Karunya Pharmacies: കാൻസർ രോഗികൾക്ക് സഹായ ഹസ്തവുമായി സർക്കാർ; കുറഞ്ഞ വിലയിൽ മരുന്നുകൾ വിപണിയിൽ
Karunya Pharmacies: കാരുണ്യ ഫാർമസികളിൽ നിന്ന് വിലക്കുറവിൽ കാൻസർ മരുന്നുകൾ ഇന്ന് മുതൽ രോഗികൾക്ക ലഭ്യമായി തുടങ്ങി. 42,350 രൂപ വിലയുള്ള കാൻസർ മരുന്ന് 35,667 രൂപ വില കുറച്ച് 6,683 രൂപയ്ക്ക് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള രോഗിക്ക് നൽകിയാണ് കാരുണ്യ സ്പർശത്തിന് തുടക്കമായത്. 26 ശതമാനം മുതൽ 96 ശതമാനം വരെ വിലക്കുറവ് മരുന്നുകൾക്കുണ്ടാവും. ഒന്നേമുക്കാൽ ലക്ഷം രൂപ വിലവരുന്ന മരുന്നിന് 93 ശതമാനം വിലക്കുറവ് ഉണ്ടെങ്കിൽ കേവലം 11,892 രൂപയ്ക്കായിരിക്കും രോഗികൾക്കു ലഭ്യമാക്കുന്നത്.
തിരുവനന്തപുരം: കാൻസർ രോഗികൾക്ക് സഹായ ഹസ്തവുമായി സർക്കാർ. കാരുണ്യ ഫാർമസികളിൽ നിന്ന് വിലക്കുറവിൽ കാൻസർ മരുന്നുകൾ ഇന്ന് മുതൽ ലഭ്യമായി തുടങ്ങി. 42,350 രൂപ വിലയുള്ള കാൻസർ മരുന്ന് 35,667 രൂപ വില കുറച്ച് 6,683 രൂപയ്ക്ക് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള രോഗിക്ക് നൽകിയാണ് കാരുണ്യ സ്പർശത്തിന് തുടക്കമായത്. 26 ശതമാനം മുതൽ 96 ശതമാനം വരെ വിലക്കുറവ് മരുന്നുകൾക്കുണ്ടാവും. ഒന്നേമുക്കാൽ ലക്ഷം രൂപ വിലവരുന്ന മരുന്നിന് 93 ശതമാനം വിലക്കുറവ് ഉണ്ടെങ്കിൽ കേവലം 11,892 രൂപയ്ക്കായിരിക്കും രോഗികൾക്കു ലഭ്യമാക്കുന്നത്.
ഈ പദ്ധതിയുടെ ആദ്യ ഘട്ടമായി ഓരോ ജില്ലയിലെയും തിരഞ്ഞെടുത്ത 14 കാരുണ്യ ഫാർമസികളിലൂടെ ഉയർന്ന വിലയുള്ള കാൻസർ മരുന്നുകൾ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കും. നിലവിൽ കേരളത്തിലുടനീളം പ്രവർത്തിക്കുന്ന എല്ലാ കാരുണ്യ ഫാർമസികളിലുമായി 250 ഓളം ബ്രാൻഡഡ് ഓങ്കോളജി മരുന്നുകൾ ലഭ്യമാണ്. ഇവയെല്ലാം തന്നെ ഈ കൗണ്ടറുകളിലൂടെ കുറഞ്ഞ വിലയ്ക്ക് ലഭ്യമാകും.
അർബുദ ചികിത്സയ്ക്കുള്ള വിലകൂടിയ മരുന്നുകൾ ഇടനിലക്കാരില്ലാതെ രോഗികൾക്ക് ലഭ്യമാക്കുക എന്നതാണ് പദ്ധതികൊണ്ട് സർക്കാർ ലക്ഷ്യം വയ്ക്കുന്നത്. രണ്ടു ശതമാനം സേവന ചെലവ് മാത്രം ഈടാക്കിക്കൊണ്ടും കേരള മെഡിക്കൽ സർവീസ് കോർപ്പറേഷന് ലഭിക്കുന്ന ലാഭം പൂർണ്ണമായും ഒഴിവാക്കിക്കൊണ്ടുമാകും ഈ കൗണ്ടറുകൾ പ്രവർത്തിക്കുക. സർക്കാരിന്റെ മൂന്നാം വാർഷികത്തോടനുബന്ധിച്ചുള്ള നൂറുദിന കർമ്മ പരിപാടികളുടെ ഭാഗമായാണ് ഈ സീറോ പ്രോഫിറ്റ് ആന്റി കാൻസർ മെഡിസിൻ കൗണ്ടറുകൾ ആരംഭിക്കുന്നത്.
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി, കൊല്ലം ഗവ. വിക്ടോറിയ ആശുപത്രി, പത്തനംതിട്ട ജനറൽ ആശുപത്രി, ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി, കോട്ടയം മെഡിക്കൽ കോളജ്, ഇടുക്കി നെടുങ്കണ്ടം താലൂക്ക് ആശുപത്രി, എറണാകുളം കളമശേരി മെഡിക്കൽ കോളജ്, തൃശൂർ മെഡിക്കൽ കോളജ്, പാലക്കാട് ജില്ലാ ആശുപത്രി, മലപ്പുറം ജില്ലാ ആശുപത്രി, കോഴിക്കോട് മെഡിക്കൽ കോളജ്, വയനാട് ജില്ലാ ആശുപത്രി, കണ്ണൂർ പരിയാരം മെഡിക്കൽ കോളജ്, കാസർകോട് ജനറൽ ആശുപത്രി എന്നിവിടങ്ങളിലെ കാരുണ്യ കമ്മ്യൂണിറ്റി ഫാർമസികളിൽ നിന്നാണ് ആദ്യ ഘട്ടത്തിൽ കുറഞ്ഞ വിലയ്ക്ക് കാൻസർ മരുന്ന് ലഭിക്കുക.