സമരം കാണാനെത്തിയ 15കാരനെതിരെ കേസെടുത്ത സംഭവം; പിതാവിന് നോട്ടീസ് അയച്ച് പോലീസ്
മാർച്ച് നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. പുറക്കാമലയിലെ ഖനനത്തിനെതിരെയുള്ള ജനകീയ സമരം കാണാൻ എത്തിയതായിരുന്നു പത്താം ക്ലാസുകാരൻ.

മേപ്പയൂർ (കോഴിക്കോട്): കോഴിക്കോട് മേപ്പയൂരിൽ ക്വാറിക്കെതിരായ ജനകീയ സമരം കാണാൻ എത്തിയ 15കാരനെ പ്രതി ചേർത്ത് കേസെടുത്ത് പോലീസ്. പിന്നാലെ ബുധനാഴ്ച ജുവനൈൽ ജസ്റ്റിസിന് മുൻപാകെ കുട്ടിയെ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് പിതാവിന് നോട്ടീസ് നൽകി. പോലീസ് കുട്ടിയെ സംഭവസ്ഥലത്ത് നിന്ന് വലിച്ചിഴച്ച് കസ്റ്റഡിയിൽ എടുത്തത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
മാർച്ച് നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. പുറക്കാമലയിലെ ഖനനത്തിനെതിരെയുള്ള ജനകീയ സമരം കാണാൻ എത്തിയതായിരുന്നു പത്താം ക്ലാസുകാരൻ. അതിനിടെയാണ് പോലീസ് കുട്ടിയോട് ക്രൂരമായി പെരുമാറിയത്. പിടിവലിയിൽ കുട്ടിയുടെ കൈയ്ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പോലീസിന്റെ നടപടിക്കെതിരെ കുട്ടിയുടെ കുടുംബം മുഖ്യമന്ത്രിക്കും ശിശുക്ഷേമ സമിതിക്കും പരാതി നൽകിയിരുന്നു. ഇതിന്റെ പ്രതികാരമായാണ് പോലീസ് ഇപ്പോൾ കേസെടുത്തിരിക്കുന്നത് എന്നാണ് കുടുംബത്തിന്റെ ആരോപണം.
ALSO READ: കൊച്ചിയിൽ പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം യുവാവ് നാടുവിട്ടു; ഒടുവിൽ ഇന്റർപോളിന്റെ സഹായത്തോടെ പിടികൂടി
എന്നാൽ, കസ്റ്റഡിയിൽ എടുത്ത ഒരാൾക്കെതിരെ സ്വീകരിക്കുന്ന സ്വാഭാവിക നടപടി മാത്രമാണ് നോട്ടീസ് എന്ന് പോലീസ് വിശദീകരണം നൽകി. കുട്ടി പത്താം ക്ലാസ് പരീക്ഷ എഴുതുന്നത് കണക്കിലെടുത്താണ് ഇതുവരെ നോട്ടീസ് അയയ്ക്കാതിരുന്നത്. സമരം നടന്ന സ്ഥലത്തേക്ക് കുട്ടിയെ പിതാവ് മനഃപൂർവം എത്തിച്ചതാണെന്നും പോലീസ് പറയുന്നു. കുടുംബം നൽകിയ പരാതിയിൽ കുട്ടിയുടെയും രക്ഷിതാക്കളുടെയും മൊഴി രേഖപ്പെടുത്തിയ ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് ശിശുക്ഷേമ സമിതിയും വ്യക്തമാക്കി.