Bloodbag Traceability System: ഇനി രക്തം പാഴാകില്ല; ശേഖരിക്കുന്നത് മുതൽ നൽകുന്നത് വരെ നിരീക്ഷിക്കാൻ പുതിയ സംവിധാനവുമായി സർക്കാർ
Blood bag traceability : രക്തം ശേഖരിക്കുന്നത് മുതൽ ഒരാൾക്ക് നൽകുന്നത് വരെ നിരീക്ഷിക്കാൻ കഴിയുന്ന അത്യാധുനിക ബ്ലഡ് ബാഗ് ട്രേസബിലിറ്റിസംവിധാനം വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്തെ രക്തശേഖരണ സംവിധാന രംഗത്ത് പുതിയ മാറ്റങ്ങളുമായി സംസ്ഥാന സർക്കാർ. രക്ത ശേഖരണ രംഗത്ത് അത്യാധുനിക സാങ്കേതിക വിദ്യയോടെ പുതിയ സംവിധാനമാണ് വരാൻ പോകുന്നത്. രക്തം ശേഖരിക്കുന്നത് മുതൽ ഒരാൾക്ക് നൽകുന്നത് വരെ നിരീക്ഷിക്കാൻ കഴിയുന്ന അത്യാധുനിക ബ്ലഡ് ബാഗ് ട്രേസബിലിറ്റി (Blood bag traceability) സംവിധാനം വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു.
വെയിൻ ടു വെയിൻ ട്രേസബിലിറ്റി (Vein to vein traceability) സാങ്കേതികവിദ്യയാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇതിലൂടെ താപനില കൃത്യമായി തിരിച്ചറിയാനും കാലാവധി കഴിഞ്ഞ് രക്തം നഷ്ടമാകാതിരിക്കാനും സാധിക്കുന്നു എന്നതാണ് പ്രത്യേകത.
ഇതിൻ്റെ ട്രയൽ റൺ വിജയകരമായി നടത്തിയിരുന്നു. ഇതിനു പിന്നാലെ സംസ്ഥാനത്തെ 42 സർക്കാർ ബ്ലഡ് ബാങ്കുകളിലും 57 ബ്ലഡ് സ്റ്റോറുകളിലും ഈ സംവിധാനം ഉടൻ നടപ്പാക്കും. ഇതിനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പെന്നും മന്ത്രി വ്യക്തമാക്കി. രക്തം 2 മുതൽ 8 ഡിഗ്രി താപനിലയിലാണ് സാധാരണയായി സൂക്ഷിക്കുന്നത്. ഈ താപനിലയിൽ നിന്നും കുറഞ്ഞാലോ കൂടിയാലോ പ്രശ്നമാണ്.
ALSO READ : മഴയ്ക്ക് പിന്നാലെ പകർച്ചപ്പനിയും: സംസ്ഥാനത്ത് ആശങ്ക ഉയർത്തി ഡെങ്കി, എലിപ്പനി, മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്
ഇത് രോഗിയുടെ ശരീരത്തിൽ റിയാക്ഷൻ ഉണ്ടാകും. ഈ സാങ്കേതിക വിദ്യ നടപ്പിലാക്കിയാൽ കൃത്യമായ താപനില നിരീക്ഷിക്കാൻ കഴിയും എന്നതാണ് പ്രത്യേകത. ഇതിനായി ബ്ലഡ് ബാഗിൽ ആർ.എഫ്.ഐ.ഡി. (Radio Frequency Identification) ലേബൽ ഘടിപ്പിക്കും. ഇതിലൂടെ ആ രക്തത്തിന്റെ താപനില കൂടിയാലോ കുറഞ്ഞാലോ രജിസ്റ്റർ ചെയ്ത മൊബൈലിലോ ഇ മെയിലിലോ മെസേജ് വരുന്നതിനുള്ള സൗകര്യവുമുണ്ട്. ഇങ്ങനെ മെസ്സേജ് വരുമ്പോൾ ഉടൻ തന്നെ ആ രക്തം പിൻവലിക്കാം.
രക്തം എക്സ്പിയറി ഡേറ്റ് കഴിയാതെ കൃത്യമായി സൂക്ഷിക്കാനും സാങ്കേതികവിദ്യയിലൂടെ കഴിയും. ഇങ്ങനെ പാഴാവുന്ന രക്തം പരമാവധി കുറയ്ക്കാനും കഴിയും. പലതരം പ്രക്രിയകളിലൂടെയാണ് സുരക്ഷിതമായി രക്ത ശേഖരിക്കുന്നത്. അണുവിമുക്തമായ കവറിൽ രക്തം ശേഖരിച്ച് കഴിഞ്ഞാൽ രക്തത്തിൽ കൂടി പകരുന്ന രോഗങ്ങളുണ്ടോയെന്ന് പരിശോധിക്കുന്നു. ഇതിനായി സീറോളജി ടെസ്റ്റ് നടത്തും.
എച്ച്.ഐ.വി., ഹെപ്പറ്റൈറ്റിസ് ബി-സി, മലേറിയ, സിഫിലീസ് എന്നീ രോഗങ്ങളുണ്ടെന്ന് കണ്ടെത്തിയാൽ ആ രക്തം ഉപയോഗിക്കില്ല. ഒപ്പം ആ രക്തദാതാവിനെ പരിശോധിച്ച് ആ രോഗം സ്ഥിരീകരിക്കും. തുടർന്ന് വേർതിരിച്ച രക്ത ഘടകങ്ങൾ ശീതികരണ സംവിധാനമുള്ള പ്രത്യേകം സംഭരണികളിൽ സൂക്ഷിക്കും. 4 മുതൽ 6 ഡിഗ്രി സെൽഷ്യസിൽ ബ്ലഡ് ബാങ്ക് റെഫ്രിജറേറ്ററിലാണ് റെഡ് സെൽസ് സൂക്ഷിക്കുക.
ഈ പ്രക്രിയയിലൂടെ ഒരു മാസത്തോളം കേടാകാതെ സൂക്ഷിക്കാം. മൈനസ് 20, മെനസ് 40, മെനസ് 80 ഡിഗ്രി സെൽഷ്യസിൽ ഡീപ്പ് ഫ്രീസറിലാണ് പ്ലാസ്മ സൂക്ഷിക്കുന്നത്. പ്ലേറ്റ്‌ലെറ്റ് ഉടൻ തന്നെ രോഗിക്ക് നൽകണം. പ്ലാസ്മ 30 മിനിറ്റിനകവും റെഡ്സെൽസ് 2-3 മണിക്കൂറിനുള്ളിലും മുഴുവൻ നൽകണം.