Chelembra Bank Robbery: സന്തോഷ് എന്ന പോലീസുകാരന് ആ നമ്പർ കിട്ടി; ബാബുവിനോട് വേരിഫിക്കേഷനെത്താൻ നിർദ്ദേശം, എന്നാൽ? ചേലേമ്പ്ര ബാങ്ക് കവര്‍ച്ചയുടെ ട്വിസ്റ്റ്
Chelembra Bank Robbery Case Complete Details: ഡോഗ് സ്വാഡിലെ ബ്ലാക്കി എന്ന നായയെ കൊണ്ടുവന്ന് സംഭവസ്ഥലം മണപ്പിക്കുന്നു. തറയില്‍ കിടന്ന ചെരുപ്പ് മണത്തുനോക്കിയ ശേഷം ബ്ലാക്കി പുറത്തേക്കോടി. പോലീസുകാരും നാട്ടുകാരും ഓടി. മെയിന്‍ റോഡിലൂടെ ഓടിയെ ബ്ലാക്കി പിന്നീട് ഒരു ഇടറോഡിലേക്ക് കയറി നേരെ ചെന്നുനിന്നത് ഒരു പണി നടക്കുന്ന ഇരുനില കെട്ടിടത്തിന് മുന്നിലാണ്.
കൈ മെയ് മറന്ന് കേരളാ പോലീസ് ആഞ്ഞ് പിടിച്ചാല്‍ ഏത് കൊടികെട്ടിയ പ്രതിയും മുട്ടുമടക്കേണ്ടി വരുമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് മലപ്പുറം ചേലമ്പ്രയിലെ ബാങ്ക് കവര്‍ച്ച. ചേലേമ്പ്ര ബാങ്ക് മോഷണത്തിലെ പ്രതികളെ കണ്ടെത്താന്‍ കേരളാ പോലീസിന് വേണ്ടി വന്നത് 56 ദിവസമാണ്. ഇന്ത്യന്‍ മണി ഹെയ്സ്റ്റ് എന്ന പേരിൽ പിൽക്കാലത്ത് എഴുത്തുകാരൻ അനിർഭൻ ഭട്ടാചാര്യ പുസ്തകമാക്കിയ സംഭവം കൂടിയായിരുന്നു ഇത്. ദേശീയ ശ്രദ്ധ വരെ ആകർഷിച്ച പ്രമാദമായ കവർച്ച തെളിയിച്ചത് കേരളാ പോലീസിൻ്റെ പൊൻതൂവലാണ് ഇന്നും.
ആ ഫോൺ കോൾ..
2007 ഡിസംബര്‍ 31ന് രാവിലെ, മലപ്പുറം എസ്പി പി വിജയന്‍ ഐപിഎസിന്റെ ഫോണിലേക്ക് തേഞ്ഞിപ്പലം എസ് ഐ ജോണ്‍സണിന്റെ ഒരു സന്ദേശം വരുന്നു. തന്നെ ചേലേമ്പ്ര ഗ്രാമീണ ബാങ്ക് മാനേജര്‍ വിളിച്ചിരുന്നുവെന്നും അദ്ദേഹം രാവിലെ വന്ന് ബാങ്ക് തുറന്നപ്പോള്‍ നിലത്തെല്ലാം പൊടിയുണ്ടായിരുന്നതായി പറഞ്ഞുവെന്നും ജോണ്‍സണ്‍ എസ്പിയെ അറിയിച്ചു. വിശദമായ പരിശോധന നടത്താന്‍ നിര്‍ദേശിച്ച് ഇരുവരും കോള്‍ അവസാനിപ്പിച്ചു.
പിന്നീട് കൃത്യം അരമണിക്കൂറിന് ശേഷം ജോണ്‍സണ്‍ വീണ്ടും വിളിക്കുന്നു. ചേലേമ്പ്രയില്‍ നടന്നത് ഒരു റോബറിയാണ്, അതും തറ തുരന്ന്. ബാങ്ക് മാനേജര്‍ പറയുന്നത് അനുസരിച്ച് 5 കോടിയുടെ എങ്കിലും നഷ്ടമുണ്ടെന്ന് വേണം അനുമാനിക്കാനെന്നും ജോണ്‍സണ്‍ എസ്പി വിജയനെ അറിയിച്ചു. അന്ന് പതിനായിരത്തിന് മുകളില്‍ ആളുകള്‍ക്കായിരുന്നു ബാങ്കില്‍ അക്കൗണ്ട് ഉണ്ടായിരുന്നത്. ബാങ്ക് കൊള്ളയടിക്കപ്പെട്ടു എന്ന വാര്‍ത്ത കാട്ടുതീ പോലെ പരന്നു. ബാങ്കില്‍ അക്കൗണ്ട് ഉണ്ടായിരുന്നവരെല്ലാം എന്തുസംഭവിച്ചു എന്നറിയാന്‍ ബാങ്കിന് ചുറ്റും തടിച്ചുകൂടി. അന്നവിടെ അക്കൗണ്ട് ഉണ്ടായിരുന്നവരില്‍ ഭൂരിഭാഗം പേരും സാധാരണക്കാരായിരുന്നു. പണയം വെച്ച സ്വര്‍ണവും ചെറിയ നിക്ഷേപങ്ങളെല്ലാം നഷ്ടപ്പെട്ടുവെന്നത് അവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നതിനും അപ്പുറമായിരുന്നു.
