CMDRF: നുണ പ്രചരണങ്ങൾ കേട്ട് പണം നൽകാതിരിക്കരുത്; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പ് നടത്താനുള്ളതല്ല
Chief Minister Distress Relief Fund: ഫണ്ട് കൈകാര്യം ചെയ്യുന്നത് ധനകാര്യവകുപ്പ് സെക്രട്ടറിയാണെങ്കിലും ഫണ്ടിന്റെ നിയന്ത്രണം റവന്യൂ വകുപ്പിനാണ്. സിഎംഡിആര്‍ഫിന്റെ ബാങ്ക് അക്കൗണ്ട് ചുമതല നല്‍കിയിട്ടുണ്ട് എന്നതിനപ്പുറം ധനകാര്യ സെക്രട്ടറിക്ക് സ്വന്തം ഇഷ്ടത്തിന് ഒരു രൂപപോലും വിനിയോഗിക്കാനോ കൈമാറ്റം ചെയ്യോനോ സാധിക്കില്ല.
കേരളം ഇപ്പോള്‍ ഒരു മഹാദുരന്തത്തിന് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ്. നിരവധിപേരുടെ സഹായം ലഭിക്കുന്നതിലൂടെ മാത്രമേ ഈ ദുരന്തത്തേയും നമുക്ക് മറികടക്കാനാവൂ. അതുകൊണ്ട് തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന എത്തിക്കണമെന്ന് ജനപ്രതിനിധികളും സര്‍ക്കാരും ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇതിന് പിന്നാലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായ ദുഷ്പ്രചരണങ്ങളാണ് നടക്കുന്നത്. ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്ന പണം അത് അര്‍ഹതപ്പെട്ടവരിലേക്ക് എത്തുന്നില്ലെന്നും അധികൃതര്‍ ആ പണം ദുരുപയോഗം ചെയ്യുകയാണെന്നുമാണ് പ്രചരണം. ദുരിതാശ്വാസ നിധിയിലേക്ക് ആരും സംഭാവന നല്‍കരുതെന്നും ഇക്കൂട്ടര്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ഇതെല്ലാം വെറും പ്രചരണങ്ങള്‍ മാത്രമാണ്.
സുതാര്യം
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കെത്തുന്ന ഫണ്ട് കൈകാര്യം ചെയ്യുന്നതിനുള്ള ചുമതല ധനകാര്യവകുപ്പ് സെക്രട്ടറിക്കാണ്. എസ്ബിഐ തിരുവനന്തപുരം മെയിന്‍ ബ്രാഞ്ചിലേക്കാണ് ഈ പണമെത്തുന്നത്. ഗുണഭോക്താക്കളിലേക്ക് പണം നല്‍കുന്നതും ഇതേ അക്കൗണ്ട് വഴിയാണ്. ഗുണഭോക്താക്കള്‍ക്ക് നേരിട്ട് ഈ അക്കൗണ്ട് വഴി പണം കൈമാറുന്നതുകൊണ്ട് തന്നെ ആര്‍ക്കും ഒരുതരത്തിലുള്ള ക്രമക്കേടും നടത്താന്‍ സാധിക്കില്ല.
Also Read: Wayanad Landslide: സുരേഷ് ഗോപി എവിടെ? കേരളത്തില്‍ നിന്നുള്ള ഏക ബിജെപി എംപിയെ തേടി സോഷ്യല്‍ മീഡിയ
ഈ ഫണ്ട് കൈകാര്യം ചെയ്യുന്നത് ധനകാര്യവകുപ്പ് സെക്രട്ടറിയാണെങ്കിലും ഫണ്ടിന്റെ നിയന്ത്രണം റവന്യൂ വകുപ്പിനാണ്. സിഎംഡിആര്‍ഫിന്റെ ബാങ്ക് അക്കൗണ്ട് ചുമതല നല്‍കിയിട്ടുണ്ട് എന്നതിനപ്പുറം ധനകാര്യ സെക്രട്ടറിക്ക് സ്വന്തം ഇഷ്ടത്തിന് ഒരു രൂപപോലും വിനിയോഗിക്കാനോ കൈമാറ്റം ചെയ്യോനോ സാധിക്കില്ല. റവന്യൂ സെക്രട്ടറി പുറപ്പെടുവിക്കുന്ന സര്‍ക്കാര്‍ ഉത്തരവുകള്‍ പ്രകാരമാണ് ഗുണഭോക്താക്കള്‍ക്ക് പണം നല്‍കുന്നതും അത് സംസ്ഥാനത്തെ പഴയപടിയാക്കുന്നതിന് ഉപയോഗിക്കുന്നതും.
ഈ തുകയുടെ എല്ലാവിധ വിശദാംശങ്ങളും പൊതുജനത്തിന് സിഎംഡിആര്‍എഫിന്റെ വെബ്‌സൈറ്റ് (https://donation.cmdrf.kerala.gov.in/#) വഴി പരിശോധിക്കാവുന്നതാണ്. ഇനി അതില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കണമെങ്കില്‍ വിവരാവകാശ നിയമപ്രകാരം അപേക്ഷിക്കാവുന്നതാണ്. മാത്രമല്ല, ഈ അക്കൗണ്ട് കണ്‍ട്രോളര്‍ ആന്റ് അക്കൗണ്ടന്റ് ജനറലിന്റെ ഓഡിറ്റിന് വിധേയവുമാണ്. കൂടാതെ ഈ ഫണ്ടിന്റെ കണക്ക് സര്‍ക്കാര്‍ നിയമസഭയില്‍ അവതരിപ്പിക്കേണ്ടതുമാണ്.
