Boby Chemmanur : ബോബി ചെമ്മണ്ണൂര്‍ ഇന്ന് പുറത്തിറങ്ങുമോ? ജയിലിലെ ‘ബോചെ ഷോ’ കോടതിയെ അറിയിക്കാന്‍ പ്രോസിക്യൂഷന്‍; കേസിന്റെ നാള്‍വഴികളിലൂടെ
Bobby Chemmannur Honey Rose Case : ജാമ്യവ്യവസ്ഥകള്‍ അംഗീകരിച്ചുകൊണ്ടുള്ള ജയില്‍ ബുക്കില്‍ ബോബി ചെമ്മണ്ണൂര്‍ ഒപ്പിട്ടിട്ടില്ല. ആറു ദിവസമായി കാക്കനാട് ജയിലിലാണ് ബോബി. ചൊവ്വാഴ്ചയാണ് ജാമ്യം ലഭിച്ചത്. 50,000 രൂപയുടെ ബോണ്ടും, രണ്ട് പേരുടെ ജാമ്യവുമായിരുന്നു വ്യവസ്ഥ. ആവശ്യപ്പെടുമ്പോള്‍ അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകണമെന്നും, വ്യവസ്ഥകള്‍ ലംഘിച്ചാല്‍ ജാമ്യം റദ്ദാക്കുമെന്നും കോടതി
കൊച്ചി: ലൈംഗിക അധിക്ഷേപ കേസില്‍ ജാമ്യം ലഭിച്ചിട്ടും ജയിലില്‍ നിന്ന് പുറത്തിറങ്ങാതെ ബോബി ചെമ്മണ്ണൂര്‍ തുടരുന്ന നിസഹകരണത്തെക്കുറിച്ച് പ്രോസിക്യൂഷന്‍ ഇന്ന് കോടതിയെ അറിയിച്ചേക്കുമെന്ന് സൂചന. ബോബി ഇന്നും ജയിലില്‍ നിന്ന് ഇറങ്ങുമോയെന്ന് വ്യക്തമല്ല. ജാമ്യം ലഭിച്ചിട്ടും സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലം ജയിലില്‍ നിന്ന് പുറത്തിറങ്ങാന്‍ സാധിക്കാത്ത തടവുകാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ടാണ് ബോബി ജയിലില്‍ തുടരുന്നത്. ഇത്തരത്തിലുള്ള തടവുകാര്‍ പുറത്തിറങ്ങുന്നതു വരെ താനും ജയിലില്‍ തുടരുമെന്നാണ് ബോബിയുടെ നിലപാട്. അഭിഭാഷകര്‍ ഇല്ലാതെയും, ബോണ്ട് തുക കെട്ടിവയ്ക്കാന്‍ സാധിക്കാതെയും നിരവധി പേര്‍ ജയിലിലുണ്ടെന്ന് ബോബി ചെമ്മണ്ണൂര്‍ പറയുന്നു.
ഹൈക്കോടതി ഉത്തരവ് അനുസരിച്ചുള്ള ജാമ്യവ്യവസ്ഥകള്‍ അംഗീകരിച്ചുകൊണ്ടുള്ള ജയില്‍ ബുക്കില്‍ ബോബി ചെമ്മണ്ണൂര്‍ ഒപ്പിട്ടിട്ടില്ലെന്നാണ് വിവരം. ആറു ദിവസമായി കാക്കനാട് ജയിലിലാണ് ബോബിയുള്ളത്. ചൊവ്വാഴ്ചയാണ് ജാമ്യം ലഭിച്ചത്. 50,000 രൂപയുടെ ബോണ്ടും, രണ്ട് പേരുടെ ജാമ്യവുമായിരുന്നു വ്യവസ്ഥ. ആവശ്യപ്പെടുമ്പോള്‍ അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകണമെന്നും, വ്യവസ്ഥകള്‍ ലംഘിച്ചാല്‍ ജാമ്യം റദ്ദാക്കുമെന്നും ഉത്തരവിലുണ്ട്.
പുറത്തിറങ്ങുന്ന ബോബിയെ സ്വീകരിക്കാന്‍ ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ ഭാരവാഹികളും, മറ്റ് ചിലരും ജയിലിന് പുറത്ത് കാത്തുനില്‍പുണ്ടായിരുന്നു. ഇതിനിടെയാണ് പുറത്തിറങ്ങാന്‍ തയ്യാറാകാതെ ജയിലിനുള്ളില്‍ ബോബി ചെമ്മണ്ണൂര്‍ തുടരുന്നത്.