എന്നാല്‍ 5 കോടിയല്ല നഷ്ടപ്പെട്ടതെന്ന് പിന്നീട് നടത്തിയ പരിശോധനയില്‍ കണ്ടെത്തി. പ്രതികളെ കണ്ടെത്താന്‍ ഒരു തരത്തിലുള്ള തെളിവും അവിടെ അവശേഷിച്ചിരുന്നില്ല. പോലീസിനെ സംബന്ധിച്ച് അന്വേഷണം തുടങ്ങാന്‍ പോകുന്നത് വെറും ശൂന്യതയില്‍ നിന്ന്. എവിടെ തുടങ്ങണം എന്ത് ചെയ്യണമെന്ന് ആലോചിച്ച് തുടക്കത്തില്‍ ആശങ്ക ഉണ്ടായെങ്കിലും എല്ലാ ചിന്തകള്‍ക്കും വിരാമമിട്ട് ആ ശൂന്യതയില്‍ നിന്ന് തന്നെ അവര്‍ അന്വേഷണം ആരംഭിച്ചു. അന്വേഷണ സംഘത്തിന്റ തലവന്‍ എസ്പി വിജയന്‍ തന്നെയായിരുന്നു. അദ്ദേഹത്തിന് കീഴിലുള്ള സംഘത്തിലെ ഒന്നാമന്‍ പൊന്നാനി സിഐ പി വിക്രമന്‍, രണ്ടാമന്‍ വണ്ടൂര്‍ സിഐ എന്‍പി മോഹനചന്ദ്രന്‍, മൂന്നാമന്‍ ഡിവൈഎസ്പി ഷൗക്കത്തലി. ഇവര്‍ക്ക് കീഴില്‍ മറ്റ് പോലീസുകാരെയും അണിനിരത്തി അന്വേഷണസംഘം രൂപീകരിച്ചു.
ഇരുട്ടില്‍ തപ്പി പോലീസ്
കവര്‍ച്ച നടത്തിയത് തറ തുരന്നാണ് എന്നതുതന്നെയായിരുന്നു ആദ്യ തെളിവ്. എവിടെ നിന്ന് തുരന്നു, എന്ന സംശയം താഴെ നിര്‍മാണം നടന്നുകൊണ്ടിരുന്ന ഒരു റെസ്റ്റോറന്റിലേക്ക് നീണ്ടു. അന്വേഷണത്തിനായി എസ്പി ബാങ്ക് സന്ദര്‍ശിച്ച വേളയില്‍ തന്നെ താഴെയുള്ള റെസ്റ്റോറന്റിലും പരിശോധന നടത്തിയിരുന്നു. ഹോട്ടല്‍ സുഹൈമ എന്ന പേരിലായിരുന്നു ഹോട്ടല്‍. നിര്‍മാണം നടന്നുകൊണ്ടിരിക്കുകയാണെന്ന് മുന്നില്‍ ബോര്‍ഡ് എഴുതി തൂക്കിയിട്ടുമുണ്ട്. അടഞ്ഞുകിടന്ന മുറിയുടെ പൂട്ടുപൊളിച്ച് പോലീസ് അകത്തുകയറി. പൊടിപിടിച്ചുകിടക്കുന്ന ഫര്‍ണിച്ചറുകളായിരുന്നു ഉള്ളില്‍. ബാങ്കിന്റെ തറയില്‍ കണ്ട ദ്വാരം ലക്ഷ്യമാക്കി നടന്ന പോലീസ് കണ്ടത് ബാങ്കിലെ സ്‌ട്രോങ് റൂമാണ്. അവിടെ പാതിതുറന്ന ലോക്കറുകളും താഴെ നിന്ന് കാണാം. പൊളിക്കേണ്ട ഭാഗത്ത് തോട്ട വെച്ച് പൊട്ടിച്ചാണ് പ്രതികള്‍ ദ്വാരം നിര്‍മിച്ചത്. ദ്വാരത്തിന് താഴെ ഒരു ചില്ല് അലമാര വെച്ചിട്ടുണ്ട്. ഇതിന് മുകളില്‍ കസേരയിട്ട് കയറിയാണ് ഡ്രില്‍ ചെയ്ത് ദ്വാരമുണ്ടാക്കിയത്. വിരലടയാളമോ ഷൂ പ്രിന്റോ ഉണ്ടാവാതിരിക്കാന്‍ കവര്‍ച്ചയ്ക്ക് ശേഷം അവിടെയെല്ലാം പൊടി വിതറിയ ശേഷമാണ് പ്രതികള്‍ കടന്നത്.
