Pinarayi Vijayan: ഇടത് സര്‍ക്കാര്‍ വന്നതോടെ ഒന്നും നടക്കില്ലെന്ന ജനങ്ങളുടെ ചിന്താ മരവിപ്പ് മാറി; നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി
Pinarayi Vijayan Speech in Niyama Sabha: കേരളത്തിലെ ആരോഗ്യ മേഖലയെ ഇകഴ്ത്തി കാണിക്കാനും കരിവാരിത്തേക്കാനുമാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ശ്രമിച്ചത്. യുഡിഎഫ് ഭരണ കാലത്ത് ആരോഗ്യരംഗം വെന്റിലേറ്ററിലായിരുന്നു. അന്ന് സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ മേഖല കുത്തഴിഞ്ഞ അവസ്ഥയിലായിരുന്നു. എന്നാല്‍ ആര്‍ദ്രം മിഷനിലൂടെ ഇടത് സര്‍ക്കാര്‍ അതെല്ലാം മാറ്റിയെടുത്തതായും പിണറായി വിജയന്‍ അവകാശപ്പെട്ടു.
തിരുവനന്തപുരം: ഇടത് സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ ഒന്നും നടക്കില്ലെന്ന ജനങ്ങളുടെ ചിന്താ മരവിപ്പ് 2016ല്‍ ഇടത് സര്‍ക്കാര്‍ അധികാരത്തിലെത്തിയോടെ മാറി തുടങ്ങിയെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. കേരളം വ്യവസായ നിക്ഷേപ സൗഹൃദമല്ലെന്ന ആക്ഷേപം മാറിയതായും 2028ല്‍ വിഴിഞ്ഞം യാഥാര്‍ഥ്യമാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
കേരളം വ്യവസായ സൗഹൃദമായി മാറിയത് ഇടത് സര്‍ക്കാരിന്റെ വലിയ നേട്ടമാണ്. മാത്രമല്ല, ഐടി മേഖലയില്‍ വലിയ തോതിലുള്ള നേട്ടം കൈവരിക്കാന്‍ സംസ്ഥാനത്തിന് സാധിച്ചു. 90,000 കോടി രൂപയുടെ കയറ്റുമതിയാണ് നിലവില്‍ സംസ്ഥാനത്ത് ഐടി മേഖലയില്‍ നിന്ന് ഉണ്ടാകുന്നതെന്നും അദ്ദേഹം സഭയില്‍ പറഞ്ഞു.
കേരളത്തിലെ ആരോഗ്യ മേഖലയെ ഇകഴ്ത്തി കാണിക്കാനും കരിവാരിത്തേക്കാനുമാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ശ്രമിച്ചത്. യുഡിഎഫ് ഭരണ കാലത്ത് ആരോഗ്യരംഗം വെന്റിലേറ്ററിലായിരുന്നു. അന്ന് സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ മേഖല കുത്തഴിഞ്ഞ അവസ്ഥയിലായിരുന്നു. എന്നാല്‍ ആര്‍ദ്രം മിഷനിലൂടെ ഇടത് സര്‍ക്കാര്‍ അതെല്ലാം മാറ്റിയെടുത്തതായും പിണറായി വിജയന്‍ അവകാശപ്പെട്ടു.
മാത്രമല്ല, ഉന്നത വിദ്യാഭ്യാസ മേഖല മികവിന്റെ ഹബ്ബായി ഉയര്‍ന്നു. സര്‍വകലാശാലകളായ കേരള, എം ജി എന്നിവയ്ക്ക് എ++ റാങ്ക് ലഭിച്ചു. കേരളത്തിലെ ഉന്നത മേഖലയില്‍ കാവി വത്കരണം നടത്താനുള്ള ശ്രമങ്ങളുമുണ്ടായി. ഗവര്‍ണറെ നിയമിച്ചുകൊണ്ടായിരുന്നു കേന്ദ്രം അത്തരത്തിലുള്ള നീക്കം നടത്തിയത്. എന്നാല്‍ ആ നീക്കത്തിനെതിരെ സര്‍ക്കാര്‍ കോടതിയിലെത്തി. ഈ പ്രതിസന്ധി ഘട്ടങ്ങളില്‍ ഇടതുപക്ഷം കൂടെ നിന്നോ എന്നതാണ് ചിന്തിക്കേണ്ടത്. പിന്‍വാതില്‍ നാമനിര്‍ദേശങ്ങള്‍ വരുമ്പോള്‍ അതിന്റെ പങ്ക് പറ്റാമെന്നാണ് കോണ്‍ഗ്രസ് ചിന്തിച്ചതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
യുജിസി കരട് മാര്‍ഗ നിര്‍ദേശങ്ങള്‍ക്കെതിരെ പ്രതിപക്ഷം ഒറ്റക്കെട്ടായി നിന്നു. എങ്കിലും ഒന്നിച്ച് നില്‍ക്കാന്‍ അല്‍പം വൈകുന്നില്ലേ എന്നത് ചിന്തിക്കണം. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ 8,400 കോടി രൂപയാണ് ദുരിതാശ്വാസ നിധിയില്‍ നിന്ന് കൊടുത്തത്. കേരളത്തോടുള്ള കേന്ദ്രത്തിന്റെ സമീപനം ഉപരോധത്തിന് സമാനമാണ്. ധൂര്‍ത്തും കെടുകാര്യസ്ഥയും പറഞ്ഞ് പ്രതിപക്ഷ അതിന് വളംവെച്ച് കൊടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വയനാട് പുനരധിവാസത്തിനായി ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചത് ആകെ 712.98 കോടി രൂപയാണ്. എന്നാല്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്നും ഇതുവരെ സഹായമൊന്നും ലഭിച്ചിട്ടില്ല. അതി തീവ്രദുരന്തമായി പ്രഖ്യാപിച്ചതിനാല്‍ സഹായം ലഭിക്കുമെന്നാണ് പ്രതീക്ഷ. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം, പാലക്കാട് മദ്യ നിര്‍മാണം പ്ലാന്റിനെ സംബന്ധിച്ച് ഉയരുന്ന ആരോപണങ്ങള്‍ പിണറായി വിജയന്‍ തള്ളി. വ്യാജ പ്രചാരണങ്ങള്‍ക്ക് അധികം ആയുസുണ്ടാകില്ലെന്നും ഇടത് മുന്നണിയുടെ പ്രവര്‍ത്തനങ്ങള്‍ സത്യസന്ധമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.