിട്ടുള്ളത്. കൂടാതെ വിദേശത്തു നിന്ന് വളർത്തുമൃഗങ്ങളെ നേരിട്ട് ഇറക്കുമതി ചെയ്യാനുള്ള അനുമതിക്കായി ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇതിനുവേണ്ടി പ്രത്യേകം ‘അനിമൽ ക്വാറന്റൈൻ’ കേന്ദ്രം സ്ഥാപിച്ചു വരുകയാണ്.
സസ്യങ്ങളും ഫലങ്ങളും കൊണ്ടുപോകാനും ഇറക്കുമതി ചെയ്യാനുമുള്ള അനുവാദം നിലവിൽ സിയാലിനുണ്ട്. ഇതിനായുള്ള ‘പ്ലാന്റ് ക്വാറന്റൈൻ സെന്റർ’ കാർഗോ വിഭാഗത്തിനു സമീപം പ്രവർത്തിച്ചു വരുന്നുണ്ട്. ഈ സൗകര്യങ്ങൾ ലഭ്യമാകുന്നതിന് കാർഗോ ഹാൻഡ്ലിങ് ഏജൻസികളെയോ എയർലൈനുകളെയോ ബന്ധപ്പെടണം.
ഇന്ത്യയിലെ മുൻനിര വിമാനത്താവളങ്ങളിലുള്ള എല്ലാ സൗകര്യങ്ങളും കൊച്ചി വിമാനത്താവളത്തിൽ ഏർപ്പെടുത്താനാണ് മാനേജ്മെന്റ് ലക്ഷ്യമിടുന്നതെന്ന് സിയാൽ മാനേജിങ് ഡയറക്ടർ എസ്. സുഹാസ് പറഞ്ഞു.