Irinchayam Bus Accident: ഇരിഞ്ചയത്ത് ബസ് അപകടം; സ്ലാബ് തകർന്ന് യാത്രക്കാർ ഓടയിൽ വീണു; അതിവേഗത്തിൽ രക്ഷാപ്രവർത്തനം
Bus Accident in Irinchayam: അപകടത്തിൽ ഉണ്ടായ ശബ്ദവും നാട്ടുകാരുടെ നിലവിളിയും കേട്ട് യുവാക്കൾ അടക്കമുള്ള നാട്ടുകാർ സ്ഥലത്തേക്ക് ഓടിയെത്തുകയായിരുന്നു. ഏകദേശം പത്ത് മിനിറ്റുകൾക്കകം തന്നെ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് എത്തിക്കാൻ കഴിഞ്ഞതാണ് അപകടത്തിന്റെ ആഘാതം കുറയ്ക്കാൻ കഴിഞ്ഞത്.
തിരുവനന്തപുരം: വെമ്പായം ഇരിഞ്ചയത്തുണ്ടായ ബസ് അപകടത്തിൽ നാട്ടുകാരുടെ സമയോചിത ഇടപെടൽ മൂലം വലിയ അപകടം ഒഴിവായി. അപകടത്തില്‍ ഒരു സ്ത്രീ മരിക്കുകയും 40 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. കാട്ടാകട സ്വദേശി ദാസിനി (61) ആണ് മരിച്ചത്. അപകടത്തിൽപെട്ട ബസിൽ നിന്നും യാത്രക്കാരെ സംഭവ സ്ഥലത്ത് ഓടിക്കൂടിയ നാട്ടുകാർ അതിവേഗം പുറത്തെത്തിച്ചതിനാൽ കൂടുതൽ ജീവഹാനി ഒഴിവായി. 25 ആംബുലൻസുകളാണ് അപകടവാർത്ത അറിഞ്ഞ ഉടൻ തന്നെ സ്ഥലത്തേക്കെത്തിയത്. രക്ഷാപ്രവർത്തനം നടത്തിയത് നാട്ടുകാരും ആംബുലൻസ് ഡ്രൈവർമാരും ചേർന്നാണ്. നെടുമങ്ങാട് അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തിയിരുന്നു.
അപകടത്തിൽ ഉണ്ടായ ശബ്ദവും യാത്രക്കാരുടെ നിലവിളിയും കേട്ട് യുവാക്കൾ അടക്കമുള്ള നാട്ടുകാർ സ്ഥലത്തേക്ക് ഓടിയെത്തുകയായിരുന്നു. ഏകദേശം പത്ത് മിനിറ്റുകൾക്കകം തന്നെ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് എത്തിക്കാൻ കഴിഞ്ഞതാണ് അപകടത്തിന്റെ ആഘാതം കുറയ്ക്കാൻ സഹായിച്ചത്. ബസ് വെട്ടിപൊളിച്ച ശേഷമാണ് അതിനുള്ളിൽ അകപ്പെട്ട യാത്രക്കാരെ പുറത്തെത്തിച്ചത്. റോഡരികിലുള്ള അഴുക്ക് ചാലിന് മുകളിലേക്കാണ് ബസ് വീണത്. ഇതിൽ അഴുക്ക് ചാലിന്റെ സ്ലാബ് തകരുകയും സ്ലാബിനിടയിലൂടെ യാത്രക്കാർ ഓടയിലേക്ക് വീഴുകയും ചെയ്തു. മിനിറ്റുകൾക്കുള്ളിൽ തന്നെ ഇവരെ എല്ലാം പുറത്തെടുക്കാൻ നാട്ടുകാർക്ക് സാധിച്ചു.
സംഭവ സ്ഥലത്തെത്തിയ പോലീസ് ഈ റോഡിലൂടെ ഉള്ള വാഹനഗതാഗതം തടഞ്ഞതും രക്ഷാപ്രവർത്തനം എളുപ്പമാക്കാൻ സഹായിച്ചു. തുടർന്ന് ഒരു മണിക്കൂറിനകം തന്നെ ബസ് നിവർത്തിയത് കൊണ്ട് ആരും കുടുങ്ങി കിടക്കുന്നില്ലെന്ന് ഉറപ്പു വരുത്താൻ കഴിഞ്ഞു. നിരന്തരം അപകടം ഉണ്ടാകുന്ന ഒരു വളവിലാണ് സംഭവം ഉണ്ടായത്. വളവിൽ നിയന്ത്രണം നഷ്ടമായതോടെ ബസ് ഒരു വശത്തേക്ക് മറിഞ്ഞു വീഴുകയായിരുന്നു. അതിവേഗത്തിൽ സംഭവിച്ച ഈ മറിയലിൽ ബസിൽ ഉണ്ടായ യാത്രക്കാർ തെറിച്ചു വീണാണ് പരിക്കേറ്റത്. എന്നാൽ അപകടത്തിൽ മരിച്ച ദാസിനിക്ക് ശരീരത്തിൽ പരിക്കുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. മറ്റ് പലർക്കും തലയ്ക്കാണ് പരിക്കേറ്റിട്ടുള്ളത്.
കാട്ടാക്കട കീഴാറൂരിൽ നിന്ന് മൂന്നാറിലേക്ക് വിനോദയാത്ര പുറപ്പെട്ട ബസാണ് അപകടത്തിൽപെട്ടത്. ബന്ധുക്കൾ ആയിരുന്നു ബസിൽ കൂടുതലും ഉണ്ടായത്. കുട്ടികളും ഉണ്ടായിരുന്നു. വെള്ളിയാഴ്ച രാത്രി 10.30ഓടെയാണ് നെടുമങ്ങാട് – വെമ്പായം റോഡിൽ ഇരിഞ്ചയത്തിന് സമീപത്തായി അപകടം ഉണ്ടായത്. ബസിൽ ഉണ്ടായിരുന്ന 49 പേരിൽ 40 പേർക്കും അപകടത്തിൽ പരിക്കേറ്റു. ഇതിൽ 26 പേർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഏഴ് കുട്ടികളെ എസ്എടി ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേൽക്കാത്ത 15 പേർ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ആണുള്ളത്.