Wayanad Landslide : സംസ്ഥാനത്തിന് ആശ്വാസം, വയനാട് ദുരന്തം അതീവ ഗുരുതരമെന്ന് കേന്ദ്രവും; പരിഗണിക്കുന്നത് 2219 കോടിയുടെ പാക്കേജ്
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാളെ ഇതുസംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കുമെന്നാണ് വിവരം. 2219 കോടി രൂപയുടെ പാക്കേജാണ് പരിഗണിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: സംസ്ഥാനത്തെ ഞെട്ടിച്ച വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തം അതീവ ഗുരുതര വിഭാഗത്തില്‍ കേന്ദ്രം ഉള്‍പ്പെടുത്തി. ദേശീയ ദുരന്തരമായി പരിഗണിക്കണമെന്നായിരുന്നു കേരളത്തിന്റെ നിലപാട്. വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വയനാട് ദുരന്തത്തെ കേന്ദ്രം അതീവ ഗുരുതര വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയത്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാളെ ഇതുസംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കുമെന്നാണ് വിവരം. 2219 കോടി രൂപയുടെ പാക്കേജാണ് പരിഗണിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. പാക്കേജ് സംബന്ധിച്ച് സമിതി പരിശോധിച്ചു വരികയാണ്. എന്നാല്‍ കേരളം ആവശ്യപ്പെട്ടത് പോലെ ലെവല്‍ മൂന്ന് വിഭാഗത്തിലാണോ കേന്ദ്രം വയനാട് ദുരന്തം പരിഗണിക്കുന്നതെന്ന് വ്യക്തമല്ല.
സംസ്ഥാന ദുരന്തനിവാരണ നിധിയില്‍ കേരളത്തിന്റെ 783 കോടി രൂപയുണ്ടെന്ന് കേന്ദ്രം പറയുന്നു. നവംബര്‍ 16ന് 153 കോടി രൂപ സംസ്ഥാനത്തിന് അനുവദിച്ചിരുന്നുവെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. മാസങ്ങളായി ദുരന്ത ബാധിതര്‍ ദുരിത ജീവിതം നയിക്കുകയാണ്.
ആഭ്യന്തരമന്ത്രിയെ കണ്ട് പ്രിയങ്കയും മറ്റ് എംപിമാരും
വയനാട് എംപി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ യുഡിഎഫ്, എല്‍ഡിഎഫ് എംപിമാര്‍ ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ടിരുന്നു. 2221 കോടി രൂപയുടെ പാക്കേജാണ് വയനാടിനായി പ്രിയങ്ക ആവശ്യപ്പെട്ടത്. ഈ കൂടിക്കാഴ്ചയിലാണ് വിശദാംശങ്ങള്‍ നാളെ അറിയിക്കാമെന്ന് അമിത് ഷാ അറിയിച്ചത്.
“വയനാട്ടിലെ സ്ഥിതിഗതികൾ ഞങ്ങൾ ആഭ്യന്തര മന്ത്രിയെ അറിയിച്ചു. അവിടെ ആളുകൾ എങ്ങനെയാണ് കഷ്ടപ്പെടുന്നതെന്ന് വിശദീകരിച്ചു. പ്രകൃതിദുരന്തം ഒരു കേന്ദ്രീകൃത മേഖലയിലാണെങ്കിലും അതിൻ്റെ ഫലം വളരെ വലുതാണ്. ആളുകൾക്ക് ഒരു പിന്തുണാ സംവിധാനവും അവശേഷിക്കുന്നില്ല. അങ്ങനെയൊരു സാഹചര്യത്തിൽ കേന്ദ്രസർക്കാർ നടപടിയെടുത്തില്ലെങ്കിൽ ജനങ്ങൾക്ക് മറ്റെന്താണ് പ്രതീക്ഷിക്കാനാവുക”-ആഭ്യന്തരമന്ത്രിയെ കണ്ട ശേഷം പ്രിയങ്ക മാധ്യമങ്ങളോട് പ്രതികരിച്ചു.
VIDEO | "We have given representations to the PM as well as Home Minister. The devastation that has happened in that area is complete… People who are affected have lost everything. There are people who have lost every member of their family. In such circumstances, if the Centre… pic.twitter.com/L3FCpq7dSz
— Press Trust of India (@PTI_News) December 4, 2024
രാഷ്ട്രീയം മാറ്റിവെക്കണമെന്നും മാനുഷിക പരിഗണനയിൽ ആളുകളെ സഹായിക്കണമെന്നും അഭ്യര്‍ത്ഥിച്ചെന്നും എംപി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരിതബാധിതരെ സന്ദര്‍ശിച്ചിരുന്നു. പ്രധാനമന്ത്രി സഹായിക്കുമെന്നായിരുന്നു അവരുടെ പ്രതീക്ഷ. എന്നാല്‍ അവര്‍ക്ക് സഹായം ലഭിച്ചില്ലെന്നും അത് നിര്‍ഭാഗ്യകരമാണെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.
വയനാട് ദുരന്തം
2024 ജൂലൈ 30നാണ് രാജ്യത്തെയാകെ ഞെട്ടിച്ച ഉരുള്‍പൊട്ടലുണ്ടായത്. മുണ്ടക്കൈ, ചൂരല്‍മല, പുഞ്ചിരിമറ്റം തുടങ്ങിയ പ്രദേശങ്ങളെ ഉരുള്‍പൊട്ടല്‍ തകര്‍ത്തെറിഞ്ഞു. 231-ഓളം പേരുടെ മരണം സ്ഥിരീകരിച്ചു. നിരവധി പേരെ കാണാതായിരുന്നു. നിരവധി പേരുടെ ശരീരാവശിഷ്ടങ്ങളടക്കം കണ്ടെത്തിയിരുന്നു. പലരുടെയും വീടുകളടക്കം തകര്‍ന്നു.