5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Suresh Gopi: കേരളത്തിലെ നിലവിലെ ചർച്ചകളോട് പുച്ഛം; എഡിജിപി- ആർഎസ്എസ് കൂടിക്കാഴ്ചയെ പിന്തുണച്ച് സുരേഷ്‌ ഗോപി

Suresh Gopi: വർഷങ്ങൾക്ക് മുന്നിൽ പാനൂരിൽ ക്രമസമാധാനം പുനസ്ഥാപിക്കാൻ ഇ.കെ നായനാർ എന്ന മുഖ്യമന്ത്രിയും പി.പി മുകുന്ദ​ൻ എന്ന സംഘടനാ ജനറൽ സെക്രട്ടറിയുമാണ് മുൻകെെയെടുത്തതെന്ന് സുരേഷ് ​ഗോപി പറഞ്ഞു.

Suresh Gopi: കേരളത്തിലെ നിലവിലെ ചർച്ചകളോട് പുച്ഛം; എഡിജിപി- ആർഎസ്എസ് കൂടിക്കാഴ്ചയെ പിന്തുണച്ച് സുരേഷ്‌ ഗോപി
Credits: PTI
athira-ajithkumar
Athira CA | Published: 13 Sep 2024 18:38 PM

തിരുവനന്തപുരം: എഡിജിപി എം ആർ അജിത്കുമാറും ആർഎസ്എസ് നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയെ പിന്തുണച്ച് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. കൂടിക്കാഴ്ചയെ വിമർശിക്കാൻ യോ​ഗ്യതയുള്ള ആരെങ്കിലും കേരളത്തിലുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. രാഷ്ട്രീയ അയിത്തം കൽപ്പിക്കുന്നവർ കുറ്റക്കാരാണ്. കേരളത്തിലെ നിലവിലെ ചർച്ചയോട് പുച്ഛമാണെന്നും സുരേഷ് ​ഗോപി പറഞ്ഞു.

വിമർശിക്കുന്നവർക്ക് അതിനുള്ള യോ​ഗ്യതയുണ്ടോ? ജനാധിപത്യമെന്ന് പറയുന്നത് എല്ലാ രാഷ്ട്രീയക്കാർക്കും ഉള്ളതാണ്. കെെ ഇങ്ങനെ നീട്ടിപിടിച്ച് ശുദ്ധമാണെന്ന് പറയില്ല. തന്റെ ഹൃദയം ശുദ്ധമാണെന്നും മുഖ്യമന്ത്രിയെ പരിഹ​സിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. വിവാ​ദമുണ്ടാക്കുന്നവർ ചരിത്രം മനസിലാക്കാൻ ശ്രമിക്കണം. വർഷങ്ങൾക്ക് മുന്നിൽ പാനൂരിൽ ക്രമസമാധാനം പുനസ്ഥാപിക്കാൻ ഇ.കെ നായനാർ എന്ന മുഖ്യമന്ത്രിയും പി.പി മുകുന്ദ​ൻ എന്ന സംഘടനാ ജനറൽ സെക്രട്ടറിയുമാണ് മുൻകെെയെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട് പി.പി മുകുന്ദൻ പ്രഥമ സേവാ പുരസ്കാരം ഏറ്റുവാങ്ങി കൊണ്ട് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

അതേസമയം, ആർഎസ്എസിന്റെ പേരിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും ആരെയാണ് കബളിപ്പിക്കുന്നതെന്ന് ​ഗോവ ​ഗവർണർ പിഎസ് ശ്രീധരൻ പിള്ള ചോദിച്ചു. തെരഞ്ഞെടുപ്പ് സഖ്യം മുഖ്യമന്ത്രി ഓർക്കണമെന്നും 1980-ലെ തെരഞ്ഞെടുപ്പിൽ ഒ രാജ​ഗോപാലിന്റെ തെരഞ്ഞെടുപ്പ് കൺവീനർ ചേർക്കളം അബ്ദുള്ളയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. എഡിജിപി- ആർഎസ്എസ് കൂടിക്കാഴ്ചയെയും അദ്ദേ​ഹം അനുകൂലിച്ചു.

1974-ലെ തെരഞ്ഞെടുപ്പിൽ ഉദുമയിൽ കെജി മാരാർ എന്ന ആർഎസ്എസ് വിസ്താരകന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ മേൽനോട്ടം ആർക്കായിരുന്നെന്നും ആരെയാണ് പിന്തുണച്ചതെന്നും ഓർക്കണം. ആർഎസ്എസിന്റെ നിരോധനം ഉൾപ്പെടെ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ അതനുസരിച്ച് വോട്ട് ചെയ്യണമെന്ന് പറഞ്ഞവരാണ് ഇന്ന് തൊട്ടുക്കൂട, കണ്ടുക്കൂടാ, സംസാരിച്ചു കൂടാ എന്നൊക്കെ പറയുന്നത്. 1980-ൽ ഒ രാജ​ഗോപാലായിരുന്നു പ്രധാന സ്ഥാനാർത്ഥി. മുസ്ലീം ലീ​ഗിന്റെ ചേർക്കുളം അബ്ദുള്ളയായിരുന്നു ഒ രാജ​ഗോപാലിന്റെ തെരഞ്ഞെടുപ്പ് കൺവീനർ. പിന്താങ്ങിയത് യുഡിഎഫും ആയിരുന്നു. പി എസ് ശ്രീധരൻ പിള്ള പറഞ്ഞു

മുഖ്യമന്ത്രിയുടെ വിശ്വസ്തനായിരുന്ന എഡിജിപി എം ആർ അജിത് കുമാർ ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുമായി കൂടിക്കാഴ്ച നടത്തിയ വിവരം പ്രതിപക്ഷ നേതാവാണ് പുറത്തുവിട്ടത്. കൂടിക്കാഴ്ച സുഹൃത്തിന്റെ നിർദേശ പ്രകാരമാണെന്നായിരുന്നു എഡിജിപി ആഭ്യന്തര വകുപ്പിന് നൽകിയ വിശദീകരണം. എഡിജിപിക്കെതിരെ നടപടി സ്വീകരിക്കാത്ത മുഖ്യമന്ത്രിയുടെ നിലപാടിനെ സിപിഐയും ചോദ്യം ചെയ്തിരുന്നു. ഇടതുമുന്നണി യോ​ഗത്തിൽ ക്രമസമാധന ചുമതലയിൽ നിന്ന് എഡിജിപിയെ മാറ്റി നിർത്തണമെന്ന ആവശ്യം ഘടകകക്ഷികൾ ഉന്നയിച്ചെങ്കിലും നടപടി സ്വീകരിക്കേണ്ടെന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്.

കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിൽ നിന്ന് ഒഴിവാക്കാനും ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ ധാരണയുണ്ടാക്കാനുമായി മുഖ്യമന്ത്രിക്ക് വേണ്ടിയായിരുന്നു കൂടിക്കാഴ്ചയെന്നായിരുന്നു ആരോപണം. തൃശൂർ പാറമേക്കാവ് വിദ്യാമന്ദിർ സ്കൂളിൽ 2023 മേയ് 20 മുതൽ 22 വരെ നടന്ന ആർഎസ്എസ് ക്യാമ്പിനിടെയാണ് ആർഎസ്എസ് ജനറൽ സെക്രട്ടറിയുമായി എഡിജിപി കൂടിക്കാഴ്ച നടത്തിയത്.