ഒരു തെളിവുകളും അവശേഷിപ്പിക്കാതെ പ്രതികള്‍ കടന്നുകളഞ്ഞതുകൊണ്ട് തന്നെ അന്വേഷണസംഘവും ഒന്ന് പകച്ചു. വിചാരിച്ചതുപോലെ അത്ര സിമ്പിളായി കേസ് തെളിയിക്കാനാവില്ലെന്ന് അവര്‍ക്ക് മനസിലായി. വിരലടയാള വിദഗ്ധര്‍ നടത്തിയ പരിശോധനയില്‍ ഒന്നും തന്നെ കണ്ടെത്താനായില്ല. ഏത് ദിശയിലേക്ക് അന്വേഷണം വ്യാപിപ്പിക്കണം എന്നറിയാതെ വഴിമുട്ടിയ സമയത്താണ് ആ ദൃശ്യം വ്യക്തമായത്. ബില്‍ഡിങ്ങിലെ വെളുത്ത മാര്‍ബിളില്‍ ജയ് മാവോ എന്ന് എഴുതിവെച്ചിരിക്കുന്നു. ഇത് അന്വേഷണസംഘത്തിന് പുതിയ പ്രതീക്ഷ നല്‍കി. മാവോയിസ്റ്റുകള്‍ അവര്‍ക്ക് ഫണ്ട് സ്വരൂപിക്കാന്‍ വേണ്ടി കവര്‍ച്ച നടത്തിയതാകും എന്ന സംശയമുദിച്ചു.
അങ്ങനെ ഡോഗ് സ്വാഡിലെ ബ്ലാക്കി എന്ന നായയെ കൊണ്ടുവന്ന് സംഭവസ്ഥലം മണപ്പിക്കുന്നു. തറയില്‍ കിടന്ന ചെരുപ്പ് മണത്തുനോക്കിയ ശേഷം ബ്ലാക്കി പുറത്തേക്കോടി. കൂടെ പോലീസുകാരും നാട്ടുകാരും ഓടി. മെയിന്‍ റോഡിലൂടെ ഓടിയെ ബ്ലാക്കി പിന്നീട് ഒരു ഇടറോഡിലേക്ക് കയറി നേരെ ചെന്നുനിന്നത് ഒരു പണി നടക്കുന്ന ഇരുനില കെട്ടിടത്തിന് മുന്നിലാണ്. എന്നാല്‍ കെട്ടിടത്തില്‍ ആരുമുണ്ടായിരുന്നില്ല.
നഷ്ടം ചില്ലറയല്ല
5 കോടിയല്ല നഷ്ടപ്പെട്ടത്, 9 കോടിയുടെ സ്വര്‍ണമാണ് നഷ്ടപ്പെട്ടതെന്ന് ബാങ്ക് ഓഫീസര്‍, എസ്പി വിജയനെ അറിയിച്ചു. തങ്ങള്‍ അന്വേഷിക്കാന്‍ പോകുന്നത് നിസാര കേസല്ല എന്നത് പോലീസിന് മുന്നില്‍ ഏറെ വെല്ലുവിളികള്‍ ഉയര്‍ത്തിയിരുന്നു. പത്രങ്ങളിലും ടെലിവിഷന്‍ ചാനലുകളിലും സംഭവവുമായി ബന്ധപ്പെട്ട് പല കഥകളും പ്രചരിച്ച് തുടങ്ങി. എങ്ങനെ എങ്കിലും പ്രതികളെ കണ്ടെത്തേണ്ടത് പോലീസിന്റെ അഭിമാന
പ്രശ്നമായി മാറി.
അന്വേഷണത്തിന്റെ അടുത്തഘട്ടമായി കെട്ടിടത്തിന്റെ ഉടമയെ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തി. തന്റെയും തന്റെ അളിയന്റെയും ഉടമസ്ഥതയിലുള്ളതാണ് കെട്ടിടമെന്നും 2007ലാണ് ബാങ്കിന് റൂം കൈമാറിയതെന്നും കെട്ടിട ഉടമയായ കൂഞ്ഞിതുഹാജി എസ്പിയെ അറിയിച്ചു. താഴെയുള്ള നില ആര്‍ക്കാണ് നല്‍കിയത് എന്ന ചോദ്യത്തിന് പലയാളുകള്‍ക്ക് വാടകയ്ക്ക് നല്‍കിയിരുന്നു എന്നായിരുന്നു ഹാജിയാരുടെ മറുപടി. തങ്ങള്‍ക്ക് വേണ്ട വിവരങ്ങള്‍ ഹാജിയാര്‍ക്ക് നല്‍കാന്‍ സാധിക്കുന്നില്ല എന്ന് മനസിലായതോടെ ഹാജിയാരെ വിട്ടയക്കുന്നു. അങ്ങനെ ഹോട്ടല്‍ രണ്ടാം തവണ വാടകയ്‌ക്കെടുത്ത മൊയ്തീന്‍ കുട്ടി ഹാജിയെ വിളിച്ചുവരുത്തി. ഇവിടെയാണ് കേസിന്റെ ഏറ്റവും വലിയ വഴിതിരിവ് സംഭവിക്കുന്നത്. തനിക്ക് ഹോട്ടല്‍ നടത്തികൊണ്ടുപോകാന്‍ സാധിക്കാതിരുന്ന സമയത്താണ് ബാബു എന്ന പേരില്‍ ഒരാള്‍ തന്നെ സമീപിച്ചത്. ഹോട്ടല്‍ നടത്തി നല്ല പരിചയമുണ്ടെന്നും പാര്‍ട്ണര്‍ഷിപ്പ് ആയി ഹോട്ടല്‍ നടത്തികൂടെയെന്നും ബാബു തന്നോട് ചോദിച്ചു. എന്നാല്‍ ആ ഓഫര്‍ താന്‍ നിരസിക്കുകയായിരുന്നുവെന്നും മൊയ്തീന്‍കുട്ടി ഹാജി പറഞ്ഞു.
