Sandeep Warrier: മിന്നൽ നീക്കം…; സന്ദീപ് വാര്യർ കോൺഗ്രസിൽ ചേർന്നു
Sandeep Warrier Will Join Congress: കെപിസിസി വാർത്താ സമ്മേളനം വിളിച്ചാകും പ്രഖ്യാപനം നടത്തുക. നേരത്തെ ബിജെപിയുമായി ഇടഞ്ഞ സന്ദീപ് സിപിഎമ്മുമായും സിപിഐയുമായുമടക്കം ചർച്ച നടത്തിയത് വലിയ ചർച്ചയായിരുന്നു.
തിരുവനന്തപുരം: ബിജെപി നേതാവായ സന്ദീപ് വാര്യർ (sandeep warrier) കോൺഗ്രസിൽ ചേർന്നു. കെപിസിസി വാർത്താസമ്മേളനത്തിലൂടെയാണ് പ്രഖ്യാപനം നടത്തിയത്. കെപിസിസി വാർത്താ സമ്മേളനത്തിൽ പ്രസിഡൻ്റ് സുധാകരൻ, പ്രതിപക്ഷനേതാവ് മറ്റ് കോൺഗ്രസ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. നേരത്തെ ബിജെപിയുമായി ഇടഞ്ഞ സന്ദീപ് സിപിഎമ്മുമായും സിപിഐയുമായുമടക്കം ചർച്ച നടത്തിയത് വലിയ ചർച്ചയായിരുന്നു.
കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി ദീപാ ദാസ് മുന്‍ഷി, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉള്‍പ്പടെയുള്ള നേതാക്കൾ ചേർന്ന് സന്ദീപിനെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്തു. പാലക്കാട്ട് വൻ സ്വീകരണമാണ് സന്ദീപിന് കോൺഗ്രസ് നേതാക്കളൊരുക്കിയത്. സന്ദീപ് വന്നത് സ്നേഹത്തിൻ്റെ രാഷ്ട്രീയത്തിലേക്കെന്നാണ് സ്വാഗതം ചെയ്തുകൊണ്ട് വിഡി സതീശൻ പറഞ്ഞത്.
താനിവിടെ കോൺഗ്രസിൻ്റെ ഷാൾ അണിഞ്ഞ് പാലക്കാട്ടെ ഓഫീസിൽ ഇരിക്കുന്നതിന് കാരണം കെ സുരേന്ദ്രനാണ്. സിപിഎം-ബിജെപി ബന്ധം എതിർത്തതാണ് താൻ ചെയ്ത കുറ്റം. വെറുപ്പ് ഉൽപാദിപ്പിക്കുന്നിടത് നിന്ന് സ്നേഹവും കരുതലും ആഗ്രഹിച്ചതാണ് ഞാൻ ചെയ്ത തെറ്റ്. വെറുപ്പിൻ്റെ രാഷ്ട്രീയം വിട്ടതിൻ്റെ ആഹ്ലാദത്തിലാണ് താൻ. ബിജെപിയിൽ താൻ ചവിട്ടിമെതിക്കപ്പെട്ടെന്നും സന്ദീപ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. സ്നേഹത്തിൻ്റെ കടയിൽ താൻ മെമ്പർഷിപ്പ് എടുത്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏകാധിപത്യപരമായ രീതിയാണ് ബിജെപിയിൽ. അവിടെ അഭിപ്രായം പറയാൻ സ്വാതന്ത്രമില്ല. ഉപാധികളില്ലാതെ സ്നേഹിക്കണമെന്ന് ആഹ്വാനം ചെയ്തതിന്റെ പേരിൽ വിലക്ക് നേരിട്ടയാളാണ് താൻ. വ്യക്തി ബന്ധങ്ങളിൽ മതം തിരയാനോ ഇടപെടാനോ ശ്രമിച്ചിട്ടില്ല. പക്ഷേ സംഘടനയ്ക്ക് വേണ്ട് അശ്രാന്തം പണിയെടുത്തിട്ടുണ്ട്. എന്നിട്ടും ഒരു ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ ഒരു വർഷം ചാനൽ ചർച്ചകളിൽ നിന്ന് വിലക്ക് ഏർപ്പെടുത്തിയെന്നും സന്ദീപ് പറഞ്ഞു.
ബലിദാനികളെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനായി ബിജെപി മുതലെടുത്തുവെന്നും അവരുടെ പേര് പറഞ്ഞ് പ്രവർത്തകരെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും സന്ദീപ് കുറ്റപ്പെടുത്തി. ബലിദാനികളുടെ ഫോട്ടോ വെച്ച് പാർട്ടി തന്നെ വേട്ടയാടുകയാണ്. ശ്രീനിവാസൻ വധക്കേസ് പ്രതികൾക്ക് ജാമ്യം കിട്ടിയത് എങ്ങനെയെന്ന് പരിശോധിക്കണം. എന്തുകൊണ്ട് കേസിൽ മുതിർന്ന അഭിഭാഷകർ സുപ്രീംകോടതിയിൽ ഹാജരായില്ലെന്നും സന്ദീപ് ചോദിച്ചു.
അതേസമയം സന്ദീപിൻ്റെ കോൺഗ്രസ് മാറ്റത്തിന് പിന്നാലെ പ്രതികരണവുമായി കെ സുരേന്ദ്രൻ രംഗത്തെത്തി. സന്ദീപ് ബലിദാനികളെ വഞ്ചിച്ചുവെന്നും കോൺഗ്രസിൽ അദ്ദേഹം നീണാൽ വാഴട്ടെ. വലിയ കസേരകൾ കിട്ടട്ടെ. കൂടാതെ സുധാകരനും സതീശനും എല്ലാവിധ ആശംസകളും നേരുന്നുവെന്നും സന്ദീപിൻ്റെ കൈകൾ മുറുകെ പിടിക്കാൻ കഴിയട്ടെയെന്നും പരിഹാസരൂപേണ സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പാലക്കാട് തെരഞ്ഞെടുപ്പ് അന്തിമ ഘട്ടത്തിലേക്ക് നീങ്ങവേയാണ് അപ്രതീക്ഷിതമായ ട്വിസ്റ്റുണ്ടായത്. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനുമായും, പാലക്കാട് സ്ഥാനാർഥി സി കൃഷ്ണകുമാറുമായും ഇടഞ്ഞതോടെയാണ് സന്ദീപ് ബിജെപിയുമായി ഇടഞ്ഞത്. എന്‍ഡിഎ കണ്‍വെന്‍ഷനില്‍ മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം സന്ദീപ് വാര്യര്‍ക്ക് സീറ്റ് നൽകാത്തതോടെ ആ തർക്കം കടുത്തിരുന്നു. സന്ദീപ് അന്ന് വേദി വിടുകയും ചെയ്തത് വലിയ വിവാദമായിരുന്നു.