Rajeev Chandrasekhar : എനിക്കൊരു ന്യൂസ് ചാനൽ ഉണ്ടെന്ന് പറഞ്ഞത് തെറ്റിദ്ധരിപ്പിക്കൽ: അതങ്ങനെയല്ല- രാജീവ് ചന്ദ്രശേഖർ
Rajeev Chandrasekhar about Controversy's : എമ്പുരാനെ സിനിമയായി കാണുക എന്ന് മാത്രമായിരുന്നു ബിജെപിയുടെ സ്റ്റാൻഡ് എന്നും അത് വിവാദമാക്കിയതിൻ്റെ ക്രെഡിറ്റ് പിണറായി വിജയനാണെന്നും സംസ്ഥാന അധ്യക്ഷൻ പറയുന്നുണ്ട്

തിരുവനന്തപുരം: തനിക്കൊരു ന്യൂസ് ചാനൽ ഉണ്ടെന്ന് പറഞ്ഞിരുന്നതെല്ലാം തെറ്റിദ്ധരിപ്പിക്കൽ ആയിരുന്നെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ. ഇൻവെസ്റ്റ്മെൻ്റ് പല ചാനലുകളിലും ഉണ്ടായിരുന്നെന്നും അത് വളച്ചൊടിക്കപ്പെട്ടെന്നും അദ്ദേഹം ഇന്ത്യൻ എക്സ്പ്രസ്സ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. ബിസിനെസ്സെല്ലാം അവസാനിപ്പിച്ച് ഒരു ഇൻവെസ്റ്റ്മെൻ്റ് കമ്പനി ആരംഭിച്ചെന്നും അങ്ങനെ നിക്ഷേപം നടത്തിയ കമ്പനിയാണ് ജുപ്പീറ്റർ ക്യാപ്പിറ്റൽ എന്നും അഭിമുഖത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്. ബിജെപ്പിക്കാരെ വർഗ്ഗീയ വാദികളെന്ന് വിളിക്കുന്ന ടൈപ്പ് കാസ്റ്റിംഗ് ഒഴിവാക്കണമെന്നും കേരളത്തിൽ ഇപ്പോൾ മൂന്നാമത്തെ വലിയ പാർട്ടിയാണ് തങ്ങളുടേതെന്നും അദ്ദേഹം അഭിമുഖത്തിൽ ചൂണ്ടിക്കാട്ടുന്നു. എമ്പുരാനെ സിനിമയായി കാണുക എന്ന് മാത്രമായിരുന്നു ബിജെപിയുടെ സ്റ്റാൻഡ് എന്നും അത് വിവാദമാക്കിയതിൻ്റെ ക്രെഡിറ്റ് പിണറായി വിജയനാണെന്നും സംസ്ഥാന അധ്യക്ഷൻ പറയുന്നുണ്ട്.
രാജീവ് ചന്ദ്രശേഖറിൻ്റെ വാക്കുകൾ
ആദ്യം എനിക്ക് ഒരു ന്യൂസ് ചാനൽ ഉണ്ടെന്ന് പറഞ്ഞതെല്ലാം ഒരു ഒരു ഒരു മിസ് ഇന്റർപ്രെറ്റേഷൻ മിസ് ഇന്റർപ്രെറ്റേഷൻ മിസ് കാരക്ടറൈസേഷനാണ്. എനിക്ക് ഒരു ചാനലുമില്ല ഒന്നുമില്ല. ഞാൻ എൻ്റെ ബിസിനസ്സെല്ലാം വിറ്റ് ഒരു ഇൻവെസ്റ്റ്മെന്റ് കമ്പനി തുടങ്ങി ഒരു പത്ത് പതിനഞ്ച് ഇൻവെസ്റ്റ്മെന്റ് ചെയ്തും ഒരു ഇൻവെസ്റ്റ്മെന്റ് ഞാൻ ചെയ്തത് ഒരു കമ്പനിയാണ് ജൂപ്പിറ്റർ ക്യാപ്പിറ്റൽ . ആ കമ്പനിയുടെ ഇൻവെസ്റ്റ്മെന്റ് പോർട്ട്ഫോളിയോയിൽ ഒരു കമ്പനി മീഡിയ കമ്പനിയുണ്ട്. ഒന്നുമല്ല പണ്ടുകാലത്ത് മൂന്നാലെണ്ണം ഉണ്ടായിരുന്നു.
