Pinarayi Vijayan: മുഖ്യമന്ത്രിയുടെ അഭിമുഖം; മാപ്പ് പറഞ്ഞ് ദി ഹിന്ദു ദിനപത്രം, മലപ്പുറത്തെ കുറിച്ച് എഴുതി നല്‍കിയത് പിആര്‍ ഏജന്‍സി
Pinarayi Vijayan's Interview Controversy: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട മലപ്പുറം പരാമര്‍ശവും ആ പണം രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുന്നതെന്നുമുള്ള പരാമര്‍ശങ്ങള്‍ മുഖ്യമന്ത്രി പറഞ്ഞതല്ല. പിആര്‍ ഏജന്‍സിയാണ് അത് എഴുതി ചേര്‍ത്തതെന്ന് ഹിന്ദു പറയുന്നു.
ന്യൂഡല്‍ഹി: മുഖ്യമന്ത്രിയുടെ അഭിമുഖം വിവാദമായതിന് പിന്നാലെ ഖേദം പ്രകടിപ്പിച്ച് ദി ഹിന്ദു ദിനപത്രം. അഭിമുഖത്തില്‍ വന്ന മലപ്പുറം പരാമര്‍ശം എഴുതി നല്‍കിയത് പിആര്‍ ഏജന്‍സി ആണെന്നാണ് വിശദീകരണം. കൈസൈന്‍ എന്ന പിആര്‍ ഏജന്‍സിയാണ് മുഖ്യമന്ത്രിയുടെ അഭിമുഖം നല്‍കാമെന്ന് പറഞ്ഞ് തങ്ങളെ സമീപിച്ചതെന്ന് ദി ഹിന്ദു വെളിപ്പെടുത്തി. മുഖ്യമന്ത്രിയുമായി മാധ്യമ പ്രവര്‍ത്തക ശോഭന നായര്‍ നടത്തിയ അഭിമുഖത്തില്‍ മലപ്പുറത്തെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നില്ലെന്നാണ് ഹിന്ദു വ്യക്തമാക്കുന്നത്. വിഷയത്തില്‍ വ്യക്തത വരുത്തുന്നതിനായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ദി ഹിന്ദു എഡിറ്റര്‍ക്ക് അയച്ച കത്തിന് പിന്നാലെയാണ് വിശദീകരണം.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട മലപ്പുറം പരാമര്‍ശവും ആ പണം രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുന്നതെന്നുമുള്ള പരാമര്‍ശങ്ങള്‍ മുഖ്യമന്ത്രി പറഞ്ഞതല്ല. പിആര്‍ ഏജന്‍സിയാണ് അത് എഴുതി ചേര്‍ത്തതെന്ന് ഹിന്ദു പറയുന്നു. ഇക്കാര്യത്തില്‍ സൂക്ഷ്മത പുലര്‍ത്തുന്നതില്‍ വീഴ്ചയുണ്ടായി. ഇങ്ങനയൊന്ന് സംഭവിക്കാന്‍ പാടില്ലായിരുന്നു. വിഷയത്തില്‍ നിരുപാധികം മാപ്പ് പറയുന്നതായും വിശദീകരണത്തില്‍ ഹിന്ദു പറഞ്ഞു.