പിറ്റേന്ന് ഇങ്ങനെ ഒരാള്‍ തന്നെ സമീപിച്ചിരുന്നുവെന്ന് മൊയ്തീന്‍കുട്ടി ഹാജി കുഞ്ഞീതുഹാജിയെ അറിയിച്ചു. ബാബുവിനോട് ഡിസംബറില്‍ തന്നെ വന്ന് കാണാന്‍ പറയൂവെന്ന് കുഞ്ഞീതുഹാജി മൊയ്തീന്‍കുട്ടി ഹാജിയോട് പറഞ്ഞു. ഇക്കാര്യം ബാബുവിനോട് അദ്ദേഹം പറയുകയും ചെയ്തു. അങ്ങനെ ഡിസംബര്‍ 10ന് ബാബു കെട്ടിടം വാടകയ്‌ക്കെടുത്തു.
തെളിവുകള്‍ ഇങ്ങനെ
കെട്ടിടം വാടകയ്ക്ക് കൊടുക്കുക മാത്രമല്ല ബാബുവിന് മറ്റൊരു സൗകര്യം കൂടി കുഞ്ഞീതുകുട്ടിഹാജി ചെയ്തുകൊടുത്തിരുന്നു. ഫാസ്റ്റ്ഫുഡ് ഹോട്ടല്‍ നടത്തി പൂട്ടിപോയ തന്റെ സ്‌നേഹിതന്റെ മകന്റെ ഷവര്‍മ ഗ്രില്‍ ബാബുവിനോട് ഏറ്റെടുക്കാമോ എന്ന് അദ്ദേഹം ചോദിച്ചു. ഈ സമയത്തൊന്നും കുഞ്ഞീതുകുട്ടി ഹാജി ബാബുവിന്റെ നമ്പര്‍ തന്റെ ഫോണ്‍ബുക്കില്‍ സേവ് ചെയ്തിരുന്നില്ല. അങ്ങനെ കുഞ്ഞീതുകുട്ടിഹാജിയും ബാബുവും കൂടി ഷവര്‍മ ഗ്രില്‍ വാങ്ങിക്കാനായി കുഞ്ഞീതുകുട്ടി ഹാജിയുടെ സ്‌നേഹിതന്റെ മകന്റെ അടുത്തെത്തി. 90,000 രൂപയാണ് അന്ന് അദ്ദേഹം അതിന് വില പറഞ്ഞത്. എന്നാല്‍ അത് നല്‍കാന്‍ സാധിക്കില്ലെന്നും ഉപയോഗിച്ച് നോക്കാതെ പണം തരാന്‍ സാധിക്കില്ലെന്നും ബാബു പറഞ്ഞു. ഗ്രില്‍ ഉടമ ബാബുവുമായുള്ള കച്ചവടം തന്റെ ഡ്രൈവറായ ഉസ്മാനെ ഏല്‍പ്പിച്ചു. ഉസ്മാന്‍ ബാബുവിന്റെ നമ്പറും കാറിന്റെ നമ്പറും സേവ് ചെയ്ത് വെച്ചിരുന്നു.