എൻഡിടിവയിൽ ഇൻവെസ്റ്റ്മെന്റ് ഉണ്ടായിരുന്നു റിപ്പബ്ലിക്കിൽ ഉണ്ടായിരുന്നു, ഏഷ്യാനെറ്റിൽ ഉണ്ടായിരുന്നു. അതുകൊണ്ട് അത് എൻ്റെ ചാനലായി കണക്കാക്കരുത്. ദാറ്റ് ഈസ് റോങ്ങ് ഒരു മിസ് മിസ് ഇന്റർപ്രെറ്റേഷനാണ്- അദ്ദേഹം പറയുന്നു. കേരളത്തിലെ മാധ്യമങ്ങളെക്കുറിച്ചും അദ്ദേഹം ചില നിർദ്ദേശങ്ങൾ മുന്നോട്ട് വെക്കുന്നുണ്ട്. ഒരു പ്ലാറ്റ്ഫോം കമ്പ്ലീറ്റ്ലി ബയസ്ഡ് ആണെങ്കിൽ, അവിടെ പോകേണ്ട ആവശ്യമില്ല. അവിടെ പോയിട്ട് നമ്മുടെ പോയിൻ്റ് മുന്നോട്ട് വെക്കേണ്ട ആവശ്യമില്ല. ഇന്നത്തെ ഒരു ഡിജിറ്റൽ ഈക്കോസിസ്റ്റത്തിൽ ചാനലിൽ പോകേണ്ട ആവശ്യമില്ല. സോഷ്യൽ മീഡിയയുണ്ട്, യൂട്യൂബ് ഉണ്ട്, ഇൻസ്റ്റാഗ്രാം ഉണ്ട്, വേറെ എത്രയോ പ്ലാറ്റ്ഫോം ഉണ്ട്. അപ്പോ നമുക്ക് നമ്മുടെ പോയിന്റ് വെക്കാൻ, നമ്മുടെ കാര്യങ്ങളെപ്പറ്റി മുമ്പോട്ട് പോകാനും അതിന്റെ ആർട്ടിക്കുലേറ്റ് ചെയ്യാനും ജനങ്ങളുടെ അടുത്ത് എത്തിക്കാൻ വേറെ വേറെ മാർഗങ്ങളുണ്ട്.
വർഗ്ഗീയവാദി എന്ന് വിളിച്ചു ടൈപ്പ് കാസ്റ്റ് ചെയ്യരുത്
താൻ എല്ലാവരുടെ അടുത്ത് പോയിട്ട് റിക്വസ്റ്റ് ചെയ്യുന്നത് ഞങ്ങളെയും റെസ്പെക്ട് ചെയ്യണമെന്നാണെന്നും. വർഗ്ഗീയവാദി വർഗ്ഗീയവാദി എന്ന് വിളിച്ചു ടൈപ്പ് കാസ്റ്റ് ചെയ്യുന്നതും ഡെമോണൈസ് ചെയ്യുന്നതും നോക്കരുതെന്നും അദ്ദേഹം പറയുന്നു. പത്ത് പതിനൊന്ന് കൊല്ലമായിട്ട് നരേന്ദ്രമോഡിജി ഇന്ത്യയുടെ ഒരു കമ്പ്ലീറ്റ് ഫേസ് ട്രാൻസ്ഫോം ചെയ്ത പാർട്ടിയാണ്. കേരളത്തിൽ ചെയ്യാൻ വിഷൻ ഉണ്ട്, താല്പര്യമുണ്ട്, കഴിവുമുണ്ടെന്നും രാജീവ് ചന്ദ്രശേഖർ സൂചിപ്പിക്കുന്നു. മുൻ കേന്ദ്രമന്ത്രി കൂടിയായിരുന്ന രാജീവ് ചന്ദ്രശേഖർ ലോക്സഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിരുന്നു. പിന്നീട് ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ പദവിയിലേക്ക് അദ്ദേഹത്തെ നിർദ്ദേശിക്കുകയായിരുന്നു കേന്ദ്ര നേതൃത്വം.