Brothers Attack Man: തുറിച്ചു നോക്കിയതിന് തൃശൂരിൽ യുവാവിനെ ഇടിച്ചുകൊല്ലാൻ ശ്രമം; സഹോദരങ്ങൾ പോലീസ് പിടിയിൽ
Brothers Arrested for Attempting to Kill Man in Thrissur: ഫെബ്രുവരി 28 നാണ് കേസിനാസ്പദമായ സംഭവം. രാവിലെ സ്‌കൂട്ടറിൽ വരുകയായിരുന്ന മനക്കൊടി സ്വദേശി പള്ളിപ്പുറത്തുകാരൻ വീട്ടിൽ അക്ഷയ് എന്ന 25കാരനെ ഇരുവരും ചേർന്ന് മർദ്ദിക്കുകയായിരുന്നു.

മനക്കൊടി (തൃശൂർ): മനക്കൊടിയിൽ യുവാവിനെ ഇടിച്ചു കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതികളായ സഹോദരങ്ങളെ പോലീസ് അറസ്റ്റ് ചെയ്തു. അന്തിക്കാട് പൊലീസാണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. മനക്കൊടിയിൽ താമസിക്കുന്ന പാന്തോട് സ്വദേശികളായ പള്ളിയിൽ വീട്ടിൽ 26കാരനായ പ്രത്യുഷ്, 20കാരനായ കിരൺ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഫെബ്രുവരി 28 നാണ് കേസിനാസ്പദമായ സംഭവം. രാവിലെ സ്‌കൂട്ടറിൽ വരുകയായിരുന്ന മനക്കൊടി സ്വദേശി പള്ളിപ്പുറത്തുകാരൻ വീട്ടിൽ അക്ഷയ് എന്ന 25കാരനെ ആണ് ഇരുവരും ചേർന്ന് മർദിച്ചത്. മനക്കൊടി കുന്ന് സെന്ററിൽ വെച്ച് തുറിച്ചു നോക്കിയെന്ന കാരണം പറഞ്ഞാണ് അക്ഷയയെ സഹോദരങ്ങൾ ചേർന്ന് മുഖത്തിലും നെഞ്ചിലും ഇടിച്ച് ഗുരുതരമായി പരിക്കേല്പിച്ചത്.
സംഭവത്തിൽ പ്രതികൾക്കെതിരെ പോലീസ് കൊലക്കുറ്റം ചുമത്തി കേസെടുക്കുകയായിരുന്നു. തുടർന്ന് ഞായറാഴ്ച കസ്റ്റഡിയിൽ എടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ഇരുവരുടെയും പേരിൽ മുമ്പും കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്. ചേർപ്പ് പോലീസ് സ്റ്റേഷനിൽ കവർച്ചക്കേസും, അന്തിക്കാട് പോലീസ് സ്റ്റേഷനിൽ വധശ്രമ കേസും, മയക്കുമരുന്ന് ഉപയോഗിച്ചതിനുള്ള കേസും പ്രത്യുഷിന്റെ പേരിൽ ഉണ്ട്.
കിരണിന്റെ പേരിൽ അന്തിക്കാട് പോലീസ് സ്റ്റേഷനിൽ രണ്ടു അടിപിടി കേസുകളും രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്. അന്തിക്കാട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ സുബിൻ, ജോസി, പോലീസ് ഉദ്യോഗസ്ഥരായ ശിവകുമാർ, ഫൈസൽ എന്നിവരാണ് കേസിൽ അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തത്.