കോടതിയില്‍ സംഭവിച്ചത്
ബോഡി ഷെയ്മിംഗിനെതിരെ രൂക്ഷവിമര്‍ശനമാണ് കോടതി നടത്തിയത്. ബോഡി ഷെയ്മിംഗ് സ്വീകാര്യമല്ലെന്നും, മറ്റുള്ളവരുടെ ശരീരത്തെക്കുറിച്ച് പരാമര്‍ശം നടത്തുന്നത് ശരിയല്ലെന്നും ജാമ്യ ഉത്തരവിനിടെ കോടതി വ്യക്തമാക്കി. ബോബി ചെമ്മണ്ണൂര്‍ നടത്തിയത് ദ്വയാര്‍ത്ഥ പ്രയോഗമാണെന്നും കോടതി വ്യക്തമാക്കി. ബോബിയെ ചടങ്ങില്‍ വച്ച് എതിര്‍ക്കാതിരുന്നത് നടിയുടെ മാന്യത കൊണ്ടാണെന്നും, പൊതുസമൂഹത്തില്‍ പറയേണ്ട കാര്യങ്ങളല്ല ബോബി പറഞ്ഞതെന്നും കോടതി നിരീക്ഷിച്ചു.
Read Also : മദ്യപിച്ച് വീട്ടിലെത്തി വാക്കുതര്‍ക്കം ; മകനെ തലക്കടിച്ച് കൊലപ്പെടുത്തി അച്ഛന്‍
ഒരു സ്ത്രീയെ അവരുടെ ബാഹ്യരൂപത്തിന്റെ അടിസ്ഥാനത്തിലാണ് വിലയിരുത്തുന്നതെങ്കില്‍, അത് അവരെയല്ല, നിങ്ങളെ തന്നെയാണ് നിര്‍വചിക്കുന്നതെന്ന അമേരിക്കൻ മോട്ടിവേഷനൽ പ്രാസംഗികന്‍ ഡോ. സ്റ്റീവ് മരാബോളിയുടെ വാക്കുകൾ കോടതി ഉദ്ധരിച്ചു.
ബോബി നൽകിയ അഭിമുഖങ്ങളും പ്രസ്താവനകളും പ്രോസിക്യൂഷൻ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇത് കേട്ടാല്‍ ദ്വയാര്‍ത്ഥമാണെന്ന് വ്യക്തമാകുമല്ലോയെന്ന് കോടതി ചോദിച്ചു. ബോഡി ഷെയ്മിംഗ് അംഗീകരിക്കാനാകില്ല. തടിച്ചത്, മെലിഞ്ഞത്, പൊക്കം കുറഞ്ഞത്, പൊക്കം കൂടിയത്, കറുത്തത് തുടങ്ങി ഒരാളുടെ ശരീരത്തെക്കുറിച്ച് നടത്തുന്ന പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്നും തോടതി പറഞ്ഞു.
പരാമര്‍ശങ്ങളെല്ലാം പിന്‍വലിക്കുകയാണെന്ന് ബോബിയുടെ അഭിഭാഷകന്‍ അഡ്വ. ബി. രാമന്‍പിള്ള കോടതിയില്‍ അറിയിച്ചു. പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും, ചുമത്തിയിരിക്കുന്നത് ഗുരുതരമായ കുറ്റങ്ങളല്ലെന്നും പ്രതിഭാഗം വാദിച്ചു. കൂടാതെ മൂന്ന് വര്‍ഷം മാത്രം ജയില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ മാത്രമാണ് ബോബിക്കെതിരെ ചുമത്തിയിരുന്നത്. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്.
കേസിന്റെ നാള്‍വഴികളിലൂടെ
ബോബി ചെമ്മണ്ണൂര്‍ തനിക്കെതിരെ തുടര്‍ച്ചയായി അശ്ലീല അധിക്ഷേപങ്ങള്‍ നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി നടി ഹണി റോസ് എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതാണ് സംഭവങ്ങളുടെ തുടക്കം. പരാതി ലഭിച്ചതിന് പിന്നാലെ പൊലീസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചു. തുടര്‍ന്ന് വയനാട്ടില്‍ വച്ച് ബോബിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഈ മാസം ഒൻപതിനാണ് ബോബിയെ മജിസ്ട്രേട്ട് കോടതി 14 ദിവസത്തെ റിമാൻഡ് ചെയ്തത്.