Kerala Rain Alert : മഴ കനക്കുന്നു; മുന്നറിയിപ്പിൽ മാറ്റം, 12 ജില്ലകളിൽ യെല്ലോ അലർട്ട്
Kerala rain alert latest update today: ശക്തമായ കാറ്റിനെത്തുടർന്ന് മരങ്ങൾ കടപുഴകി വീഴുകയും വൈദ്യുതി തടസ്സവും നിരവധി സ്ഥലങ്ങളിൽ ഗതാഗതം തടസ്സവും ഉണ്ടായി. അമ്പായത്തോട് ചുഴലിക്കാറ്റുണ്ടായി.
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും കനക്കുന്നു. വടക്കൻ കേരളത്തിൽ മഴ ശക്തമായതോടെ കനത്ത നാശനഷ്ടങ്ങളുണ്ടെന്നാണ് റിപ്പോർട്ട്. കോഴിക്കോടിന്റെ മലയോര മേഖലകളിൽ പുലർച്ചെ മുതൽ കനത്ത മഴയാണ് പെയ്യുന്നത്. പലയിടങ്ങളിലും വെള്ളം കയറിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. വയനാട് മേപ്പാടി മുണ്ടക്കൈയിൽ വൻ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും ഉണ്ടായിട്ടുണ്ട്.
പുത്തുമല കശ്മീർ ദ്വീപിലും മഴയുടെ പ്രശ്നങ്ങൾ കണക്കിലെടുത്ത് കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റി. കൂടാതെ അഗ്നിശമന സേന സ്ഥലത്തെത്തിയിരുന്നു. കാലാവസ്ഥാ വകുപ്പാണ് പുതയി മുന്നറിയിപ്പുമായി എത്തിയത്. കേരളത്തിലെ 12 ജില്ലകളിലും ശക്തമായ മഴയുണ്ടാകുമെന്നാണ് അറിയിപ്പിൽ പറയുന്നത്. പാലക്കാട്, തിരുവനന്തപുരം ഒഴികെ ജില്ലകളിലാണ് യെല്ലോ അലർട്ട് ഉള്ളത്.
ALSO READ – വരും മണിക്കൂറുകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ യെലോ അലർട്ട്
വടക്കൻ ഛത്തീസ്ഗഡിന് മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നതും, വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യൂനമർദപാത്തി ഉള്ളതുമാണ് മഴ കനക്കാനുള്ള കാരണം എന്നാണ് വിലയിരുത്തൽ.
കണ്ണൂർ, കാസർകോട് ജില്ലകളിലും മഴക്കെടുതി രൂക്ഷമാണ് എന്നാണ് റിപ്പോർട്ട്. ശക്തമായ കാറ്റിനെത്തുടർന്ന് മരങ്ങൾ കടപുഴകി വീഴുകയും വൈദ്യുതി തടസ്സവും നിരവധി സ്ഥലങ്ങളിൽ ഗതാഗതം തടസ്സവും ഉണ്ടായി. അമ്പായത്തോട് ചുഴലിക്കാറ്റുണ്ടായി.
ഇതിനെത്തുടർന്ന് ഏഴു വീടുകളാണ് തകർന്നത്. പുലർച്ചെ നാലുമണിയോടെയായിരുന്നു ചുഴലിക്കാറ്റ് ആഞ്ഞടിച്ചത് എന്നാണ് വിവരം. സംഭവത്തിൽ ആളപായമില്ലെന്നാണ് റിപ്പോർട്ട്. മഴ ശക്തമായതിനെത്തുടർന്ന് പുഴകളിൽ ജലനിരപ്പ് ഉയരുകയും പലയിടത്തും വെള്ളക്കെട്ട് രൂപപ്പെടുകയും ചെയ്തിട്ടുണ്ട്. കോഴിക്കോട് കരുവൻതുരുത്തി പെരവൻമാട് കടവിൽ തോണി മറിഞ്ഞ് അപകടം ഉണ്ടായി. മൂന്നുപേരാണ് തോണിയിൽ ഉണ്ടായിരുന്നത്. ഇവരെ രക്ഷപ്പെടുത്തിയതിനാൽ ആർക്കും പരിക്കില്ല.
ഇടുക്കിയിലും എറണാകുളത്തും തിരുവനന്തപുരത്തും രാവിലെ മുതൽ മഴ ശക്തമാണ്. മലയോരമേഖലകളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതയുള്ളതിനാൽ മലയോരമേഖലകളിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്നും ജാഗ്രതാ നിർദ്ദേശമുണ്ട്.