5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Christmas New Year KSRTC Services: ക്രിസ്മസ്, പുതുവത്സര തിരക്ക്; സംസ്ഥാനത്തിന് പുറത്തേക്ക് അധിക സർവീസുമായി കെഎസ്ആർടിസി

Christmas New Year KSRTC Special Services: യാത്രക്കാരുടെ തിരക്കും സീറ്റ് റിസർവേഷന്റെ എണ്ണവും പരിഗണിച്ചായിരിക്കും സർവീസുകൾ നടത്തുകയെന്നും കെഎസ്ആർടിസി അധികൃതർ അറിയിച്ചു. അതിനിടെ ക്രിസ്മസ്, പുതുവത്സര അവധിക്കാലം മുതലെടുത്ത് സ്വകാര്യ ബസുകൾ നിരക്കുകൾ വർദ്ധിപ്പിച്ചിരുന്നു. അവധിക്ക് നാട്ടിലേക്ക് വരാൻ കാത്തിരിക്കുന്ന യാത്രക്കാർക്ക് വലിയ തിരിച്ചടിയായാണ് വർദ്ധനവ് ഉണ്ടായിരിക്കുന്നത്.

Christmas New Year KSRTC Services: ക്രിസ്മസ്, പുതുവത്സര തിരക്ക്; സംസ്ഥാനത്തിന് പുറത്തേക്ക് അധിക സർവീസുമായി കെഎസ്ആർടിസി
Represental Image (Credits: Social Media)
neethu-vijayan
Neethu Vijayan | Updated On: 20 Dec 2024 18:29 PM

തിരുവനന്തപുരം: ക്രിസ്മസ്, പുതുവത്സര അവധിയുമായി ബന്ധപ്പെട്ട തിരക്ക് പ്രമാണിച്ച് അധിക സർവീസുമായി കെഎസ്ആർടിസി. ഡിസംബർ 18 മുതൽ ജനുവരി ഒന്ന് വരെയാണ് അധിക സർവീസുകൾ നടത്തുന്നത്. ബെംഗളൂരു, മൈസൂർ, ചെന്നൈ എന്നിവിടങ്ങളിലേക്കാണ് കെഎസ്ആർടിസി അധിക സർവീസുകൾ ഏർപ്പെടുത്തിയിരിക്കുന്നത്.

കോഴിക്കോട്, കണ്ണൂർ, കോട്ടയം, എറണാകുളം, പാലക്കാട്, തിരുവനന്തപുരം, അടൂർ, കൊട്ടാരക്കര, കൊല്ലം എന്നിവിടങ്ങളിൽനിന്നാണ് പ്രത്യേക സർവീസുകൾ ഉണ്ടാവുക. യാത്രക്കാരുടെ തിരക്കും സീറ്റ് റിസർവേഷന്റെ എണ്ണവും പരിഗണിച്ചായിരിക്കും സർവീസുകൾ നടത്തുകയെന്നും കെഎസ്ആർടിസി അധികൃതർ അറിയിച്ചു. അതിനിടെ ക്രിസ്മസ്, പുതുവത്സര അവധിക്കാലം മുതലെടുത്ത് സ്വകാര്യ ബസുകൾ നിരക്കുകൾ വർദ്ധിപ്പിച്ചിരുന്നു.

അവധിക്ക് നാട്ടിലേക്ക് വരാൻ കാത്തിരിക്കുന്ന യാത്രക്കാർക്ക് വലിയ തിരിച്ചടിയായാണ് വർദ്ധനവ് ഉണ്ടായിരിക്കുന്നത്. ബെംഗളൂരുവിൽ നിന്ന് നാട്ടിലേക്കുള്ള സ്വകാര്യ ബസ് നിരക്ക് 6000 രൂപയായാണ് ഉയർത്തിയത്. എറണാകുളത്തേക്ക് 6000, കോട്ടയം 4000, തിരുവനന്തപുരം 4700, കോഴിക്കോട് 2700, കണ്ണൂർ 2500 രൂപ എന്നിങ്ങനെയാണ് നിരക്കുകൾ വർദ്ധിപ്പിച്ചത്. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കുള്ള വിമാനടിക്കറ്റ് നിരക്കിലും വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു. 16,000–17,000 രൂപ വരെയാണ് ഉയർത്തിയത്.

