Check Post Bribe Case: കൈക്കൂലി വാങ്ങിയെന്ന് പരാതി നൽകി; പരാതിക്കാരന് 25,250 രൂപ പിഴ ചുമത്തി എംവിഡി
Kattikulam Checkpost Bribe Case: ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്ന പേരിൽ ഡ്രൈവർക്കെതിരെ കേസെടുത്തു. ഡ്രൈവറെ മർദിച്ചെന്ന പരാതിയിൽ ഉദ്യോഗസ്ഥർക്കെതിരെയും കേസെടുത്തു.
വയനാട്: കൈക്കൂലി വാങ്ങിയെന്ന് പരാതി നൽകിയ പരാതിക്കാരനായ ലോറി ഡ്രൈവർക്ക് പിഴ ചുമത്തി മോട്ടോർ വാഹന വകുപ്പ് (MVD Kerala). ലോറി ഡ്രൈവറും കാട്ടിക്കുളം ചെക്ക്പോസ്റ്റിലെ എംവിഡി ഉദ്യോഗസ്ഥരും തമ്മിലുള്ള തർക്കത്തെ തുടർന്നാണ് സംഭവം നടക്കുന്നത്. കഴിഞ്ഞ ദിവസമാണ് ലോറിയിൽ ലോഡുമായെത്തിയ മലപ്പുറം സ്വദേശിയും മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥരും തമ്മിൽ തർക്കമുണ്ടായത്. ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി എന്ന ലോറി ഡ്രൈവറിൻ്റെ വാദമാണ് തർക്കത്തിലേക്ക് നയിച്ചത്. അതേസമയം വാഹനത്തിൽ അധികഭാരം കയറ്റിയെന്നും, അധിക ലൈറ്റ് ഘടിപ്പിച്ചെന്ന പേരിലും 25,250 രൂപ പിഴ ഡ്രൈവർക്ക് ചുമത്തി മോട്ടോർവാഹന വകുപ്പ് നോട്ടീസ് നൽകി. ഇത് പകപോക്കലിന്റെ ഭാഗമായാണ് എന്നാണ് ഡ്രൈവറിന്റെ ആരോപണം.
ഓഗസ്റ്റ് 20ന് രാവിലെയാണ് മലപ്പുറം മേലാറ്റൂർ എടയത്തൂർ അമ്പാട്ട് ഹൗസിൽ എ മുഹമ്മദ് ഹനീഫയും മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥരും തമ്മിൽ തർക്കമുണ്ടായത്. തനിക്കു മുന്നേ ചെക്ക്‌പോസ്റ്റിൽ രേഖകൾ കാണിക്കാനായി പോയ ഡ്രൈവറിൽ നിന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥൻ 200 രൂപ കൈക്കൂലി വാങ്ങി. ഇത് മൊബൈലിൽ പകർത്താൻ ശ്രമിച്ച തന്നെ എംവിഡി ഉദ്യോഗസ്ഥർ മർദിക്കുകയും തൻ്റെ ഫോൺ പിടിച്ച വാങ്ങാൻ ശ്രമിക്കുകയും ചെയ്‌തെന്നാണ് ഹനീഫ നൽകിയ പരാതിയിൽ പറയുന്നത്.
ALSO READ: സിബിഐയുടെ നുണ പരിശോധന ഇന്ന്, ലോഡ്ജ് ജീവനക്കാരിയുടെ അനുമതി വാങ്ങി
എന്നാൽ, ഹനീഫ തങ്ങളെയാണ് മർദിച്ചതെന്ന് ഉദ്യോസ്ഥരും പരാതിപ്പെട്ടു. ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്ന പേരിൽ തിരുനെല്ലി പോലീസ് ഹനീഫയുടെ പേരിൽ കേസെടുത്തു. ഹനീഫയുടെ പരാതിയിൻമേൽ ജോലിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ എഎംവിഐപി വിവേക് രാജ്, ഓഫീസ് അസിസ്റ്റന്റ് പി പ്രദീപ്കുമാർ, എന്നിവരുടെ പേരിലും കേസെടുത്തിട്ടുണ്ട്.
വാഹനം ഉൾപ്പടെ 36,750 കിലോ ഭാരം വരെ വഹിക്കാമെന്നിരിക്കെ 35,540 കിലോ ഭാരം മാത്രമാണ് ഉണ്ടായിരുന്നത്. ഇതിനാണ് അമിതഭാരമെന്ന പേരിൽ പിഴ ചുമത്തിയതെന്ന് ഹനീഫ ആരോപിക്കുന്നു. ജില്ലയിലെ മറ്റ് ചെക്ക്പോസ്റ്റുകളിലെല്ലാം തന്നെ സിസിടിവി ക്യാമറ ഉണ്ടെങ്കിലും കാട്ടികുളത്ത് ഇല്ല. അധിക ഭാരവുമായെത്തുന്ന ചില വാഹനങ്ങൾ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് കൊണ്ട് കടന്നുപോകാറുണ്ടെന്നും ആരോപണമുണ്ട്.