പക്ഷിപ്പനി; കേരളത്തിന്റെ അതിര്‍ത്തിയില്‍ പരിശോധന കര്‍ശനമാക്കി തമിഴ്‌നാട്
കേരള അതിര്‍ത്തികളിലെ 12 ചെക്‌പോസ്റ്റുകളിലായി 24 മണിക്കൂറും നിരീക്ഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. വെറ്ററിനറി ഡോക്ടര്‍, ഇന്‍സ്‌പെക്ടര്‍ അടക്കം അഞ്ചുപേരാണ് സംഘത്തിലുള്ളത്.
തിരുവനന്തപുരം: സംസ്ഥാനത്ത് പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ കേരള അതിര്‍ത്തിയില്‍ പരിശോധന കര്‍ശനമാക്കി തമിഴ്‌നാട്. ചെക്‌പോസ്റ്റുകളില്‍ കോഴി, താറാവ് എന്നിവയുടെ ഇറച്ചികളോ മുട്ടകളോ കൊണ്ടുവരുന്ന വാഹനങ്ങള്‍ തിരിച്ചയക്കാനാണ് തമിഴ്‌നാടിന്റെ നിര്‍ദേശം.
കേരള അതിര്‍ത്തികളിലെ 12 ചെക്‌പോസ്റ്റുകളിലായി 24 മണിക്കൂറും നിരീക്ഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. വെറ്ററിനറി ഡോക്ടര്‍, ഇന്‍സ്‌പെക്ടര്‍ അടക്കം അഞ്ചുപേരാണ് സംഘത്തിലുള്ളത്.
എന്നാല്‍ സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് മന്ത്രി ചിഞ്ചുറാണി അറിയിച്ചിരുന്നു. ആലപ്പുഴ ജില്ലയിലെ ചെറുതന, എടത്വ എന്നീ പഞ്ചായത്തുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. രോഗ ബാധിത പ്രദേശത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള സ്ഥലത്തുള്ള മുഴുവന്‍ താറാവുകളെയും കൊന്നു. 17,480 താറാവുകളെയാണ് കൊന്നത്.
എട്ട് ദ്രുതപ്രതികരണ സംഘങ്ങളാണ് താറാവുകളെ കൊല്ലാന്‍ നേതൃത്വം നല്‍കിയത്. പക്ഷികളെ കൊന്നശേഷം വിറക്, ഡീസല്‍, പഞ്ചസാര എന്നിവ ഉപയോഗിച്ച് നിശ്ചിത സ്ഥലങ്ങളില്‍ കത്തിച്ച് കളയുകയാണ് ചെയ്യുന്നത്. കത്തിക്കല്‍ പൂര്‍ത്തിയായശേഷം പ്രത്യേക സംഘമെത്തി അണുനശീകരണവും കോമ്പിങ്ങും നടത്തി.
ആലപ്പുഴയില്‍ രണ്ട് സ്ഥലങ്ങളിലെ താറാവുകളില്‍ (ഏവിയന്‍ ഇന്‍ഫ്ളുവന്‍സ-എച്ച്5 എന്‍1) കണ്ടെത്തിയ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. പക്ഷിപ്പനി പ്രതിരോധത്തിനായി എസ്ഒപിയും പുറത്തിറക്കി. ഇതുകൂടാതെ ജില്ലാ കളക്ടറും യോഗം ചേര്‍ന്ന് നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് മന്ത്രി അറിയിച്ചു.