Car Accident: ബാലരാമപുരത്ത് മകനെ വിദേശത്തേക്ക് യാത്രയാക്കി മടങ്ങവേ കാർ സിമൻ്റ് ലോറിയ്ക്ക് പിന്നിലിടിച്ചു; പിതാവിന് ദാരുണാന്ത്യം
Car Accident In Balaramapuram: മകനെ വിദേശത്ത് യാത്രയാക്കി മടങ്ങവെ വാഹനാപകടത്തിൽ പിതാവ് മരിച്ചു. അപകടത്തിൽ കുട്ടികളടക്കം നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കാർ നിർത്തിയിട്ടിരിക്കുന്ന മണൽ ലോറിയ്ക്ക് പിന്നിൽ ഇടിച്ചുകയറുകയായിരുന്നു.
തിരുവനന്തപുരം ബാലരാമപുരത്തുണ്ടായ വാഹനാപകടത്തിൽ ഒരു മരണം. നെയ്യാറ്റിൻകര മാരായമുട്ടം വടകര വിളയിൽ വീട്ടിൽ സ്റ്റാൻലിയാണ് (65) മരിച്ചത്. മകനെ വിദേശത്തേക്ക് യാത്രയാക്കി വിമാനത്താവളത്തിൽ നിന്ന് മടങ്ങവെയുണ്ടായ വാഹനാപകടത്തിലായിരുന്നു മരണം. അപകടത്തിൽ നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
മകൻ അജിത്തിനെ യാത്രയാക്കി തിരികെവരുമ്പോൾ കുടുംബം സഞ്ചരിച്ചിരുന്ന കാർ നിർത്തിയിട്ടിരുന്ന സിമന്റ് ലോറിക്ക് പിന്നിൽ ഇടിയ്ക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി 12.30ഓടെയായിരുന്നു അപകടം. കരമന – കളിയിക്കാവിള പാതയിൽ ബാലരാമപുരം എസ്ബിഐയ്ക്ക് മുന്നിൽ നടന്ന അപകടത്തിൽ കാറിലുണ്ടായിരുന്ന കുട്ടികൾ ഉൾപ്പെടെ നാല് പേർക്ക് പരിക്കേറ്റു.
വഴിയരികിൽ നിർത്തിയിട്ടിരുന്ന സിമൻ്റ് ലോറിക്ക് പിന്നിലേക്ക് കാർ ഇടിച്ചുകയറുകയായിരുന്നു. കാർ ഓടിച്ചിരുന്ന അനേഷ് (37) ഉറങ്ങിപ്പോയതാവാം അപകടകാരണമെന്ന് കരുതുന്നു. സംഭവമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാരും ബാലരാമപുരം പോലീസും ചേർന്ന് പരിക്കേറ്റസ്വരെ ആശുപത്രിയിയിലെത്തിച്ചു. അജിത്തിൻ്റെ ഭാര്യ ആലീസ്, മകൾ ജുബിയ, അലൻ, അനീഷ് എന്നിവർക്കാണ് പരിക്കേറ്റത്. അപകടവിവരമറിഞ്ഞ അജിത്ത് യാത്ര റദ്ദാക്കി.
ആറ് മുങ്ങിമരണം
സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഈ മാസം 26ന് ആകെ ആറ് പേർ മുങ്ങിമരിച്ചു. കോഴിക്കോട് തിക്കോടിയിൽ തിരയിൽ പെട്ട് നാല് പേരാണ് മരണപ്പെട്ടത്. വയനാട്ടിൽ നിന്നെത്തിയ അനീസ (38), ബിനീഷ് (45), വാണി (39), ഫൈസൽ എന്നീ വിനോദസഞ്ചാരികളാണ് തിരയിൽ പെട്ട് മരിച്ചത്. തിക്കോടി ഡ്രൈവിങ് ബീച്ചിലുണ്ടായ അപകടത്തിൽ അഞ്ച് പേർ തിരയിൽ പെട്ടിരുന്നു. ഒരാൾ രക്ഷപ്പെട്ടെങ്കിലും നില ഗുരുതരമാണ്. കല്പറ്റയിലെ ഒരു ജിമ്മിൽ നിന്നുള്ള 20ലേറെ അംഗങ്ങളടങ്ങളാണ് സംഘത്തിലുണ്ടായിരുന്നത്. അപകടത്തിൽ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. കടലിൽ ഇറങ്ങരുതെന്ന് ഇവരോട് നാട്ടുകാർ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും സംഘം അത് വകവെച്ചില്ല. ഇവർ കൈകോർത്ത് കടലിലിറങ്ങി എന്നാണ് റിപ്പോർട്ട്.
26ന് വൈകിട്ടോടെയായിരുന്നു അപകടം. രാവിലെ ഏഴ് മണിയോടെയായിരുന്നു ഇവർ കോഴിക്കോട്ടേയ്ക്ക് പുറപ്പെട്ടത്. ബീച്ചില്‍ നല്ല തിരക്കുണ്ടായിരുന്ന സമയത്തായിരുന്നു അപകടം. കടലിലെ പാറയിൽ തങ്ങിനിൽക്കുന്ന നിലയിലാണ് ഒരു മൃതദേഹം ലഭിച്ചത്. അപകടത്തിൽ ജിന്‍സി എന്ന യുവതി മരണത്തിൽ നിന്ന് രക്ഷപ്പെട്ടു.
പത്തനംതിട്ടയിൽ രണ്ട് പത്താം ക്ലാസ് വിദ്യാർത്ഥികൾ കനാലിൽ മുങ്ങിമരിച്ചു. ശനിയാഴ്ച ഉച്ചയോടെ ഒഴുക്കില്പെട്ട് കാണാതായ രണ്ട് പേരുടെ മൃതദേഹങ്ങൾ പിന്നീട് കനാലിൽ നിന്ന് ലഭിക്കുകയായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് മുടിവെട്ടാനായാണ് ഇവർ വീട്ടിൽ നിന്നിറങ്ങിയത്. പത്തനംതിട്ട കിടങ്ങന്നൂർ നാക്കാലിക്കൽ എസ്‌വിജിഎച്ച്എസിലെ വിദ്യാർത്ഥികളായ മെഴുവേലി കണിയാംമുക്ക് സൂര്യേന്ദു വീട്ടിൽ അഭിരാജ് (15), കുടുവെട്ടിക്കൽ മഞ്ജുവിലാസത്തിൽ അനന്ദുനാഥ് (15) എന്നിവരാണ് മരണപ്പെട്ടത്. കനാലിൽ കുളിക്കാനിറങ്ങിയ ഇവർ ഒഴുക്കിൽപെടുകയായിരുന്നു. അപകട സ്ഥലത്തുനിന്ന് അര കിലോമീറ്റർ മാറി, കിടങ്ങന്നൂർ വില്ലേജ് പടി ഭാഗത്ത് നിന്ന് മൃതദേഹങ്ങൾ കണ്ടെത്തി. പോലീസ്, അഗ്നിശമന സേന, സ്‌കൂബ ടീം എന്നിവർ ചേർന്നാണ് തിരച്ചിൽ നടത്തിയത്. സ്‌കൂബാ ടീം അംഗങ്ങളാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.