5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Chelakkara By Election 2024: ഡിഎംകെ സ്ഥാനാർഥി വരെയുള്ള ചേലക്കര, ആരെ തുണക്കും മണ്ഡലം?

Chelakkara By Election 2024 Candidate Chances : ചേലക്കരയുടെ രാഷ്ട്രീയ ചരിത്രം പറയുമ്പോള്‍ 1996ന് മുമ്പും ശേഷവും എന്ന് രണ്ടായി വിഭജിക്കേണ്ടി വരും. 1965 മുതല്‍ 1996 വരെ മണ്ഡലത്തില്‍ നടന്ന എട്ട് നിയമസഭ തിരഞ്ഞെടുപ്പില്‍ ആറിലും കോണ്‍ഗ്രസിനായിരുന്നു വിജയം

Chelakkara By Election 2024: ഡിഎംകെ സ്ഥാനാർഥി വരെയുള്ള ചേലക്കര, ആരെ തുണക്കും മണ്ഡലം?
Chelakkada By Election 2024 | Credits
arun-nair
Arun Nair | Published: 22 Nov 2024 17:18 PM

1996 മുതല്‍ ഇടത്തേക്ക് ചുവടുമാറിയ ചേലക്കര ഇനിയും ഇടതുകോട്ടയായി തുടരുമോ ? 28 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം മണ്ഡലം തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കുമോ ? അതോ ബിജെപി അട്ടിമറി വിജയം നേടുമോ ? ചേലക്കരയെ സംബന്ധിച്ച് ചോദ്യങ്ങള്‍ ഏറെയാണ്. ആ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരമാണ് തിരഞ്ഞെടുപ്പ് ഫലം.

പ്രതീക്ഷയില്‍ ഇടത് ക്യാമ്പ്

ചേലക്കരയുടെ രാഷ്ട്രീയ ചരിത്രം പറയുമ്പോള്‍ 1996ന് മുമ്പും ശേഷവും എന്ന് രണ്ടായി വിഭജിക്കേണ്ടി വരും. 1965 മുതല്‍ 1996 വരെ മണ്ഡലത്തില്‍ നടന്ന എട്ട് നിയമസഭ തിരഞ്ഞെടുപ്പില്‍ ആറിലും കോണ്‍ഗ്രസിനായിരുന്നു വിജയം. സിപിഎം ജയിച്ചത് രണ്ടേ രണ്ട് തവണ മാത്രം. എന്നാല്‍ 1996 മുതല്‍ ചിത്രം മാറി.

കെ. രാധാകൃഷ്ണന്റെ കരുത്തില്‍ മണ്ഡലം ഇടതുപക്ഷത്തേക്ക് മാറി. 2016ല്‍ രാധാകൃഷ്ണന് പകരം യു.ആര്‍. പ്രദീപ് മത്സരിച്ചപ്പോഴും ട്രെന്‍ഡില്‍ മാറ്റമുണ്ടായില്ല. 2021ല്‍ വീണ്ടും രാധാകൃഷ്ണന്‍ മത്സരിച്ചപ്പോള്‍ 39,400 വോട്ടിന്റെ ലീഡാണ് മണ്ഡലം അദ്ദേഹത്തിന് സമ്മാനിച്ചത്.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ രാധാകൃഷ്ണന്‍ വിജയിച്ച പശ്ചാത്തലത്തിലാണ് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് വന്നത്. ചേലക്കര നിലനിര്‍ത്താന്‍ ഇടതുപക്ഷം നിയോഗിച്ചതാകട്ടെ മുന്‍ എംഎല്‍എ യു.ആര്‍. പ്രദീപിനെയും. ചേലക്കരയ്ക്ക് പ്രത്യേകിച്ച് പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത വ്യക്തിയാണ് പ്രദീപ്. അതുകൊണ്ട് തന്നെ വിജയം സുനിശ്ചിതമാണെന്നാണ് സിപിഎം വിലയിരുത്തല്‍. 20,000ന് അടുത്ത് ലീഡെങ്കിലും നേടുമെന്നാണ് പാര്‍ട്ടിയുടെ പ്രാഥമിക വിലയിരുത്തല്‍. എങ്കിലും കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം പാര്‍ട്ടി പ്രതീക്ഷിക്കുന്നില്ല.

ആത്മവിശ്വാസത്തില്‍ കോണ്‍ഗ്രസ്

വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം മണ്ഡലം തിരിച്ചുപിടിക്കാനാകുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ തന്നെ, സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് ഒരുപടി മുമ്പിലെത്തുകയും ചെയ്തു. രമ്യ ഹരിദാസിലൂടെ ചേലക്കരയില്‍ വിജയക്കൊടി പാറിക്കാനാകുമെന്നാണ് പാര്‍ട്ടിയുടെ ശുഭാപ്തി വിശ്വാസം.

2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ രമ്യ മത്സരിച്ചപ്പോള്‍ ചേലക്കരയും യുഡിഎഫിനൊപ്പം നിന്നിരുന്നു. മണ്ഡലത്തില്‍ വിജയം അസാധ്യമല്ലെന്ന കോണ്‍ഗ്രസ് പ്രതീക്ഷകള്‍ക്ക് ഇന്ധനം പകരുന്നതും 2019ലെ ഈ നേട്ടമാണ്. 23,000-ല്‍ അധികം വോട്ടുകളുടെ ലീഡാണ് അന്ന് രമ്യ ചേലക്കരയില്‍ നേടിയത്.

