Nuclear Power Plant: ചീമേനിയിൽ ആണവനിലയം ആകാമെന്ന് കേന്ദ്ര നിർദ്ദേശം; സംസ്ഥാനത്തിന് പുറത്തുള്ള സാധ്യത തേടി കേരളം
Nuclear Power Plant In Kerala: സംസ്ഥാനത്തിന് പുറത്തും ആണവനിലയം സ്ഥാപിക്കാം. സംസ്ഥാനത്തെ തോറിയം പുറത്തെ നിലയിൽ എത്തിച്ച് വെെദ്യുതി ഉത്പാദിപ്പിക്കാം. തോറിയത്തിൽ നിന്ന് യൂണിറ്റിന് ഒരു രൂപ നിരക്കിൽ വെെദ്യുതി ഉത്പാദിപ്പിക്കാമെന്നും കേരളം കേന്ദ്ര ഊർജ്ജ വകുപ്പ് മന്ത്രിക്ക് അയച്ച കത്തിൽ പറയുന്നു.
തിരുവനന്തപുരം: കേരളത്തിന്റെ ആണവനിലയമെന്ന സ്വപ്നത്തിന് വീണ്ടും ചിറകുകൾ മുളയ്ക്കുന്നു. സംസ്ഥാനം സ്ഥലം ലഭ്യമാക്കിയാൽ കേന്ദ്ര സർക്കാർ ആണവ വൈദ്യുതനിലയം അനുവദിക്കാൻ തയ്യാറാണെന്ന് കേന്ദ്ര ഊർജമന്ത്രി മനോഹർലാൽ ഘട്ടർ അറിയിച്ചു. കേരളത്തിൽ ആണവനിലയം സ്ഥാപിക്കാൻ ഏകദേശം 150 ഏക്കർ സ്ഥലമെങ്കിലും ആവശ്യമാണ്. കാസർകോട് ജില്ലയിലെ ചീമേനിയാണ് പദ്ധതിക്ക് അനുയോജ്യമായ സ്ഥലമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ വെെദ്യുതി – നഗരവികസന പ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ എത്തിയതായിരുന്നു അദ്ദേഹം.
കേന്ദ്ര ഊർജമന്ത്രി മനോഹർലാൽ ഘട്ടറാണ് എന്തുകൊണ്ട് സംസ്ഥാനത്ത് ആണവനിലയമായിക്കൂടെ എന്ന ചോദ്യം ഉന്നയിച്ചതെന്ന് ഊർജവകുപ്പ് വൃത്തങ്ങൾ പറഞ്ഞു. സംസ്ഥാനം സ്ഥലം കണ്ടെത്തി നൽകിയാൽ കേന്ദ്രം സാധ്യമായ സഹായമെല്ലാം ചെയ്യാം. കേരളത്തിലെ വെെദ്യുതി പ്രതിസന്ധി പരിഹരിക്കാൻ വെെദ്യുതി നിലയം യാഥാർത്ഥ്യമാകുന്നതോടെ സാധിക്കുമെന്നും കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു.
അതേസമയം, കേരളത്തിൽ തന്നെ ആണവനിലയം വേണമെന്ന നിലപാട് സംസ്ഥാനത്തിന് ഇല്ല എന്ന് അറിയിക്കുന്ന കത്തും ഇപ്പോഴിതാ പുറത്തുവന്നു. സംസ്ഥാനത്തിന് പുറത്തും ആണവനിലയം സ്ഥാപിക്കാം. സംസ്ഥാനത്തെ തോറിയം പുറത്തെ നിലയിൽ എത്തിച്ച് വെെദ്യുതി ഉത്പാദിപ്പിക്കാം. തോറിയത്തിൽ നിന്ന് യൂണിറ്റിന് ഒരു രൂപ നിരക്കിൽ വെെദ്യുതി ഉത്പാദിപ്പിക്കാമെന്നും കേരളം കേന്ദ്ര ഊർജ്ജ വകുപ്പ് മന്ത്രിക്ക് അയച്ച കത്തിൽ പറയുന്നു. വിവാദം ഭയന്നാണ് സംസ്ഥാനത്തിന് പുറത്ത് ആണയനിലയം സ്ഥാപിക്കാനുള്ള സാധ്യതകൾ തേടുന്നതെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. കേന്ദ്രമന്ത്രിക്ക് മുന്നിൽ വിശദമായ പദ്ധതി രേഖ സംസ്ഥാനം അംഗീകരിച്ചതായാണ് വിവരം.
ആണവ വൈദ്യുതനിലയത്തിൽ എന്നാൽ സർക്കാർ വ്യക്തമായ തീരുമാനമെടുത്തിട്ടില്ല. പദ്ധതി നിർദ്ദേശവുമായി ഊർജ വകുപ്പും വൈദ്യുതിബോർഡും കേന്ദ്രത്തെ സമീപിച്ചിരുന്നു. തൃശ്ശൂരിലെ അതിരപ്പിള്ളിയും കാസർകോട്ടെ ചീമേനിയുമാണ് ആണവ നിലയത്തിനായി കേരളത്തിന്റെ പരിഗണനയിലുള്ള സ്ഥലങ്ങൾ.
എന്നാൽ, കേന്ദ്ര ഊർജ വകുപ്പ് മന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ അതിരപ്പള്ളിയിൽ ആണവ നിലയം വരുന്നതിനെ തൃശൂർ എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ്‌ഗോപി എതിർത്തു. കേന്ദ്ര സർക്കാർ സഹായത്തിൽ പ്രദേശത്ത് ഡിസ്‌നി ലാൻഡ് മാതൃകയിൽ വലിയൊരു ടൂറിസം കേന്ദ്രം ആസൂത്രണം ചെയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ആണവ നിലയത്തെ കുറിച്ച് കേന്ദ്രമന്ത്രിക്ക് കേരളം നൽകിയ നിവേദനത്തിലും പരാമർശമില്ല എന്നാണ് വിവരം. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് ആണവോർജ കോർപ്പറേഷനുമായി കെഎസ്ഇബി ചെയർമാൻ ബിജു പ്രഭാകർ നേരത്തേ ചർച്ചനടത്തിയിരുന്നു. 220 മെഗാവാട്ടിന്റെ രണ്ടുനിലയങ്ങളിൽ നിന്നായി 440 മെഗാവാട്ട് ആണവനിലയത്തിലൂടെ ഉത്പാദിപ്പിക്കുകയാണ് കെഎസ്ഇബിയുടെ ലക്ഷ്യം. പദ്ധതി യാഥാർത്ഥ്യമാക്കാൻ ഏകദേശം 7000 കോടി ചെലവുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേന്ദ്ര വിഹിതമായി 60 ശതമാനം നൽകണമെന്നും കെഎസ്ഇബി ആവശ്യപ്പെട്ടിരുന്നു. ആണവ ബോർഡിന്റെയും കേന്ദ്രസർക്കാരിന്റെയും അനുമതി ലഭിച്ചാൽ ഏകദേശം 10 വർഷംകൊണ്ട് പദ്ധതി പൂർത്തിയാക്കാനാവുമെന്നാണ് വിലയിരുത്തൽ.