ഉസ്മാനില്‍ നിന്ന് ഇക്കാര്യങ്ങള്‍ എല്ലാം അറിഞ്ഞതോടെ പോലീസിന് ലഭിച്ചത് നാല് സുപ്രധാന വിവരങ്ങളാണ് ആളുടെ പേര്, രൂപം, വാഹന നമ്പര്‍, ഫോണ്‍ നമ്പര്‍. എന്നാല്‍ ആ ഫോണ്‍ സംഭവം നടന്ന അന്നുമുതല്‍ സ്വിച്ച് ഓഫ് ആയിരുന്നു. പോലീസിന്റെ അന്വേഷണം വഴിമുട്ടി. ബാബുവിന്റെ സ്‌കെച്ച് ഉസ്മാന്റെയും മറ്റ് രണ്ടുപേരുടെയും സഹായത്തോടെ തയാറാക്കി. എല്ലാ പത്രങ്ങളിലും ഈ സ്‌കെച്ച് അച്ചടിച്ച് വന്നു. ബാബു ഉപയോഗിച്ച നമ്പര്‍ രജിസ്റ്റര്‍ ചെയ്തത് മലപ്പുറത്തുള്ള രാധാകൃഷ്ണന്‍ എന്നയാളുടെ പേരിലായിരുന്നു. ഇതില്‍ നിന്ന് ആകെ വിളിച്ചിട്ടുള്ളത് കുഞ്ഞീതുകുട്ടി ഹാജിക്കും ഉസ്മാനും മൊയ്തീന്‍ കുട്ടി ഹാജിക്കും. പിന്നെ മറ്റൊന്ന് ആന്ധ്രയിലെ നെല്ലൂരില്‍ നിന്നുള്ള ഒരു കോളാണ്. ആ ഫോണില്‍ നിന്ന് ഇത്ര കുറച്ച് കോളുകള്‍ മാത്രം പോയത് കൊണ്ട് ഇയാള്‍ക്ക് മറ്റൊരു ഫോണ്‍ കൂടിയുണ്ടെന്ന് പോലീസ് ഉറപ്പിച്ചു. അങ്ങനെ മലപ്പുറം വെള്ളിപ്പറമ്പില്‍ ചെന്ന് ബാബുവിന് ഫോണെടുക്കാന്‍ ഐഡി കൊടുത്ത രാധാകൃഷ്ണനെ പോലീസ് കണ്ടെത്തുന്നു. അയാളെ കസ്റ്റഡിയിലെടുത്തു, രാധാകൃഷ്ണനാണ് ബാബുവെന്ന് പോലീസ് ആദ്യം സംശയിച്ചിരുന്നു. എന്നാല്‍ കുഞ്ഞീതുകുട്ടി ഹാജി അയാളല്ല ബാബുവെന്ന് സ്ഥിരീകരിച്ചു.
എന്നാല്‍ ഫോണ്‍ നമ്പറുള്‍പ്പെടെ വെറും 200 രൂപയ്ക്ക് താന്‍ വിറ്റതാണെന്ന് രാധാകൃഷ്ണന്‍പറഞ്ഞു. രാധാകൃഷ്ണന്‍ ഫോണ്‍ വിറ്റഴിച്ച സൂര്യ മൊബൈല്‍സില്‍ നിന്നും പോലീസിന് വീണ്ടും തുമ്പ് കിട്ടുന്നു. ആ ഫോണ്‍, കടയില്‍ നിന്ന് വാങ്ങുന്നത് കുറ്റിമീശയുള്ള തൊപ്പി വെച്ച ഒരാളായിരുന്നുവെന്ന് കടക്കാരന്‍ പറഞ്ഞു. ബാബുവിന്റെ കൈവശം രണ്ടാമതൊരു ഫോണ്‍ ഉണ്ടായിരുന്നുവെന്നും ഇതില്‍ കോള്‍ വരുമ്പോള്‍ ബാബു മാറിനിന്ന് സംസാരിക്കാറുണ്ടായിരുന്നുവെന്നും മൊയ്തീനും കുഞ്ഞീതുവും ഉസ്മാനുമെല്ലാം സ്ഥിരീകരിച്ചു. എന്നാല്‍ രണ്ടാമതുള്ള ഈ ഫോണ്‍ കണ്ടെത്താന്‍ പോലീസിന് സാധിച്ചില്ല.
അന്വേഷണം വഴിതിരിവിലേക്ക്
അന്വേഷണത്തിന്റെ ഇടക്ക് 2008 ജനവുരി 11ന് സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ ഡിവൈഎസ്പിയായിരുന്ന കെ മനോഹരകുമാറിന്റെ ഫോണിലേക്ക് ഒരു കോള്‍ വരുന്നു. അതൊരു ഹൈദരാബാദ് നമ്പറായിരുന്നു. ഞാന്‍ ഹൈദരാബാദില്‍ നിന്നാണ് വിളിക്കുന്നത് ഇവിടെ രണ്ടുപേര്‍ ലക്കിടിക്കാ പൂളിലുള്ള ഡെക്കാന്‍ റെസിഡന്‍സി ഹോട്ടലിലേക്ക് രണ്ട് ബാഗുമായി കയറി പോകുന്നത് കണ്ടു. എന്നാല്‍ അവര്‍ തിരിച്ചിറങ്ങിയപ്പോള്‍ ആ ബാഗ് കയ്യില്‍ കണ്ടില്ല. അതില്‍ ഒരാളുടെ രൂപം പത്രത്തില്‍ കണ്ടതുപോലെ ആണെന്നും ഇവര്‍ ചേലേമ്പ്ര മോഷണ കേസിലെ പ്രതികളാണെന്ന് സംശയമുണ്ടെന്നും അയാള്‍ പറഞ്ഞു. ആ സന്ദേശം പോലീസിനെ കൊണ്ടുചെന്നെത്തിച്ചത് ഡെക്കാന്‍ റെസിഡന്‍സിയിലെ 413ാം നമ്പര്‍ മുറിയിലേക്കാണ്. മുറിക്കുള്ളിലുണ്ടായിരുന്ന രണ്ട് എയര്‍ബാഗുകളില്‍ നിന്നായി 53 പാക്കറ്റുകളിലായി സൂക്ഷിച്ച സ്വര്‍ണം അവര്‍ക്ക് കണ്ടെടുക്കാന്‍ സാധിച്ചു. ഇതേ ബാഗിനുള്ളില്‍ നിന്ന് ഒരു തെലുഗ് പത്രവും പോലീസിന് ലഭിച്ചു. ആ പത്രത്തിലും ജയ് മാവോ എന്നെഴുതിയിട്ടുണ്ടായിരുന്നു.
