Chalakkudy Federal Bank Robbery: ഷൂവില്‍ പിഴച്ചു; ആത്മവിശ്വാസത്തിന് തിരിച്ചടിയായത് ചെരുപ്പിനടിയിലെ നിറം
Chalakkudy Federal Bank Robbery Accuse Rijo Antony: കഴിഞ്ഞ ദിവസം സ്വന്തം വീട്ടില്‍ വെച്ച് നടന്ന കുടുംബ യോഗത്തിലും റിജോ ബാങ്ക് കവര്‍ച്ചയുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തിയിരുന്നു. പ്രതി ഏതെങ്കിലും കാട്ടില്‍ ഒളിച്ചിരിക്കുന്നുണ്ടാകും എന്നായിരുന്നു ഇയാള്‍ പറഞ്ഞത്. മാത്രമല്ല പ്രതിക്ക് വേണ്ടി പോലീസ് നടത്തുന്ന തെരച്ചിലുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വീട്ടിലിരുന്നു കാണുകയായിരുന്നു റിജോ.

ചാലക്കുടി: ചാലക്കുടി ഫെഡറല്‍ ബാങ്ക് കവര്‍ച്ച കേസ് പ്രതിക്ക് കുരുക്കായത് കാലില്‍ ധരിച്ചിരുന്ന ഷൂ. നാട്ടില്‍ ആഡംബര ജീവിതം നയിക്കുകയായിരുന്നത് കൊണ്ട് തന്നെ റിജോയിലേക്ക് ആരുടെയും സംശയം എത്തിയിരുന്നില്ല. കവര്‍ച്ചയുമായി ബന്ധപ്പെട്ട് ഇയാള്‍ നാട്ടുകാരുമായും കൂട്ടുകാരുമായെല്ലാം ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ മാറ്റാതെ ധരിച്ചിരുന്ന ഷൂവിന്റെ അടിയിലുള്ള നിറമാണ് പോലീസിനെ പ്രതിയിലേക്ക് എത്തിച്ചത്.
കഴിഞ്ഞ ദിവസം സ്വന്തം വീട്ടില്‍ വെച്ച് നടന്ന കുടുംബ യോഗത്തിലും റിജോ ബാങ്ക് കവര്‍ച്ചയുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തിയിരുന്നു. പ്രതി ഏതെങ്കിലും കാട്ടില്‍ ഒളിച്ചിരിക്കുന്നുണ്ടാകും എന്നായിരുന്നു ഇയാള്‍ പറഞ്ഞത്. മാത്രമല്ല പ്രതിക്ക് വേണ്ടി പോലീസ് നടത്തുന്ന തെരച്ചിലുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വീട്ടിലിരുന്നു കാണുകയായിരുന്നു റിജോ.
കവര്‍ച്ചയ്ക്കിടെ ധരിച്ചിരുന്ന മങ്കിക്യാപും വസ്ത്രങ്ങളും വീട്ടിലേക്കുള്ള വഴിയില്‍ വെച്ച് റിജോ മാറി. എന്നാല്‍ തലയില്‍ ധരിച്ചിരുന്ന ഹെല്‍മെറ്റ് മാറ്റാതെയായിരുന്നു ഇത്. ബാങ്കില്‍ നിന്ന് വീട്ടിലേക്ക് ഒന്നര കിലോമീറ്റര്‍ ദൂരം മാത്രമേ ഉണ്ടായിരുന്നുള്ളുവെങ്കിലും ഉള്‍ റോഡുകളിലൂടെയാണ് ഇയാള്‍ സഞ്ചരിച്ചത്. കവര്‍ച്ചയ്ക്ക് പോകും മുമ്പ് വാഹനത്തില്‍ നിന്നും കണ്ണാടി നീക്കം ചെയ്തിരുന്നു, അത് മടക്കയാത്രയില്‍ തിരികെ പിടിപ്പിച്ചു.




