Chottanikkara Girl Death: ചോറ്റാനിക്കരയിലെ പോക്സോ അതി ജീവിത മരണത്തിന് കീഴടങ്ങി
Chottanikkara Pocso Survivor Death: ദിവസങ്ങളായി കുട്ടി ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ് വരികയായിരുന്നു, ബ്രെയിൻ ഡെത്ത് സ്ഥിരീകരിച്ചതോടെയാണ് കുട്ടിയുടെ മരണം സ്ഥിരീകരിച്ചത്

എറണാകുളം: ആൺ സുഹൃത്തിൻ്റെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ചോറ്റാനിക്കരയിലെ പോക്സോ അതി ജീവിത (20) മരണത്തിന് കീഴടങ്ങി. ബ്രെയിൻ ഡെത്താണ് ആശുപത്രി അധികൃതർ സ്ഥിരീകരിച്ചത്. ആറ് ദിവസമായി പെൺകുട്ടി വെൻ്റിലേറ്ററിൽ തുടരുകയായിരുന്നു. മരണത്തിന് കാരണമായത് തലക്കേറ്റ പരിക്കുകളായിരുന്നു. സംഭവത്തിൽ കുട്ടിയുടെ മുൻ സുഹൃത്ത് അനൂപിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ ലഹരിക്കടിമ ആയിരുന്നു അതോടൊപ്പം നിരവധി ക്രിമിനൽ കേസുകളിലും അനൂപ് പ്രതിയാണ്. തലക്ക് ചുറ്റികക്ക് അടിക്കുകയും താൻ തൂങ്ങി മരിക്കാൻ പോവുകയാണെന്ന് പറഞ്ഞപ്പോൾ പോയി തൂങ്ങാൻ പറയുകയും അനൂപ് ചെയ്തിരുന്നു. ഭിത്തിയിൽ തല ഇടിപ്പിക്കുകയും ചെയ്തിരുന്നു.
ഞായറാഴ്ച വൈകീട്ടാണ് കുട്ടിയെ വീട്ടിനുള്ളിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. ആദ്യം തൃപ്പൂണിത്തുറയിലെ സർക്കാർ ആശുപത്രിയിലും പിന്നീട് എറണാകുളം ജനറൽ ആശുപത്രിയിലും കുട്ടിയെ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില വഷളായതോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടിയുടെ അമ്മ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോയിരുന്നതിനാൽ പെൺകുട്ടി മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.