Former MLA Gold Fraud Case: 10 ലക്ഷം രൂപയുടെ സ്വർണം തട്ടിയെടുത്തെതായി പരാതി; ഇടുക്കി മുൻ എംഎൽഎ അടക്കം 3 പേർക്കെതിരേ കേസ്
Case Filed Against Former MLA Mathew Stephen for Buying Gold Without Payment: ഇടുക്കിയിലെ മുൻ എംഎൽഎയും തൊടുപുഴ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ജനാധിപത്യ സംരക്ഷണ സമിതി നേതാവുമായ മാത്യു സ്റ്റീഫൻ, പ്രവർത്തകരായ ജിജി മാത്യു, സുബൈർ, എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

ഇടുക്കി: ജൂവലറി ഉടമയെ ഭീഷണിപ്പെടുത്തി 10 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ തട്ടിയെടുത്തെന്ന പരാതിയിൽ മുൻ എംഎൽഎ മാത്യു സ്റ്റീഫൻ അടക്കം മൂന്ന് പേർക്കെതിരെ കേസ്. തൊടുപുഴ ജയ്‌കോ ജൂവലറി ഉടമ ജയമോഹൻ വർഗീസാണ് പരാതി നൽകിയത്. അതേസമയം, തട്ടിപ്പുമായി തനിക്ക് ബന്ധമില്ലെന്നും പ്രതികൾ തന്റെ പേര് ദുരുപയോഗം ചെയ്തതാണെന്നും മാത്യു സ്റ്റീഫൻ പറഞ്ഞു.
ഇടുക്കിയിലെ മുൻ എംഎൽഎയും തൊടുപുഴ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ജനാധിപത്യ സംരക്ഷണ സമിതി നേതാവുമായ മാത്യു സ്റ്റീഫൻ, പ്രവർത്തകരായ ജിജി മാത്യു, സുബൈർ, എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. തൊടുപുഴ പൊലീസാണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ജനുവരിയിലാണ് സംഭവം നടന്നത്. പണം നൽകാതെ 10 ലക്ഷം രൂപയുടെ സ്വർണം വാങ്ങിയെന്നും പിന്നീട് പണം ചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തിയെന്നുമാണ് ജ്വല്ലറി ഉടമ നൽകിയ പരാതി.
നേരത്തെ നിർധന കുടുംബത്തെ സഹായിക്കാനെന്ന് പറഞ്ഞ് ഇതേ ജ്വല്ലറിയിൽ നിന്ന് 1,69,000 രൂപയുടെ സ്വർണ്ണം മാത്യു സ്റ്റീഫൻ വാങ്ങിയിരുന്നു. പിന്നീട് പണം നൽകാമെന്നയിരുന്നു അന്നും പറഞ്ഞതെന്നും പരാതിയിലുണ്ട്. തുടർന്നാണ് 10 ലക്ഷം രൂപയുടെ സ്വർണം ആവശ്യപ്പെട്ടത്. എന്നാൽ ജ്വല്ലറി ഉടമ ഇത് നൽകാൻ തയ്യാറായില്ല. ഇതോടെയാണ് ജിജിയും സുബൈറും ചേർന്ന് ജ്വല്ലറിയിലെത്തി ജീവനക്കാരെ ഭീഷണിപ്പെടുത്തിയത്. ഇത് തുടർന്നതോടെ ജ്വല്ലറി ഉടമ പ്രതികൾ ആവശ്യപ്പെട്ട സ്വർണം നൽകി.
ഒടുവിൽ വഞ്ചിക്കപ്പെട്ടെന്ന് മനസിലാക്കിയതോടെ ജ്വല്ലറി ഉടമ പൊലീസിൽ പരാതി നൽകുകയായിരുന്നു. എന്നാൽ, വാങ്ങിയ സ്വർണത്തിന് താൻ പണം നൽകിയതാണെന്നും, 10 ലക്ഷം രൂപയുടെ തട്ടിപ്പുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും മാത്യു സ്റ്റീഫൻ പറഞ്ഞു. ജിജിയും, സുബൈറും തട്ടിപ്പുകാരാണെന്ന് അറിഞ്ഞതോടെ ജനാധിപത്യ സംരക്ഷണ സമിതിയിൽ നിന്നും രാജിവച്ചെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ കോട്ടയത്ത് റിമാൻഡിലായിരുന്ന ജിജിയെയും, സുബൈറിനെയും തൊടുപുഴ കോടതിയിൽ ഹാജരാക്കിയ ശേഷം പോലീസ് കസ്റ്റഡിയിൽ എടുത്തു.