M R Ajithkumar: ADGPയെ കൈവിടുമോ? ക്ലിഫ് ഹൗസിൽ ഡിജിപി-മുഖ്യമന്ത്രി കൂടിക്കാഴ്ച; എംആര്‍ അജിത് കുമാര്‍ അവധിയിലേക്ക്
MR Ajithkumar: എം ആർ അജിത് കുമാറിനെതിരായ രാഷ്ട്രീയ ആരോപണങ്ങൾക്കിടെ ക്ലിഫ് ഹൗസിൽ അതി നിർണായക കൂടിക്കാഴ്ച. ഡിജിപി, ക്രെെംബ്രാഞ്ച് എഡിജിപി എന്നിവർക്കൊപ്പം മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയും ഉണ്ടായതായാണ് സൂചന.
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും പൊലീസ് മേധാവി ഷെയ്ഖ് ദർവേശ് സാഹിബും ക്ലിഫ് ഹൗസിൽ കൂടിക്കാഴ്ച നടത്തി. എഡിജിപി എം. ആർ അജിത്കുമാറുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് നിർണ്ണായക ചർച്ച. ക്രെെംബ്രാഞ്ച് ഡിജിപി എച്ച്. വെങ്കിടേഷിനെയും ക്ലിഫ് ഹൗസിലേക്ക് വിളിപ്പിച്ചുവരുത്തി. ഏകദേശം ഒരു മണിക്കൂറോളം കൂടിക്കാഴ്ച നീണ്ടുനിന്നതായാണ് വിവരം.
സംസ്ഥാനത്തിന്റെ ക്രമസമാധന ചുമതലയുള്ള എഡിജിപി ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. പൊലീസിലെ കാവിവത്കരണം എന്ന ആക്ഷേപം ഇടതുമുന്നണിക്ക് ഉള്ളിൽ നിന്ന് തന്നെ ഉയരുന്ന സാഹചര്യത്തിൽ എംആർ അജിത്ത് കുമാറിനെ പദവിയിൽ നിന്ന് മാറ്റി നിർത്തണമെന്ന ആവശ്യം ഉയരുന്നുണ്ട്. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി റിപ്പോർട്ട് ലഭിക്കുന്നതിന് മുമ്പേ വിഷയത്തിൽ നടപടി എടുക്കണമെന്നാണ് ആവശ്യം.
സംഭവം വിവാദമായതോടെ ആർഎസ്എസ് ജനറൽ സെക്രട്ടറിയെ കണ്ടെന്ന് അജിത് കുമാറും സമ്മതിച്ചു. സുഹൃത്ത് ജയകുമാറിന്റെ ക്ഷണപ്രകാരം നടത്തിയ സ്വകാര്യ കൂടിക്കാഴ്ചയാണെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന് എഡിജിപി നൽകിയ വിശദീകരണം. പാറമേക്കാവ് വിദ്യാമന്ദിറിൽ 2023 മെയ് 22ന് നടന്ന ആർഎസ്എസ് ക്യാമ്പിനിടെയായിരുന്നു കൂടിക്കാഴ്ച. തിരുവനന്തപുരത്ത് വച്ച് മുതിർന്ന ആർഎസ്എസ് നേതാവ് റാം മാധവുമായും അജിത്ത് കുമാർ കൂടിക്കാഴ്ച നടത്തിയിരുന്നു.
അതേസമയം, വിവാദങ്ങള്‍ക്കും ആരോപണങ്ങള്‍ക്കുമിടെ എഡിജിപി എംആര്‍ അജിത്ത് കുമാര്‍ അവധിയിൽ പ്രവേശിക്കും. സെപ്റ്റംബര്‍ 14 മുതല്‍ 17വരെ സ്വകാര്യ ആവശ്യത്തിനായി നൽകിയ അവധി അപേക്ഷയ്ക്കാണ് ആഭ്യന്തര വകുപ്പ് അനുമതി നല്‍കിയത്. മുഖ്യമന്ത്രിക്ക് വേണ്ടി എഡിജിപി ആർഎസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്ന വിവരം പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് പുറത്തുവിട്ടത്. ആഭ്യന്തര വകുപ്പ് കൂടിക്കാഴ്ച നിഷേധിച്ചാൽ കൂടുതൽ തെളിവുകൾ പുറത്തുവിടുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു.
എഡിജിപിക്കെതിരായ അന്വേഷണത്തിന് പ്രത്യേക സംഘത്തെയാണ് സർക്കാർ നിയോഗിച്ചിട്ടുള്ളത്. ഡിജിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആരോപണം അന്വേഷിക്കുന്നത്. ആരോപണത്തിൽ വിശദമായ അന്വേഷണം വേണെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് എം.ആർ അജിത് കുമാർ വ്യക്തമാക്കിയത്. എന്നാല്‍, പദവിയിൽ നിന്ന് മാറ്റിനിര്‍ത്താതെയാണ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത്.
ഭരണകക്ഷി എംഎൽഎയായ പിവി അൻവറാണ് എഡിജിപിക്കെകതിരെ ഗുരുതര ആരോപണങ്ങൾ ഉയർത്തിയത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിലെ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിയെ ജയിപ്പിക്കാനായി എഡിജിപി പൂരം അട്ടിമറിച്ചെന്ന് പിവി അൻവർ ആരോപിച്ചിരുന്നു.ഫോൺ ചോർത്തൽ, കൊലപാതകം , സ്വർണ്ണക്കടത്ത് സംഘമായുള്ള ബന്ധം അടക്കം ഗുരുതര ആരോപണങ്ങളാണ് അജിത് കുമാറിന് നേരെ ഉയർന്നത്. ഈ ആരോപണത്തിന് പുറമെ കൂടിക്കാഴ്ച, പൂരം അട്ടിമറി, ആർഎസ്എസ് ഇടപെടൽ എന്നിവയും അന്വേഷിക്കും. ഈ സാഹചര്യത്തിലാണ് എഡിജിപി അവധിയിൽ പ്രവേശിക്കുന്നത്.
മുൻ മലപ്പുറം എസ്പി സുജിത്ത് ദാസിനെ പി വി അൻവറിന്റെ ആരോപണത്തെ തുടർന്ന് സസ്പെൻഡ് ചെയ്തിരുന്നു. എം ആർ അജിത് കുമാറിനെതിരെ നടപടിയെടുക്കാത്തത് വലിയ വിമർശനങ്ങൾക്കാണ് വഴിയൊരുക്കിയത്.