ഈ ബാഗുകളില്‍ ഗ്രാമീണ ബാങ്കിന്റെ ചേളാരി, രാമനാട്ടുകര ബ്രാഞ്ചുകളുടെ താക്കോലും കറുത്തതൊപ്പിയും ഉണ്ടായിരുന്നു. ഇതോടെ അടുത്ത സംശയം രൂപപ്പെട്ടു. സംഘത്തിന്റെ അടുത്തലക്ഷ്യം ഈ ബ്രാഞ്ചുകളാണോ എന്ന്. ജയ് മാവോ എന്ന് തെലുഗ് പത്രത്തിലുള്‍പ്പെടെ എഴുതിയതിലൂടെ മോഷണം നടത്തിയത് മാവോയിസ്റ്റുകളാണെന്ന് വരുത്തിതീര്‍ക്കാനാണ് പ്രതികള്‍ ശ്രമിച്ചത്. എന്നാല്‍ നെല്ലൂരിലെ എസ്‌ഐ ആയിരുന്ന പ്രതാപന്‍ മാവോയിസ്റ്റുകളുടെ കംപ്ലീറ്റ് ഹിസ്റ്ററി അറിയുന്ന ഒരാളെ കേരള പോലീസിന് പരിചയപ്പെടുത്തികൊടുത്തു. അതോടെ മാവോയിസ്റ്റുകളല്ല കവര്‍ച്ചയ്ക്ക് പിന്നില്‍ എന്ന് തെളിഞ്ഞു.
5000 നമ്പറുകള്‍
ബാബുവിന്റെ മറ്റൊരു നമ്പര്‍ ഏതാണെന്ന് കണ്ടെത്താനുള്ള കഠിന പരിശ്രമത്തിലായിരുന്നു പോലീസ്. അങ്ങനെ സംശയം തോന്നിയ 5000 നമ്പറുകള്‍ വീതിച്ച് പല സിവില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കായി സൈബര്‍ സെല്‍ നല്‍കി. അങ്ങനെ സന്തോഷ് എന്ന പോലീസുകാരന്‍ തനിക്ക് കിട്ടിയ നമ്പറുകളില്‍ നിന്ന് ഒരു നമ്പറിലേക്ക് വിളിച്ചു. ഇത് യഥാര്‍ഥത്തില്‍ ബാബുവിന്റെ നമ്പറായിരുന്നു. അയാളോട് ഒരു വെരിഫിക്കേഷന് വേണ്ടിയാണെന്നും താങ്കള്‍ പോലീസ് സ്റ്റേഷനിലേക്ക് വരണമെന്നും സന്തോഷ് അറിയിച്ചു. എന്നാല്‍ താന്‍ നാട്ടിലില്ലെന്നും നാട്ടിലെത്തിയാല്‍ ഉടന്‍ വരാമെന്നും പറഞ്ഞ് ബാബു ഫോണ്‍ വെച്ചു. ഇതോടെ ആ നമ്പറും ബാബു ഉപേക്ഷിച്ചു. പുതിയ സിം എടുത്തു, എന്നാല്‍ അയാള്‍ ഉപേക്ഷിച്ച ആ സിം സ്വന്തം പേരിലുള്ളതായിരുന്നു. ഈ നമ്പര്‍ ഫോണിന്റെ ഐഎംഇഐ നമ്പറും സിം നമ്പറും അപ്പോഴേത്ത് പോലീസ് രേഖപ്പെടുത്തി കഴിഞ്ഞിരുന്നു. ഇതിനിടയ്ക്ക് ബാബു മോഷ്ടിച്ച സ്വര്‍ണത്തില്‍ നിന്ന് ഏകദേശം 8 കിലോയോളം സുഹൃത്ത് വഴി തമിഴ്നാട്ടിലെ ഒരാള്‍ക്ക് വിറ്റ് പണമാക്കി. ആ പണം കൊണ്ട് ഫ്ളാറ്റുകള്‍ ഉള്‍പ്പെടെയുള്ള പ്രോപ്പര്‍ട്ടികള്‍ വാങ്ങിച്ചു.
