Pinarayi Vijayan: ‘നഷ്ടങ്ങൾക്ക് പകരം നൽകിയാൽ മതിയാകില്ല; ശ്രുതിയുടെ കൂടെ ഈ നാട് തന്നെയുണ്ട്’; മുഖ്യമന്ത്രി പിണറായി വിജയൻ

CM Pinarayi Vijayan on Jenson's death:വെല്ലുവിളികളെയും ദുരിതങ്ങളെയും അതിജീവിക്കാൻ ശ്രുതിക്കാവട്ടെയെന്നും ഫേസ്ബുക്കിൽ മുഖ്യമന്ത്രി കുറിച്ചു.

Pinarayi Vijayan: നഷ്ടങ്ങൾക്ക് പകരം നൽകിയാൽ മതിയാകില്ല; ശ്രുതിയുടെ കൂടെ ഈ നാട് തന്നെയുണ്ട്; മുഖ്യമന്ത്രി പിണറായി വിജയൻ

പിണറായി വിജയൻ, ശ്രുതിയും പ്രതിശ്രുത വരൻ ജെൻസനും

Published: 

12 Sep 2024 00:05 AM

തിരുവനന്തപുരം: കഴിഞ്ഞ ദിവസം കൽപറ്റയിൽ സ്വകാര്യബസും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വയനാട് ദുരന്തബാധിതയായ ശ്രുതിയുടെ പ്രതിശ്രുത വരൻ ജെൻസൻ മരിച്ചിരുന്നു . ഇതിനു പിന്നാലെ ​ശ്രുതിയുടെയും ജെൻസന്റെ കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്ന് അറിയിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരന്തമുഖങ്ങളിലുണ്ടാവുന്ന നഷ്ടങ്ങൾക്ക് എന്ത് പകരം നൽകിയാലും മതിയാകില്ലെന്നും ശ്രുതിയുടെ കൂടെ ഈ നാട് തന്നെയുണ്ടെന്ന ഉറപ്പാണ് നമുക്കിപ്പോൾ നൽകാൻ സാധിക്കുകയെന്നും മുഖ്യമന്ത്രി അറിയിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്ഥാവന. വെല്ലുവിളികളെയും ദുരിതങ്ങളെയും അതിജീവിക്കാൻ ശ്രുതിക്കാവട്ടെയെന്നും ഫേസ്ബുക്കിൽ മുഖ്യമന്ത്രി കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
വയനാടുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ അച്ഛനും അമ്മയും സഹോദരിയുമടക്കമുള്ള ഉറ്റവർ ഇല്ലാതായ ചൂരൽമല സ്വദേശി ശ്രുതിക്ക് ഇന്നലെയുണ്ടായ വാഹനാപകടത്തിൽ പ്രതിശ്രുത വരൻ ജെൻസനേയും നഷ്ടമായിരിക്കുന്നുവെന്ന വാർത്ത ഏറെ വേദനാജനകമാണ്. ഇന്നലെ കൽപറ്റയിലെ വെള്ളാരംകുന്നിൽ വച്ച് സ്വകാര്യ ബസുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. വാനിലുണ്ടായിരുന്ന ശ്രുതിയും ബന്ധുക്കളും പരിക്കേറ്റ് ചികിത്സയിലാണ്. കഴിഞ്ഞ ജൂലൈ 30നുണ്ടായ ഉരുൾപൊട്ടലിൽ തന്റെ കുടുംബാംഗങ്ങളും വീടുമെല്ലാം നഷ്‌ടമായ ശ്രുതിക്ക് ഇപ്പോൾ മറ്റൊരു ദുരന്തത്തെ കൂടി അഭിമുഖീകരിക്കേണ്ടി വന്നുവെന്നത് ഹൃദയഭേദകമായ കാര്യമാണ്. ദുരന്തമുഖങ്ങളിലുണ്ടാവുന്ന നഷ്ടങ്ങൾക്ക് എന്ത് പകരം നൽകിയാലും മതിയാകില്ല. ശ്രുതിയുടെ കൂടെ ഈ നാട് തന്നെയുണ്ടെന്ന ഉറപ്പാണ് നമുക്കിപ്പോൾ നൽകാൻ സാധിക്കുക. ശ്രുതിയുടെയും ജെൻസന്റെ കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. വെല്ലുവിളികളെയും ദുരിതങ്ങളെയും അതിജീവിക്കാൻ ശ്രുതിക്കാവട്ടെ.

