Bird flu: വീണ്ടും പക്ഷിപനി; ആലപ്പുഴ ജില്ലയിൽ 12,678 വളർത്തുപക്ഷികളെ കൊന്നൊടുക്കും
തലവടി, തഴക്കര, ചമ്പക്കുളം വാർഡുകളിലെ വളർത്തു പക്ഷികളെയാണ് കൊന്നൊടുക്കാൻ തീരുമാനിച്ചിരിക്കുന്നത്.
ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് 12,678 വളർത്തുപക്ഷികളെ ശനിയാഴ്ച കള്ളിങ്ങിന് വിധേയമാക്കുമെന്ന് അധികൃതർ അറിയിച്ചു. തലവടി, തഴക്കര, ചമ്പക്കുളം വാർഡുകളിലെ വളർത്തു പക്ഷികളെയാണ് കൊന്നൊടുക്കാൻ തീരുമാനിച്ചിരിക്കുന്നത്.
പക്ഷിപ്പനിയുടെ പ്രഭവ കേന്ദ്രത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വാർഡുകളിലെ വളർത്തുപക്ഷികളെയാണ് കള്ളിങ്ങിന് വിധേയമാക്കുന്നത്. തലവടിയിൽ 4074ഉം തഴക്കരയിൽ 8304ഉം ചമ്പക്കുളത്ത് 300 പക്ഷികളെയും കൊന്നൊടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
നേരത്തെ പത്തനംതിട്ട ജില്ലയിലെ തിരുവല്ല നിരണത്തെ സർക്കാർ താറാവ് വളർത്തൽ കേന്ദ്രത്തിലും പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. ഇതേ തുടർന്ന് നിരവധി താറാവുകൾ ഇവിടെ കൂട്ടത്തോടെ ചത്തിരുന്നു.
നിരണം പഞ്ചായത്തിലെ 11-ാം വാർഡിൽ ഉൾപ്പെട്ട ഇരതോട് പ്രദേശത്ത് കഴിഞ്ഞ ദിവസം വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. താറാവ് കർഷകനായ കണ്ണമാലിൽ കുര്യൻ മത്തായിയുടെ താറാവുകളിലാണ് പക്ഷിപ്പനി ലക്ഷണങ്ങൾ കണ്ടെത്തിയത്. നാല് ദിവസം മുമ്പ് നിരവധി താറാവുകളാണ് ഇവിടെ ചത്തത്.
തുടർന്ന് രക്ത സാമ്പിളുകൾ ഭോപാലിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരുന്നു. ഇതിന്റെ ഫലം കഴിഞ്ഞ ദിവസം വന്നപ്പോഴാണ് പ്രദേശത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചത്.
പക്ഷിപ്പനി മനുഷ്യരിലേക്ക് പടരുമോ?
ആദ്യകാലങ്ങളിൽ പക്ഷികളിൽ നിന്ന് പക്ഷികളിലേക്ക് മാത്രമായിരുന്നു പനി പടർന്നിരുന്നത്. എന്നാൽ, പക്ഷികളിൽ നിന്നും മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് രോഗം ആദ്യം പടർന്നത് 1997ലാണ്. ചൈനയിലെ ഹോങ്കോങ്ങിലാണ് പക്ഷിപ്പനി ആദ്യമായി മനുഷ്യരിലേക്ക് പടർന്നത്. ലോകാരോഗ്യ സംഘടനയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
മനുഷ്യരിൽ പനി പിടിച്ചതിനെ തുടർന്ന് നിരവധി മരണങ്ങൾ അന്ന് റിപ്പോർട്ട് ചെയ്തിരുന്നു. ചൈനയ്ക്ക് പിന്നാലെ ഏഷ്യൻ രാജ്യങ്ങളിലും പക്ഷിപ്പനി മനുഷ്യരിലേക്ക് പടർന്നിരുന്നു.
2003ലും 2004ലും ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് യൂറോപ്പിലേക്കും ആഫ്രിക്കയിലേക്കുമൊക്കെ രോഗം പടർന്ന് പിടിച്ചു. 2005ൽ വിയറ്റ്‌നാമിലുണ്ടായ പക്ഷിപ്പനിയെത്തുടർന്ന് 140 ദശലക്ഷം പക്ഷികളെ ചുട്ടുകൊന്നിട്ടുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
എങ്ങനെ പ്രതിരോധിക്കാം
താറാവ്-കോഴി കർഷകരും പക്ഷിവളർത്തലുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരും
വ്യക്തിശുചിത്വം പാലിക്കണം.
ദേഹത്ത് മുറിവുള്ളപ്പോൾ പക്ഷിമൃഗാദികളുമായി ഇടപഴകരുത്.
പനിയോ തൊണ്ടവേദനയോ വന്നാൽ വൈദ്യപരിശോധനയ്ക്ക് വിധേയരാകണം.
രോഗം പിടിപെട്ട പക്ഷികളെ ചുട്ടുകൊല്ലുക.