ബാബുവിന്റെ ഭാര്യ ഗര്‍ഭിണിയാണ്, ഇരുവരും കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ഭാര്യയെ കാണിക്കാന്‍ എത്തിയപ്പോഴേക്കും ബാബുവിന്റെ രണ്ടാം നമ്പറും ആളെയും പോലീസ് ട്രാക്ക് ചെയ്ത് കഴിഞ്ഞിരുന്നു. ഈ സമയത്ത് കേരള പോലീസിന്റെ ഒരു കൂട്ടം ഉദ്യോഗസ്ഥര്‍ ബാബുവിനെ ശരിക്കും പൂട്ടി. ബാങ്ക് മോഷണത്തിന് വേണ്ടി മാത്രം ഉപയോഗിച്ച ബാബുവെന്ന പേരിലേക്ക് പോലീസുകാര്‍ എങ്ങനെ എത്തിയെന്ന കാര്യത്തില്‍ ബാബു അമ്പരന്നു. ബാബുവല്ല, നമ്പറിന്റെ ഉടമയുടെ പേര് ജോസഫ് ആണെന്ന് കണ്ടെത്താന്‍ പോലീസിന് അധികം സമയം വേണ്ടിവന്നിരുന്നില്ല.
അറസ്റ്റിലായ പ്രതികൾ
ബാബു എന്ന ജോസഫ്
ജോസഫ്, ജോസഫാണ് കേസിലെ ബാബു പ്രതി. കോട്ടയം ജില്ലയില്‍ ജനിച്ച ജോസഫിന് അച്ഛനും അമ്മയും മരിച്ചതോടെ പത്താം ക്ലാസില്‍ വെച്ച് പഠനം നിര്‍ത്തേണ്ടിവന്നു. ഒരു ക്രിസ്തുമസ് രാത്രി പടക്കം മോഷ്ടിച്ചുകൊണ്ടാണ് ജോസഫ് മോഷണം ആരംഭിക്കുന്നത്. പിന്നീട് പലതരം മോഷണങ്ങള്‍. ഇങ്ങനെ പലതരത്തിലുള്ള കുറ്റകൃത്യങ്ങള്‍ നടത്തുന്നതിനിടെയാണ് കേസിലെ രണ്ടാം പ്രതിയായ ഷിബുവിനെ ജോസഫ് പരിചയപ്പെടുന്നത്. ഈ കാലയളവില്‍ തന്നെ കേസിലെ മൂന്നും നാലും പ്രതികളായ ദമ്പതികള്‍ രാധാകൃഷ്ണനെയും കനകേശ്വരിയെയും ജോസഫ് കണ്ടെത്തുന്നു. മദ്യ ലഹരിയിലായിരുന്ന സമയത്താണ് ബാങ്ക് കൊള്ളയടിക്കാം എന്ന ആശയം ജോസഫ് ഷിബുവിന് മുന്നില്‍ വെച്ചത്. നല്ലൊരു ബാങ്ക് നോക്കി കൊള്ളയടിക്കാം. എന്നിട്ട് സുഖമായി ജീവിക്കാം.
വിശ്വവിഖ്യാതമായ കവര്‍ച്ച
അങ്ങനെ നല്ലൊരു ബാങ്ക് കണ്ടെത്താന്‍ ഇരുവരും യാത്ര തുടങ്ങി. ആ യാത്രക്കൊടുവില്‍ ചേലേമ്പ്ര ബാങ്ക് കണ്ടെത്തുന്നു. പലതവണ ബാങ്കില്‍ കയറി ഇറങ്ങി, ബാങ്കില്‍ രാത്രി സെക്യൂരിറ്റി ഇല്ലായെന്ന് ഉറപ്പുവരുത്തുന്നു. ഒടുക്കം ഈ ബാങ്ക് തന്നെ മതിയെന്ന് ഉറപ്പിച്ചു. ഈ കൊള്ളയ്ക്ക് വേണ്ടിമാത്രം ജോസഫ് തെരഞ്ഞെടുത്ത പേരായിരുന്നു ബാബു എന്നത്. ഹോട്ടലിന് അഡ്വാന്‍സ് കൊടുക്കാനുള്ള പണം നല്‍കിയത് കനകേശ്വരിയാണ്. അങ്ങനെ ഹോട്ടല്‍ വാടകയ്‌ക്കെടുത്ത് അനുകൂലമായ അവസരത്തിന് വേണ്ടി അവര്‍ കാത്തിരുന്നു.
ബാങ്കിന് സമീപത്തുള്ള അമ്പലത്തില്‍ ഉത്സവത്തിന്റെ ഭാഗമായി നടന്ന വെടികെട്ടിനിടയില്‍ ഡ്രില്ലുകൊണ്ട് ബാങ്കിന്റെ തറ തുരന്നു. അമ്പലത്തിന്റെ ശബ്ദങ്ങളോട് സിങ്ക് ചെയ്തുകൊണ്ടായിരുന്നു ഇവരുടെ പ്രവര്‍ത്തനം. ആദ്യം തോട്ട വെച്ച് കോണ്‍ക്രീറ്റ് പൊളിക്കാന്‍ ശ്രമിച്ചെങ്കിലും ഇത് വിജയിച്ചില്ല. പിന്നീട് അലമാരയ്ക്ക് മുകളില്‍ കസേരയിട്ട് അതിന് മുകളില്‍ കയറി നിന്ന് ജോസഫ് തറതുരന്നു. ബാങ്കിന്റെ സ്‌ട്രോങ് റൂമിലേക്ക് കടന്ന ജോസഫിന് താഴെ നിന്ന് സഹായികള്‍ ഗ്യാസ് കട്ടര്‍ ഇട്ടുകൊടുത്തു. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് ലോക്കറുകളെല്ലാം തകര്‍ത്ത് സ്വര്‍ണം വെച്ച പാക്കറ്റുകള്‍ പുറത്തെടുത്തു. ഇതെല്ലാം കഴിഞ്ഞപ്പോഴേക്ക് ഡിസംബര്‍ 31 പുലര്‍ച്ചെ 5 മണി കഴിഞ്ഞു. സ്വര്‍ണം താഴെ എത്തിച്ചശേഷം സഹായികളില്‍ നിന്ന് ഒരു തുണി വാങ്ങി സ്‌ട്രോങ് റൂം മുഴുവനും ജോസഫ് തുടച്ചു. താഴെ റെസ്റ്റോറന്റും ഒരൊറ്റ ഫിംഗര്‍ പ്രിന്റില്ലാതെ ജോസഫ് തുടച്ചുനീക്കി.