‘പിആര്‍ ഏജന്‍സി സമീപിച്ചതിന് പിന്നാലെ സെപ്റ്റംബര്‍ 29ന് രാവിലെ കേരള ഹൗസില്‍ വെച്ചാണ് അഭിമുഖം എടുത്തത്. പിആര്‍ ഏജന്‍സിയുടെ രണ്ട് പ്രതിനിധികളും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. അഭിമുഖം 30 മിനിറ്റോളം നീണ്ടു. പിന്നീട് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ മുമ്പ് പറഞ്ഞ സ്വര്‍ണക്കടത്തിനെ കുറിച്ചും ഹവാല ഇടപാടുകളെക്കുറിച്ചുമുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് പിആര്‍ ഏജന്‍സി പ്രതിനിധി ആവശ്യപ്പെട്ടു. ഇപ്പോള്‍ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി നിഷേധിച്ച വാചകങ്ങള്‍ ഉള്‍പ്പെടുത്തണമെന്നാണ് പിആര്‍ ഏജന്‍സി രേഖാമൂലം ആവശ്യപ്പെട്ടത്. ഈ വാചകങ്ങള്‍ മുഖ്യമന്ത്രി പറഞ്ഞതെന്ന തരത്തില്‍ ഉള്‍പ്പെടുത്തിയത് വീഴ്ചയാണ്. ഇത് സംഭവിക്കാന്‍ പാടില്ലായിരുന്നു. തെറ്റ് പറ്റിയതില്‍ ഖേദം പ്രകടിപ്പിക്കുന്നു,’ ഹിന്ദുവിന്റെ വിശദീകരണത്തില്‍ പറയുന്നു.
മുഖ്യമന്ത്രി ഏതെങ്കിലും പ്രദേശത്തെ കുറിച്ച് പരാമര്‍ശം നടത്തിയിട്ടില്ല. രാഷ്ട്രവിരുദ്ധ, ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്ന വാക്ക് ഉപയോഗിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെയോ സര്‍ക്കാരിന്റെയോ നിലപാടല്ല പത്രം പ്രസിദ്ധീകരിച്ച അഭിമുഖത്തിലുള്ളത്. പത്രവാര്‍ത്ത അനാവശ്യ വിവാദത്തിനും തെറ്റായ വ്യാഖ്യാനത്തിനും കാരണമായി. ഹിന്ദു പത്രം ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് അയച്ച കത്തില്‍ ആവശ്യപ്പെട്ടിരുന്നത്.
ഹിന്ദുവില്‍ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച മുഖ്യമന്ത്രിയുടെ അഭിമുഖമാണ് വിവാദമായത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ മലപ്പുറം ജില്ലയില്‍ 150 കിലോ സ്വര്‍ണവും 123 കോടിയുടെ ഹവാല പണവും പിടികൂടിയിട്ടുണ്ട്. ഈ പണം കേരളത്തിലേക്ക് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് എത്തുന്നത്. ഇത്തരക്കാര്‍ക്കെതിരായ സര്‍ക്കാര്‍ നടപടിക്കെതിരായ പ്രതികരണമാണ് ഇപ്പോഴുണ്ടായി കൊണ്ടിരിക്കുന്നതെന്നാണ് അഭിമുഖത്തില്‍ പറയുന്നത്.
അതേസമയം, മലപ്പുറം പരാമര്‍ശത്തില്‍ പിണറായി വിജയന് നേരെ കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. മലപ്പുറത്തെ ന്യനപക്ഷങ്ങളെ അധിക്ഷേപിച്ച മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു കരിങ്കൊടി പ്രതിഷേധം. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കണ്ണൂര്‍ കാല്‍ടെക്‌സ് വഴി കടന്നുപോകുന്നതിനിടെ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിജില്‍ മോഹന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ വെച്ചിയോട്ട് എന്നിവരുടെ നേതൃത്വത്തിലാണ് കരിങ്കൊടി കാട്ടിയത്. ഇരുവരെയും ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തു.
അതേസമയം, മുഖ്യമന്ത്രിക്കെതിരെ മുസ്ലിം ലീഗും രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് മലപ്പുറം ജില്ലയെ അപമാനിക്കുന്ന നടപടിയാണ് ഉണ്ടായത്. ഇത്തരത്തില്‍ മലപ്പുറം ജില്ലയെ അപമാനിക്കുന്ന ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. അധികാരം നിലനിര്‍ത്താനും സ്വന്തം കുടുംബം ചെയ്ത വൃത്തിക്കേടുകള്‍ മറച്ചുവെക്കാനും ഒരു പ്രദേശത്തെയാകെ അപമാനിക്കുന്ന നടപടിയില്‍ നിന്നും മുഖ്യമന്ത്രി പിന്മാറണമെന്നും ലീഗ് പറഞ്ഞു.