Honey Rose-Boby Chemmannur: ഹണീ റോസിൻ്റെ പരാതി: ബോബി ചെമ്മണ്ണൂർ കസ്റ്റഡിയിൽ
കഴിഞ്ഞ ദിവസമാണ് ബോബി ചെമ്മണ്ണൂരിനെതിരെ ഹണി റോസ് പരാതി നൽകിയത്, കൂടുതൽ ചോദ്യം ചെയ്യുന്നതിനായി ബോബി ചെമ്മണ്ണൂരിനെ കൊച്ചിയിലേക്ക് കൊണ്ടു പോകും
കൊച്ചി: നടി ഹണീ റോസിൻ്റെ പരാതിയിൽ ബോബി ചെമ്മണ്ണൂരിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. വയനാട്ടിൽ നിന്നാണ് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിൽ എടുത്തത്. കഴിഞ്ഞ ദിവസമാണ് ഹണീ റോസ് ബോബി ചെമ്മണ്ണൂരിനെതിരെ പോലീസിൽ പരാതി നൽകിയത്. ഇതിൻ്റെ ഭാഗമായാണ് പോലീസ് ബോബിയെകസ്റ്റഡിയിലെടുത്തതെന്നാണ് സൂചന. കൊച്ചിയിൽ നിന്നെത്തിയ അന്വേഷണ സംഘമാണ് കസ്റ്റഡിയിലെടുത്തത്. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി ബോബി ചെമ്മണ്ണൂരിനെ കൊച്ചിയിലേക്ക് കൊണ്ടു പോകും. ലൈംഗികച്ചുവയോടെയുള്ള അശ്ലീല ഭാഷണം ഭാരതീയ ന്യായസംഹിത 75(4) വകുപ്പ്, ഇലക്ട്രോണിക് മാധ്യമം വഴിയുള്ള അശ്ലീല പരാമർശം ഐടി ആക്ട് 67 വകുപ്പു പ്രകാരവുമാണ് ബോബി ചെമ്മണ്ണൂരിനെതിരെ കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഒരാൾ തനിക്കെതിരെ കുറച്ചു കാലമായി ലൈംഗീക ചുവയോടെ സംസാരിക്കുന്നുവെന്ന് ഹണീ റോസ് തന്നെ.യാണ് തൻ്റെ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. ഇതിന് പിന്നാലെ ഇത്തരം സ്വഭാവക്കാർക്കെതിരെ താൻ യുദ്ധം പ്രഖ്യാപിക്കുകയാണെന്നും ഹണി റോസ് പറഞ്ഞിരുന്നു. താരസംഘടനയായ അമ്മ, വിമൺ സിനിമാ കളക്ടീവ് തുടങ്ങിയ സംഘടനകളും ഹണീ റോസിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്ത് എത്തിയിരുന്നു.
ALSO READ: ഹണിക്ക് വിഷമം തോന്നിയെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നു’; ബോബി ചെമ്മണ്ണൂർ
അതേസമയം താൻ നടിയെ അല്ല ഉദ്ദേശിച്ചതെന്നും കുന്തീ ദേവിയെ ആണ് കരുതിയതെന്നും ബോബി തന്നെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. തൻ്റെ വാക്കുകൾ തെറ്റിദ്ധരിക്കപ്പെട്ടെന്നും ബോബി ചെമ്മണ്ണൂർ പറഞ്ഞിരുന്നു.
ഞാൻ ഭാരതത്തിലെ നിയമവ്യവസ്ഥയുടെ ശക്തിയിൽ വിശ്വസിക്കുന്നു
ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നൽകിയ വിവരം സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചു കൊണ്ട് ഹണീ റോസ് പറഞ്ഞ വാക്കുകളാണിത്. താങ്കൾ താങ്കളുടെ പണത്തിൻ്റെ ഹുങ്കിലും ഞാൻ ഭാരതത്തിൻ്റെ നിയമ വ്യവസ്ഥയിലുമാണ് വിശ്വസിക്കുന്നതെന്നാണ് ഹണി റോസ് സാമൂഹിക മാധ്യമ പോസ്റ്റിൽ കുറിച്ചത്. ഏറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിലാണ് താരം പരാതി നൽകിയത്. ഇതിന് മുൻപ് തന്നെ ബോബി ചെമ്മണ്ണൂരിൻ്റെ പേര് പറയാതെ സാമൂഹിക മാധ്യമങ്ങളിൽ ഹണി പോസ്റ്റ് പങ്ക് വെച്ചിരുന്നു. ഇതിൽ അശ്ലീല കമൻ്റിട്ട 27 പേർക്കെതിരെ പോലീസ് കേസെടുക്കുകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.