Also read-ശ്രുതി വീണ്ടും തനിച്ച്; കല്‍പ്പറ്റയിൽ ബസും വാനും കൂട്ടിയിടിച്ച അപകടത്തിൽ പരിക്കേറ്റ ജെൻസൻ മരിച്ചു

ചൊവ്വാഴ്ച വൈകുന്നേരം വയനാട് കല്‍പ്പറ്റ വെള്ളാരംകുന്നില്‍ ബസും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ജെൻസനും ശ്രുതിയുമടക്കം ഒൻപത് പേർക്ക് പരിക്കേറ്റത്. എന്നാൽ അപകടത്തിൽ ​ഗുരുതര പരിക്കേറ്റ ജെൻസൻ വെൻ്റിലേറ്ററിലായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയത്. ശ്രുതി കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.‌

അതേസമയം വയനാട് ചൂരൽമലയിലുണ്ടായ ഉരുൾപൊട്ടലിൽ ശ്രുതിക്ക് അച്ഛനും അമ്മയും അനുജത്തിയുമടക്കം കുടുംബത്തിലെ ഒൻപത് പേരെ നഷ്ടപ്പെട്ടിരുന്നു. അനുജത്തി ശ്രേയയുടെ മൃതദേഹം മാത്രമാണ് ലഭിച്ചത്. കോഴിക്കോട് ജോലിസ്ഥലത്തായതിനാല്‍ ശ്രുതി മാത്രം ജീവനോടെ രക്ഷപ്പെടുകയായിരുന്നു. ഇതിനു ശേഷം ശ്രുതിക്ക് ആകെ ഉണ്ടായത് ജെൻസൻ മാത്രമായിരുന്നു. അമ്പലവയൽ സ്വദേശി ജെൻസനുമായി ശ്രുതിയുടെ വിവാഹം നിശ്ചയിച്ചിരുന്നു. ​ദീർഘനാളത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം ഉറപ്പിച്ചത്. ഈ ഡിസംബറിൽ നടത്താനിരുന്നതായിരുന്നു ഇരുവരുടെയും വിവാഹം. എന്നാൽ ശ്രുതിയുടെ ഉറ്റവർ എല്ലാവരും മരിച്ചതിനാൽ സെപ്റ്റംബറിൽ വിവാഹം നടത്താൻ തീരുമാനിക്കുകയായിരുന്നു. വിവാഹം റജിസ്റ്റർ ചെയ്യാനായിരുന്നു ഇരുവർക്കും ആഗ്രഹം.മരണാനന്തര ചടങ്ങുകൾ കഴിഞ്ഞാൽ ഉടൻ വിവാഹം നടത്തുമെന്ന് ജെൻസൻ അന്ന് പറഞ്ഞിരുന്നു. ആഘോഷങ്ങളൊന്നുമില്ലാതെ ശ്രുതിയെ ചെറിയൊരു ചടങ്ങോട് കൂടി വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകുമെന്നും ജെന്‍സണ്‍ പറഞ്ഞിരുന്നു.

പാല്‍ കേടാകാതിരിക്കാന്‍ ഫ്രിഡ്ജ് വേണ്ട; ഈ വഴി നോക്കിക്കോളൂ
20 ലക്ഷം രൂപയ്ക്ക് ട്രെയിൻ യാത്രയോ? അതും ഇന്ത്യയിൽ
രഞ്ജി ഇത്തിരി മുറ്റാണാശാനേ; താരങ്ങൾക്ക് കൂട്ടത്തോൽവി
ഈന്തപ്പഴക്കുരു വലിച്ചെറിയരുത്