പോകുന്നതിന് മുമ്പ് ഹോട്ടലിലുള്ള മാര്‍ബിള്‍ ടേബിളില്‍ ജയ് മാവോ എന്നെഴുതി എല്ലാവരും പുറത്തുകടന്നു. സ്വര്‍ണം നിറച്ച നാല് ചാക്കുകള്‍ സെന്‍ കാറിലേക്ക് വെച്ച് അവര്‍ നേരെ പോയത് കോട്ടക്കലിലുള്ള രാധാകൃഷ്ണന്റെ വീട്ടിലേക്കാണ് പോയത്. കാര്‍ അവിടെ പാര്‍ക്ക് ചെയ്ത് ജോസഫ് ഭാര്യയായ അനീറ്റയുടെ വീട്ടിലേക്ക് പോയി. അനീറ്റയോട് സംസാരിച്ചശേഷം അയാള്‍ നേരെ കേറി കിടന്നുറങ്ങി. ഈ കവര്‍ച്ചയില്‍ അവര്‍ക്ക് ആകെ ലഭിച്ച പണം 25 ലക്ഷം രൂപയാണ്. ഇത് രണ്ടായി പകുത്ത്, ഒരു ഓഹരി ബാബു എടുക്കുന്നു. കൊള്ളയ്ക്ക് ഉപയോഗിച്ച എല്ലാ ആയുധങ്ങളും പുഴയില്‍ ഉപേക്ഷിക്കുകയായിരുന്നു.
ബാബു പിടിയിലായതിന് പിന്നാലെ തന്നെ കേസിലെ മറ്റ് മൂന്ന് പ്രതികളും പിടിയിലായി. വിറ്റഴിച്ച സ്വര്‍ണം ഒഴിച്ച് 80 ശതമാനം സ്വര്‍ണവും പോലീസ് കണ്ടെടുത്തു. പിന്നീട് വിറ്റഴിച്ച സ്വര്‍ണവും ആ സ്വര്‍ണത്തിന് കിട്ടിയ പണം കൊണ്ട് വാങ്ങിച്ചുകൂട്ടിയ പ്രോപ്പര്‍ട്ടികളും പോലീസ് പിടിച്ചെടുത്തു. സംഭവം നടന്ന് വെറും 56 ദിവസം കൊണ്ടാണ് പോലീസ് ചേലേമ്പ്ര ബാങ്ക് കവര്‍ച്ച കേസിലെ പ്രതികളെ പിടികൂടുന്നത്. പോലീസിന്റെ തൊപ്പിയില്‍ ചാര്‍ത്തിയ ഒരു പൊന്‍തൂവല്‍ തന്നെയായിരുന്നു ചേലേമ്പ്ര ബാങ്ക് മോഷണം.
ഇന്ത്യൻ മണീ ഹെയ്സ്റ്റ്
ദേശിയതലത്തിൽ വരെ ശ്രദ്ധയാകർഷിച്ച കുറ്റകൃത്യമെന്ന നിലയിൽ ചേലമ്പ്ര ബാങ്ക് കവർച്ചയുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും അടങ്ങുന്ന പുസ്തകവും പബ്ലിഷ് ചെയ്തിട്ടുണ്ട്. ഇന്ത്യാസ് മണീ ഹെയ്സ്റ്റ് എന്ന് പേരിട്ട പുസ്തകം എഴുതിയത്. മാധ്യമ പ്രവർത്തകനും നടനും എഴുത്തുകാരനുമായ അനിർഭൻ ഭട്ടാചാര്യയാണ്. പെൻഗ്വിൻ ബുക്ക്സാണ് ഇന്ത്യാ മണീ ഹെയ്സ്റ്റ് പ്രസിദ്ധീകരിച്ചത്. മോഹൻലാലാണ് പുസ്തകം ലോഞ്ച് ചെയ്തത്.
( Reference Source Credits: India’s Money Heist: The Chelembra Bank Robbery by Anirban Bhattacharyya –Penguin Books, Possibilities of Power — Socio-Cultural Experiments- P Vijayan IPS’s Book, Asianet News Vallatha Kadha Episode: 103, Wiki Voks Malayalam Facebook Page )