2021ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ 39,400 വോട്ടിന്റെ ലീഡ് സ്വന്തമാക്കാനായ രാധാകൃഷ്ണന്, എന്നാല്‍ 2024ലെ ലോക്‌സഭ പോരാട്ടത്തില്‍ ചേലക്കര നിയമസഭ മണ്ഡലത്തില്‍ രമ്യയ്‌ക്കെതിരെ നേടാനായത് 5,173 വോട്ടുകളുടെ ലീഡ് മാത്രമാണ്.

അതുകൊണ്ട് തന്നെ ശക്തമായ പോരാട്ടം കാഴ്ചവച്ചാല്‍ വിജയം അസാധ്യമല്ലെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. പ്രചാരണത്തിലുടനീളം ഊര്‍ജ്ജ്വസ്വലമായാണ് കോണ്‍ഗ്രസ് ചേലക്കരയില്‍ പ്രവര്‍ത്തിച്ചതും. പുതുതായി ചേര്‍ത്ത വോട്ടുകളടക്കം തങ്ങള്‍ക്ക് അനുകൂലമാകുമെന്നാണ് കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും പ്രതീക്ഷ.

അട്ടിമറി വിജയം സ്വപ്‌നം കണ്ട് ബിജെപി

തിരുവില്വാമല പഞ്ചായത്തംഗവും മുന്‍ വൈസ് പ്രസിഡന്റുമായ കെ. ബാലകൃഷ്ണനാണ് ചേലക്കരയിലെ ബിജെപി സ്ഥാനാര്‍ത്ഥി. ചേലക്കരയില്‍ അട്ടിമറി വിജയത്തില്‍ കുറഞ്ഞൊന്നും ബിജെപി പ്രതീക്ഷിക്കുന്നില്ല. ഓരോ തിരഞ്ഞെടുപ്പിലും വോട്ട് ഗണ്യമായ തോതില്‍ വര്‍ധിപ്പിക്കാനായത് ബിജെപിയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു.

2011ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വെറും 7,056 വോട്ടാണ് (5.31 ശതമാനം) ചേലക്കരയില്‍ നേടാനായത്. എന്നാല്‍ അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം 2016ല്‍ ബിജെപിക്ക് 23,845 വോട്ട് നേടാനായി. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി ഷാജുമോന്‍ വട്ടേക്കാട് മണ്ഡലത്തില്‍ നേടിയതാകട്ടെ 24,045 വോട്ടും.

ഈ കണക്കുകളിലാണ് ബിജെപിയുടെ പ്രതീക്ഷ. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ വിജയം നേടാനായതും ബിജെപി നേതൃത്വത്തിന്റെയും പ്രവര്‍ത്തകരുടെയും ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നുണ്ട്.

പണ’വിവാദം’

അതിനിടെ ചേലക്കര മണ്ഡലത്തിന്റെ അതിര്‍ത്തിയായ ചെറുതുരുത്തിയില്‍ നിന്ന് പണം പിടിച്ചെടുത്തതും പ്രചാരണത്തിനിടെ ചൂട് പിടിച്ചു. സി.സി. ജയന്‍ എന്നയാളുടെ കാറില്‍ നിന്ന് 19.7 ലക്ഷം രൂപയാണ് പിടിച്ചെടുത്തത്. ജയന്‍ നേരത്തെ കോണ്‍ഗ്രസുകാരനായിരുന്നുവെന്നും, ഇപ്പോള്‍ ബിഡിജെഎസ് നേതാവാണെന്നുമായിരുന്നു സിപിഎമ്മിന്റെ ആരോപണം.

പണം എത്തിച്ചത് സിപിഎമ്മിന് വേണ്ടിയെന്ന് കോണ്‍ഗ്രസും തിരിച്ചടിച്ചു. സംഭവത്തില്‍ സിപിഎമ്മും, കോണ്‍ഗ്രസും ഒരു പോലെ ആരോപണ-പ്രത്യാരോപണങ്ങള്‍ തുടര്‍ന്നു. വീടുപണിക്കായി ബാങ്കില്‍ നിന്ന് പിന്‍വലിച്ച തുകയാണ് ഇതെന്ന് ജയന്‍ പിന്നീട് വിശദീകരിച്ചു.

അന്‍വറിന്റെ ഡിഎംകെ

ചേലക്കരയില്‍ പി.വി. അന്‍വറിന്റെ ഡിഎംകെയും സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് മുന്‍ നേതാവ് എന്‍.കെ. സുധീറാണ് ഡിഎംകെ സ്ഥാനാര്‍ത്ഥി. അന്‍വറിന്റെ ഡിഎംകെയ്ക്ക് ചേലക്കരയില്‍ എന്ത് ‘ഇംപാക്ട്’ ഉണ്ടാക്കാനാകുമെന്ന് കണ്ടറിയണം

Latest News