Boby Chemmanur : ബോബി ചെമ്മണ്ണൂരിൻ്റെ ജാമ്യം റദ്ദാക്കും? 12 മണിക്കുള്ളിൽ വിശദീകരണം വേണമെന്ന് ഹൈക്കോടതി
Boby Chemmanur Bail Updates : ഹണി റോസ് നല്‍കിയ പരാതിയില്‍ ഈ മാസം എട്ടിനാണ് ബോബി ചെമ്മണ്ണൂരിനെ വയനാട്ടില്‍ വച്ച് അറസ്റ്റു ചെയ്യുന്നത്. ഈ മാസം ഒൻപതിനാണ് ബോബിയെ മജിസ്ട്രേട്ട് കോടതി 14 ദിവസത്തെ റിമാൻഡ് ചെയ്തു. തുടര്‍ന്ന് കാക്കനാട്ടെ ജയിലിലായിരുന്നു ബോബി. പരാതി ലഭിച്ചതിന് പിന്നാലെ അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചിരുന്നു
കൊച്ചി: ജാമ്യം ലഭിച്ചിട്ടും ജയിലില്‍ തുടര്‍ന്ന ബോബി ചെമ്മണ്ണൂര്‍ ഒടുവില്‍ ഹൈക്കോടതി നടപടി ഭയന്ന് പുറത്തിറങ്ങി. ഇന്നലെ കോടതി ജാമ്യം അനുവദിച്ചിട്ടും ബോബി ജയിലില്‍ നിന്ന് പുറത്തിറങ്ങാന്‍ തയ്യാറായിരുന്നില്ല. സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലം ജയിലില്‍ നിന്ന് പുറത്തിറങ്ങാന്‍ സാധിക്കാത്ത തടവുകാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ടാണ് ബോബി ചെമ്മണ്ണൂര്‍ ജയിലില്‍ തുടര്‍ന്നത്. എന്നാല്‍ ബോബി ചെമ്മണ്ണൂരിന്റെ ഈ നടപടി ഹൈക്കോടതി അതീവ ഗൗരവത്തോടെയാണ് കാണുന്നത്. 12 മണിക്കുള്ളില്‍ വിശദീകരണം വേണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. പ്രതിഭാഗം അഭിഭാഷകർ അടക്കമുള്ളവരോട് കോടതിയിൽ ഹാജരാകാന്‍ ജസ്റ്റിസ് പിവി കുഞ്ഞിക്കൃഷ്ണൻ നിര്‍ദ്ദേശിച്ചു. വിശദീകരണം ബോധ്യമായില്ലെങ്കില്‍ ബോബി ചെമ്മണ്ണൂരിന്റെ ജാമ്യം റദ്ദാക്കിയേക്കും.
ഹൈക്കോടതിയുടെ അസാധാരണ നീക്കത്തിന് പിന്നാലെയാണ് ബോബി പുറത്തിറങ്ങിയത്. ഹൈക്കോടതി അസാധാരണ നീക്കങ്ങളിലേക്ക് കടക്കുമെന്ന് വ്യക്തമായതോടെ 10 മിനിറ്റിനുള്ളില്‍ ബോബി പുറത്തിറങ്ങുകയായിരുന്നു. നടത്തിയത് കോടതി അലക്ഷ്യമല്ലേയെന്ന ചോദ്യങ്ങളോട് ബോബി പ്രതികരിച്ചില്ല. തുടര്‍ന്ന് ബോബിയെ അഭിഭാഷകര്‍ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. ശബരിമല മകരവിളക്ക് അടക്കമുള്ള കാരണങ്ങളാല്‍ ഇന്നലെ മാധ്യമശ്രദ്ധ കിട്ടില്ലെന്നതിനാലാണ് ബോബി ജയിലില്‍ തുടര്‍ന്നതെന്നും റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നുണ്ട്.
ചൊവ്വാഴ്ചയാണ് ഹൈക്കോടതി ബോബിക്ക് ജാമ്യം അനുവദിച്ചത്. ആവശ്യപ്പെടുമ്പോള്‍ അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. വ്യവസ്ഥകള്‍ ലംഘിച്ചാല്‍ ജാമ്യം റദ്ദാക്കുമെന്നും കോടതി വ്യക്തമാക്കി. ജാമ്യം ലഭിച്ചിട്ടും ജയിലില്‍ നിന്ന് പുറത്തിറങ്ങാത്തത് ജാമ്യം റദ്ദാക്കാനുള്ള സാധ്യതകള്‍ ശക്തമാക്കുകയാണ്.
തുടര്‍ച്ചയായി അശ്ലീല അധിക്ഷേപങ്ങള്‍ നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി നടി ഹണി റോസ് നല്‍കിയ പരാതിയില്‍ ഈ മാസം എട്ടിനാണ് ബോബി ചെമ്മണ്ണൂരിനെ വയനാട്ടില്‍ വച്ച് അറസ്റ്റു ചെയ്യുന്നത്. ഈ മാസം ഒൻപതിനാണ് ബോബിയെ മജിസ്ട്രേട്ട് കോടതി 14 ദിവസത്തെ റിമാൻഡ് ചെയ്തു. തുടര്‍ന്ന് കാക്കനാട്ടെ ജയിലിലായിരുന്നു ബോബി ചെമ്മണ്ണൂര്‍. പരാതി ലഭിച്ചതിന് പിന്നാലെ അന്വേഷണത്തിന് പൊലീസ് പ്രത്യേക സംഘത്തെ രൂപീകരിച്ചിരുന്നു.
Read Also : ബോബി ചെമ്മണ്ണൂരിന് ജയിലില്‍ പ്രത്യേക സൗകര്യങ്ങള്‍; സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം
ബോബി ചെമ്മണ്ണൂര്‍ നടത്തിയത് ദ്വയാര്‍ത്ഥ പ്രയോഗം തന്നെയാണെന്ന് കോടതിയും നിരീക്ഷിച്ചു. ബോഡി ഷെയ്മിംഗ് സ്വീകാര്യമല്ലെന്നും, മറ്റുള്ളവരുടെ ശരീരത്തെക്കുറിച്ച് പരാമര്‍ശം നടത്തുന്നത് ശരിയല്ലെന്നും കോടതി വിമര്‍ശിച്ചു. പൊതുസമൂഹത്തില്‍ പറയേണ്ട കാര്യങ്ങളല്ല ബോബി ചെമ്മണ്ണൂര്‍ പറഞ്ഞതെന്നും കോടതി പറഞ്ഞു.
ഒരു സ്ത്രീയെ അവരുടെ ബാഹ്യരൂപത്തിന്റെ അടിസ്ഥാനത്തിലാണ് വിലയിരുത്തുന്നതെങ്കില്‍, അത് അവരെയല്ല, നിങ്ങളെ തന്നെയാണ് നിര്‍വചിക്കുന്നതെന്ന അമേരിക്കൻ മോട്ടിവേഷനൽ പ്രാസംഗികന്‍ ഡോ. സ്റ്റീവ് മരാബോളിയുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ടാണ് കോടതി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും, ചുമത്തിയിരിക്കുന്നത് ഗുരുതരമായ കുറ്റങ്ങളല്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. മൂന്ന് വര്‍ഷം മാത്രം ജയില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ മാത്രമാണ് ബോബിക്കെതിരെ ചുമത്തിയിരുന്നതെന്നും കോടതി പരിഗണിച്ചു. ഇക്കാര്യങ്ങള്‍ പരിഗണിച്ചാണ് ബോബി ചെമ്മണ്ണൂരിന് കോടതി ജാമ്യം അനുവദിച്ചത്.