നാട്ടിലേക്കുള്ള ട്രെയിൻ ടിക്കറ്റുകൾ നേരത്തെ തന്നെ തീർന്നതും കൂടുതൽ സ്പെഷൽ സർവീസുകൾ പ്രഖ്യാപിക്കാത്തതുമാണ് ബസിലെ തിരക്ക് വർദ്ധിക്കുന്നതിന് കാരണമായി യാത്രക്കാർ ചൂണ്ടികാട്ടിയത്. റെയിൽവേ മുൻകൂർ റിസർവേഷൻ ടിക്കറ്റ്‌ എടുക്കാനുള്ള സമയപരിധി നാലുമാസത്തിൽ നിന്ന്‌ അറുപത്‌ ദിവസമാക്കി കുറച്ചതും ടിക്കറ്റ് കിട്ടാത്തതിന് കാരണമായി യാത്രക്കാർ പറയുന്നു. ഈ റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ ബംഗളൂരു, ചെന്നൈ, നാഗർകോവിൽ എന്നിവിടങ്ങളിലേക്കാണ് ക്രിസ്മസ്, ന്യൂഇയർ കാലത്ത് കെഎസ്ആർടിസി അധിക സർവീസ് നടത്തുമെന്ന് അറിയിച്ചിരുന്നു. പ്രതിദിന സർവീസുകൾക്ക്‌ പുറമേ 90 അധിക സർവീസുകൾ നടത്തുമെന്നാണ് നേരത്തെ അറിയിച്ചത്.

മുംബൈയിൽ നിന്ന് സ്പെഷ്യൽ ട്രെയിൻ

ക്രിസ്മസ്-പുതുവത്സര അവധിക്കാലത്തുണ്ടാകുന്ന തിരക്ക് പരി​ഗണിച്ച് മുംബൈയിൽ നിന്നും കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിൻ സർവീസ് പ്രഖ്യാപിച്ചിരുന്നു. മുംബൈയ് എൽടിടിയിൽ നിന്ന് കൊച്ചുവേളി (തിരുവനന്തപുരം നോർത്ത്) യിലേക്കാണ് പ്രതിവാര സ്പെഷ്യൽ ട്രെയിൻ ഇന്ത്യൻ റെയിൽവേ പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയം വഴിയാണ് സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തുന്നത്.

ഡിസംബർ 19, 26 വൈകിട്ട് നാലിന് മുംബൈ എൽടിടിയിൽ നിന്ന് ട്രെയിൻ കൊച്ചുവേളിയിലേക്ക് (തിരുവനന്തപുരം നോർത്ത്) യാത്ര പുറപ്പെടും. തിരിച്ച് ഡിസംബർ 21, 28 തീയതികളിൽ വൈകിട്ട് 4.20ന് മുംബൈ എൽടിടിയിലേക്കും കൊച്ചുവേളിയിൽ നിന്ന് ട്രെയിൻ പുറപ്പെടുന്നതാണ്.

ശേഷം ജനുവരി രണ്ട്, ഒമ്പത് തീയതികളിൽ വൈകിട്ട് നാലിനായിരിക്കും മുംബൈ എൽടിടിയിൽ നിന്ന് ട്രെയിൻ കൊച്ചുവേളിയിലേക്ക് യാത്ര പുറപ്പെടുക. തിരിച്ച് ജനുവരി നാല്, 11 തീയതികളിൽ കൊച്ചുവേളിയിൽ നിന്നും വൈകിട്ട് 4.20ന് മുംബൈ എൽടിടിയിലേക്കും ട്രെയിൻ പുറപ്പെടും. നേത്രാവതി എക്സ്‌പ്രസ്, ഡൽഹിയിൽ നിന്നുള്ള മംഗള എക്സ്‌പ്രസ്, വെരാവൽ – തിരുവനന്തപുരം എക്സ്‌പ്രസ് തുടങ്ങിയവയിലൊന്നും ക്രിസ്മസ് കാലമായതോടെ ടിക്കറ്റ് കിട്ടാനില്ലാത്ത അവസ്ഥയാണ്.