കണക്കുകള്‍ ഇങ്ങനെ
പ്രളയം, കൊവിഡ് മഹാമാരി എന്നിവയുമായി ബന്ധപ്പെട്ട് ദുരിതാശ്വാസ നിധിയില്‍ ലഭിച്ച പണത്തിന്റെയും അതില്‍ നിന്ന് എത്ര രൂപ വിനിയോഗിച്ചു എന്നതിന്റെയും വിവരങ്ങള്‍ വെബ്സൈറ്റില്‍ നല്‍കിയിട്ടുണ്ട്. 1130.67 കോടി രൂപയാണ് കൊവിഡുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിയിലേക്ക് ലഭിച്ചത്. ഇതില്‍ 1058.22 കോടി രൂപ ദുരിതബാധിതര്‍ക്ക് വിതരണം ചെയ്തുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
- 2018ലെയും 2019ലെയും പ്രളയത്തില്‍ ലഭിച്ചത് 4970.29 രൂപയാണ്. ഇതില്‍ നിന്ന് 4724.83 കോടി രൂപയും വിതരണം ചെയ്തു.
- ഇ പെയ്മെന്റിലൂെപൊതുജനങ്ങളില്‍ നിന്ന് ലഭിച്ചത്- 230 കോടി
- പൊതുജനങ്ങളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും സാലറി ചലഞ്ച് വഴിയും അല്ലാതെയുമായി ലഭിച്ചത്- 3013 കോടി
- സര്‍ക്കാര്‍ ജീവനക്കാരുടെ സാലറി ചലഞ്ചിലൂടെ ലഭിച്ചത്- 1246 കോടി
- ഫെസ്റ്റിവല്‍ അലവന്‍സ്- 117 കോടി
- കെയര്‍ ഹോം പദ്ധതിക്ക് വേണ്ടി സംസ്ഥാന സഹകരണ വകുപ്പ് ആകെ സമാഹരിച്ചത്- 52 കോടി
- മദ്യത്തിന് അധിക നികുതി ചുമത്തിയത് വഴി ലഭിച്ചത്- 308 കോടി
ചിലവഴിച്ചത് ഇങ്ങനെ
- 2018ലെ പ്രളയം ബാധിച്ച കുടുംബങ്ങള്‍ക്ക് അടിയന്തിര സാമ്പത്തിക സഹായമായി 6200 രൂപ വീതം നല്‍കിയത് വഴി ആകെ അനുവദിച്ചത്- 457.58 കോടി
- വീടും ഭൂമിയും നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് സാമ്പത്തിക ധനസഹായം നല്‍കുന്നതിനായി ചിലവഴിച്ചത്- 2503.51 കോടി
- പ്രളയബാധിതര്‍ക്ക് കിറ്റ് നല്‍കാനായി കേരള സിവില്‍ സപ്ലൈസ് കോര്‍പറേഷന് അനുവദിച്ചത്- 54.46 കോടി
- പ്രളയം ബാധിച്ച കര്‍ഷകര്‍ക്ക് കൃഷി വകുപ്പ് വഴി നല്‍കിയത്- 54 കോടി
- പ്രളയബാധിതര്‍ക്ക് അരി വിതരണം ചെയ്യാന്‍ സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന് അനുവദിച്ചത്- 9.4 കോടി
- ഡയറക്ടറേറ്റ് ഓഫ് അഗ്രികള്‍ച്ചര്‍ വഴി അനുവദിച്ചത്- 85.6 കോടി
- കെയര്‍ ഹോം പദ്ധതിയിലൂടെ വീട് വെച്ച് നല്‍കാനായി നീക്കി വെച്ചത്- 52.69 കോടി
- കുടുംബശ്രീക്കായി നീക്കിവെച്ചത്- 336 കോടി
- ചെറുകിട സംരംഭകര്‍ക്ക് സാമ്പത്തിക സഹായം നല്‍കാനായി നീക്കി വെച്ചത്- 26.3 കോടി
- കേരള ദുരന്ത നിവാരണ അതോറിറ്റിക്ക് അനുവദിച്ചത്- 10 കോടി
- ദുരിത ബാധിത മേഖലയിലെ വിദ്യാര്‍ഥികള്‍ക്ക് പഠന പുസ്തകങ്ങള്‍ ലഭ്യമാക്കുന്നതിനായി അനുവദിച്ചത്- 47 ലക്ഷം
- ഉജ്ജീവന്‍ പദ്ധതി ചെറുകിട വ്യവസായികള്‍ക്കുള്ള സഹായ വിതരണത്തിനായി അനുവദിച്ചത്- 26 കോടി
- പുനര്‍ഗേഹം പദ്ധതിക്കായി അനുവദിച്ചത്- 250 കോടി
- ഓണ സമയത്ത് സിവില്‍ സപ്ലൈസിന് അനുവദിച്ചത്- 30 കോടി
- സിഎംഎല്‍ആര്‍ആര്‍പിയുടെ ഭാഗമായി റോഡ് നിര്‍മാണത്തിനായി ചിലവഴിച്ചത്- 788 കോടി
- വ്യവസായ ക്ഷേമ ബോര്‍ഡിന് അനുവദിച്ചത്- 5 കോടി
- കാരുണ്യ വഴി മരുന്ന് വിതരണത്തിനായി അനുവദിച്ചത്- 2.87 കോടി