Kondotty Bride Death: നിറത്തിന്റെ പേരില്‍ മാനസിക പീഡനം; കൊണ്ടോട്ടിയില്‍ നവവധു ആത്മഹത്യ ചെയ്തു
Bride Commits Suicide in Kondotty: മാനസിക പീഡനം മൂലമാണ് ഷഹാന ആത്മഹത്യ ചെയ്തതെന്ന് യുവതിയുടെ കുടുംബം പറയുന്നു. നിറത്തിന്റെ പേരില്‍ വിവാഹബന്ധം ഉപേക്ഷിക്കാന്‍ ഭര്‍ത്താവും കുടുംബവും നിര്‍ബന്ധിച്ചുവെന്ന് കുടുംബം ആരോപിക്കുന്നു. നിറത്തിന്റെ പേരിലും ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയില്ലെന്ന് പറഞ്ഞും ഭര്‍ത്താവ് നിരന്തരം മാനസികമായി ഉപദ്രവിച്ചിരുന്നതായും കുടുംബം പറയുന്നു.
കൊണ്ടോട്ടി: മലപ്പുറം കൊണ്ടോട്ടിയില്‍ നവവധു ആത്മഹത്യ ചെയ്തു. നിറത്തിന്റെ പേരിലുള്ള അവഹേളനത്തെ തുടര്‍ന്നാണ് നവവധു ആത്മഹത്യ ചെയ്തത്. ഷഹാന മുംതാസ് (19) ആണ് മരിച്ചത്. രാവിലെ പത്ത് മണിയോടെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
മാനസിക പീഡനം മൂലമാണ് ഷഹാന ആത്മഹത്യ ചെയ്തതെന്ന് യുവതിയുടെ കുടുംബം പറയുന്നു. നിറത്തിന്റെ പേരില്‍ വിവാഹബന്ധം ഉപേക്ഷിക്കാന്‍ ഭര്‍ത്താവും കുടുംബവും നിര്‍ബന്ധിച്ചുവെന്ന് കുടുംബം ആരോപിക്കുന്നു. നിറത്തിന്റെ പേരിലും ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയില്ലെന്ന് പറഞ്ഞും ഭര്‍ത്താവ് നിരന്തരം മാനസികമായി ഉപദ്രവിച്ചിരുന്നതായും കുടുംബം പറയുന്നു.
കൊണ്ടോട്ടി മൊറയൂര്‍ സ്വദേശി അബ്ദുല്‍ വാഹിദാണ് ഷഹാനയെ വിവാഹം കഴിച്ചിരുന്നത്. 2024 മെയ് 27നായിരുന്നു ഇവരുടെ നിക്കാഹ് നടന്നത്. പിന്നീട് വെറും 20 ദിവസങ്ങള്‍ മാത്രമാണ് ഇരുവരും ഒരുമിച്ച് ജീവിച്ചത്. തുടര്‍ന്ന് അബ്ദുല്‍ വാഹിദ് വിദേശത്തേക്ക് പോയി.
വിദേശത്തെത്തിയ വാഹിദ് പെണ്‍കുട്ടിക്ക് വേണ്ടത്ര വെളുപ്പ് നിറമില്ലെന്നും ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയില്ലെന്നും പറഞ്ഞ് അവഹേളിക്കുകയായിരുന്നു. ബന്ധം വേര്‍പ്പെടുത്തുന്നതിന് വാഹിദും വീട്ടുകാരും പെണ്‍കുട്ടിയില്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. ഇക്കാര്യങ്ങളെല്ലാം തങ്ങളോട് ഷഹാന പറഞ്ഞിരുന്നതായാണ് കുടുംബം പറയുന്നത്.
മാനസികമായി സംഘര്‍ഷത്തിലായിരുന്ന പെണ്‍കുട്ടിക്ക് കൗണ്‍സിലിങ് നല്‍കിയതായും ബന്ധുക്കള്‍ പറയുന്നു. സ്വന്തം വീട്ടിലെ കിടപ്പുമുറിയിലാണ് പെണ്‍കുട്ടി ജീവനൊടുക്കിയത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ കുടുംബം പരാതി നല്‍കി. ഷഹാനയുടെ പിതാവ് വിദേശത്ത് നിന്നെത്തിയ ശേഷം മറ്റ് നടപടികള്‍ സ്വീകരിക്കുമെന്ന് കുടുംബം വ്യക്തമാക്കി. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ വെച്ച് പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കിയ മൃതദേഹം ബുധനാഴ്ട ഖബറടക്കും.
(അറിയിപ്പ്: ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല. മാനസികമായി പിന്തുണ വേണമെന്ന് തോന്നുകയാണെങ്കില്‍ വിദഗ്ധരുടെ സഹായം തേടുക. ആത്മഹത്യ ഒരു പ്രശ്‌നത്തിനും പരിഹാരമല്ല. ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടായാല്‍ കൗണ്‍സലിംഗ് പിന്തുണക്കായി ഈ നമ്പറുകളില്‍ വിളിക്കാം 1056, 0471- 2552056)