Honey Rose- Boby Chemmannur : ജാമ്യം നൽകിയാൽ മോശം പരാമർശം നടത്തുന്നവർക്ക് പ്രോത്സാഹനമാവുമെന്ന് പ്രോസിക്യൂഷൻ; ബോബി ചെമ്മണ്ണൂർ ജയിലിലേക്ക്
Boby Chemmannurs Bail Plea Rejected : ബോബി ചെമ്മണ്ണൂരിനെ റിമാൻഡ് ചെയ്ത് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി 2. ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ച കേസിൽ ബോബിയുടെ ജാമ്യാപേക്ഷ കോടതി തള്ളി.
ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ച കേസിൽ വ്യവസായി ബോബി ചെമ്മണ്ണൂരിൻ്റെ ജാമ്യാപേക്ഷ തള്ളി കോടതി. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി 2 ആണ് ജാമ്യാപേക്ഷ തള്ളിയത്. ബോബിയെ കോടതി പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഈ മാസം എട്ടിനാണ് ഹണി റോസ് (Honey Rose) നൽകിയ പരാതിയിൽ ബോബി ചെമ്മണ്ണൂരിനെ അറസ്റ്റ് ചെയ്തത്. വയനാട്ടിൽ നിന്ന് അറസ്റ്റിലായ ബോബിയെ എറണാകുളത്ത് എത്തിക്കുകയായിരുന്നു.
അഡ്വ. ബി രാമന്‍പിള്ളയാണ് ബോബി ചെമ്മണ്ണൂരിന് വേണ്ടി ഹാജരായത്. തനിക്കെതിരെ ഉയർന്നത് വ്യാജ ആരോപണമാണെന്ന് ബോബി കോടതിയിൽ വാദിച്ചു. ഇത് സാധൂകരിക്കുന്നതിനായി ഡിജിറ്റൽ തെളിവ് ഹാജരാക്കാമെന്ന് പ്രതിഭാഗം അറിയിച്ചപ്പോൾ ഈ ഘട്ടത്തിൽ അതിൻ്റെ ആവശ്യമില്ലെന്നായിരുന്നു കോടതിയുടെ മറുപടി. ബോബി ചെയ്തത് ഗൗരവമേറിയ കുറ്റമാണെന്നും ജാമ്യം നൽകിയാൽ മോശം പരാമര്‍ശം നടത്തുന്നവര്‍ക്ക് പ്രോത്സാഹാനമാകുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ജാമ്യം നൽകിയാൽ ബോബി ഒളിവിൽ പോകാൻ സാധ്യതയുണ്ടെന്നും സാക്ഷികളെ സ്വാധീനിക്കുമെന്നും പ്രോസ്ക്യൂഷൻ വാദിച്ചു.
Also Read : Honey Rose – Boby Chemmanur: ഹണി റോസിൻ്റെ പരാതി; ബോബി ചെമ്മണ്ണൂരിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി
ഈ മാസം എട്ടിനാണ് ബോബി ചെമ്മണ്ണൂരിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഈ മാസം ഏഴിന് വയനാട്ടിൽ നിന്ന് അറസ്റ്റ് ചെയ്ത ബോബിയെ എട്ടിന് വൈകുന്നേരം 7.20ഓടെയാണ് എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ എത്തിച്ചത്. എറണാകുളം സെൻട്രൽ പോലീസും വയനാട് പോലീസും ചേർന്നാണ് എട്ടിന് രാവിലെ 9 മണിയോടെ ഇയാളെ കസ്റ്റഡിയിലെടുത്തത്. വയനാട്ടിലെ ആയിരം ഏക്കർ എസ്റ്റേറ്റിൽ നിന്ന് പിടികൂടിയ ബോബിയെ ഇയാളെ ആദ്യം പുത്തൂർവയലിനെ എആർ ക്യാമ്പിലേക്ക് സ്വകാര്യവാഹനത്തിൽ കൊണ്ടുപോവുകയായിരുന്നു. ക്യാമ്പിൽ ഒന്നര മണിക്കൂറോളം ചിലവഴിച്ച ശേഷം 12 മണിയോടെയാണ് പോലീസ് വാഹനത്തിൽ ബോബിയെ എറണാകുളത്തേക്ക് കൊണ്ടുവന്നത്.
ഈ മാസം ഏഴിനാണ് തനിക്കെതിരെ നിരന്തരം സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തുന്നെന്ന് കാട്ടി ബോബി ചെമ്മണ്ണൂരിനെതിരെ ഹണി റോസ് പരാതിനൽകിയത്. സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രസ്താവനകൾ നടത്തിയെന്നായിരുന്നു എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ ബോബി പരാതി സമർപ്പിച്ചത്. ‘താങ്കൾ താങ്കളുടെ പണത്തിൻ്റെ ഹുങ്കിൽ വിശ്വസിക്കൂ, ഞാൻ ഭാരതത്തിലെ നിയമവ്യവസ്ഥയുടെ ശക്തിയിൽ വിശ്വസിക്കുന്നു. താങ്കളുടെ തന്നെ മാനസികനിലയുള്ള കൂട്ടാളികൾക്കെതിരെയുള്ള പരാതികൾ പുറകെ ഉണ്ടാവും’ എന്ന് കേസ് നൽകിയതിന് പിന്നാലെ ഹണി റോസ് തൻ്റെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ കുറിച്ചു.
കേസ് നൽകിയതിന് പിന്നാലെ പരാമർശത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായി ബോബി ചെമ്മണ്ണൂർ റിപ്പോർട്ടർ ടിവിയോട് പ്രതികരിച്ചിരുന്നു.. പരാമർശത്തിൽ തനിക്ക് ഖേദമുണ്ടെന്നും ഹണി റോസിനെ മോശമായി ചിത്രീകരിക്കണമെന്ന് മനപൂർവം വിചാരിച്ചിട്ടില്ലെന്നും ബോബി പറഞ്ഞിരുന്നു. എന്നാൽ കേസ് പിൻവലിക്കാൻ ഹണി തയ്യാറായില്ല. ഇതിനിടെ തൻ്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ അശ്ലീല കമൻ്റിട്ട 27 പേർക്കെതിരെയും ഹണി പരാതിനൽകി. ഇതിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. സ്ത്രീകൾക്കെതിരെ അസഭ്യപരാമർശം നടത്തുന്നവരോടു യുദ്ധം പ്രഖ്യാപിക്കുന്നു എന്ന് പിന്നീട് ഹണി റോസ് പോസ്റ്റ് ചെയ്തിരുന്നു.