എന്നാല്‍ റിജോ ആന്റണിയെ കുരുക്കിയത് മാറ്റാതിരുന്ന ഷൂ ആണ്. പ്രതി ധരിച്ചിരുന്ന ഷൂവിന്റെ അടിയിലുള്ള നിറം ആളെ തിരിച്ചറിയുന്നതിന് പോലീസിനെ സഹായിച്ചു. ഇയാളിലേക്ക് എത്തുന്നതിനായി അഞ്ഞൂറോളം സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചിരുന്നു. വസ്ത്രവും കണ്ണാടിയുമെല്ലാം മാറ്റാന്‍ പ്രതി ശ്രദ്ധിച്ചിരുന്നുവെങ്കിലും ഷൂവിന്റെ കാര്യം വിട്ടുപോയിരുന്നു.
വീട് പണിതതിന്റെ കടബാധ്യതകള്‍ തീര്‍ക്കുന്നതിനായാണ് മോഷണം നടത്തിയതെന്നാണ് പ്രതി ആദ്യം പോലീസിനോട് പറഞ്ഞത്. എന്നാല്‍ പിന്നീടത് മാറ്റിപ്പറഞ്ഞു. വിദേശത്ത് ജോലി ചെയ്യുകയായിരുന്ന ഭാര്യ അയച്ച പൈസ ധൂര്‍ത്തടിച്ച പ്രതി അവര്‍ മടങ്ങിയെക്കും മുമ്പ് പണം സംഘടിപ്പിക്കാനായാണ് മോഷണം നടത്തിയത്.
വലിയ ബാറുകളില്‍ നിന്നും മദ്യപിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്നതാണ് ഇയാളുടെ ശീലമെന്നും സുഹൃത്തുക്കള്‍ക്കായി നിരന്തരം പാര്‍ട്ടി നടത്താറുണ്ടെന്നും പോലീസ് പറഞ്ഞു. മോഷണം നടത്തിയതിന് ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെ മോഷ്ടിച്ച പണത്തില്‍ നിന്നും കുറച്ചെടുത്ത് മദ്യം വാങ്ങിയിരുന്നു.
മോഷ്ടിച്ച പണത്തില്‍ നിന്നും 2.9 ലക്ഷം രൂപയെടുത്ത് കടം വീട്ടിയെന്നും പ്രതി പോലീസിനോട് പറഞ്ഞു. ഈ പണം കൈപ്പറ്റിയയാള്‍ റിജോയെ അറസ്റ്റ് ചെയ്തതറിഞ്ഞ് ഉടന്‍ തന്നെ തുക ഡിവൈഎസ്പി ഓഫീസിലെത്തി കൈമാറി. പത്ത് ലക്ഷം രൂപയുടെ കെട്ട് ഇയാള്‍ പൊട്ടിക്കാതെ സൂക്ഷിച്ചിരുന്നത് പോലീസ് കണ്ടെടുത്തതായും വിവരമുണ്ട്. മാത്രമല്ല, ബാങ്ക് ഉദ്യോഗസ്ഥരെ പേടിപ്പിക്കുന്നതിനായി ഉപയോഗിച്ച കത്തി വിദേശത്ത് നിന്ന് കൊണ്ടുവന്നതാണെന്നും പ്രതി പോലീസിനോട് പറഞ്ഞു.
മോഷണം നടത്തുന്നതിന്റെ തലേദിവസം ബാങ്കിലെത്തിയ റിജോ കാര്യങ്ങള്‍ വ്യക്തമായി മനസിലാക്കിയതിന് ശേഷം പിറ്റേന്ന് ബ്രേക്ക് സമയത്ത് കവര്‍ച്ച നടത്തുകയായിരുന്നു. ബാങ്കിന് എതിര്‍വശത്ത് പ്രവര്‍ത്തിച്ചിരുന്ന പോട്ട പള്ളിയില്‍ എല്ലാ ദിവസവും എത്തിയിരുന്ന റിജോ ബാങ്കിന്റെ സെക്യൂരിറ്റി സംവിധാനങ്ങളെല്ലാം മനസിലാക്കിയിരുന്നു. പിടിക്കപ്പെടാതിരിക്കാന്‍ ചാലക്കുടിയില്‍ വെച്ച് സ്‌കൂട്ടറിന്റെ നമ്പര്‍ പ്ലേറ്റ് മാറ്റുകയും ചെയ്തു.