പക്ഷിപ്പനി: എന്തുകൊണ്ട് കേരളം ഹോട്ട് സ്‌പോട്ട് ആകുന്നു ?
സംസ്ഥാനത്തിൻ്റെ കോഴി വളർത്തൽ രീതികൾ, ധാരാളം പക്ഷികൾ അടുത്തിടങ്ങളിൽ പാർപ്പിച്ചിരിക്കുന്നത് എന്നിവ വൈറസ് പടരുന്നതിന് അനുയോജ്യമായ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നു.
ന്യൂഡൽഹി: കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പക്ഷിപ്പനി പടർന്നുപിടിക്കുകയാണ്. 2023-ലെ കേരള പബ്ലിക് ഹെൽത്ത് ആക്‌ട് പ്രകാരം ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോർജ് ആരോഗ്യ വകുപ്പ് ഡയറക്ടറോട് ആവശ്യപ്പെട്ടു. എടത്വ, ചെറുതന ഗ്രാമപഞ്ചായത്തുകളിലെ ചില വാർഡുകളിലെ താറാവുകളിൽ നിന്നാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. മാധ്യമ റിപ്പോർട്ടുകൾ അനുസരിച്ച് രോഗലക്ഷണങ്ങളുള്ള താറാവുകളിൽ നടത്തിയ പരിശോധനയിൽ ഏവിയൻ ഇൻഫ്ലുവൻസ അല്ലെങ്കിൽ എച്ച് 5 എൻ 1 വൈറസിൻ്റെ സാന്നിധ്യം സ്ഥിരീകരിച്ചു. ഈ താറാവുകളുടെ സാമ്പിളുകൾ ഭോപ്പാലിലെ ലാബിലേക്ക് അയച്ചു, തുടർന്ന് 21,000 താറാവുകളെ കൊന്നൊടുക്കാൻ തീരുമാനമെടുത്തു, രോഗബാധയുടെ പ്രഭവകേന്ദ്രമായി കണക്കാക്കപ്പെടുന്ന എടത്വ, ചെറുതന എന്നിവിടങ്ങളിൽ നിന്ന് ഒരു കിലോമീറ്റർ ചുറ്റളവിൽ വളർത്തു പക്ഷികൾക്കാണ് ഇത് ബാധകം.
എന്നാൽ എന്തുകൊണ്ടാണ് കേരളം ഹോട്ട്‌സ്‌പോട്ടായത്?
കേരളത്തിൽ പക്ഷിപ്പനി പടരാനുള്ള സാധ്യത കൂട്ടുന്ന നിരവധി ഘടകങ്ങളുണ്ട്. സംസ്ഥാനത്തിൻ്റെ കോഴി വളർത്തൽ രീതികൾ, ധാരാളം പക്ഷികൾ അടുത്തിടങ്ങളിൽ പാർപ്പിച്ചിരിക്കുന്നത് എന്നിവ വൈറസ് പടരുന്നതിന് അനുയോജ്യമായ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നു. കൂടാതെ, കേരളത്തിലെ നിരവധി കായലുകളും ജലപാതകളും ദേശാടന പക്ഷികൾക്ക് ഒരു ആവാസ വ്യവസ്ഥ നൽകുന്നു. അവയിൽ നിന്ന് വൈറസ് പടരാനുള്ള സാധ്യത കൂടുതലാണ്. ഇത് പക്ഷിപ്പനി പടർന്നുപിടിക്കുന്നത് എളുപ്പമാക്കുന്നു.
എന്താണ് എച്ച് 5 എൻ 1?
പക്ഷികൾക്കും മറ്റ് മൃഗങ്ങൾക്കുമിടയിൽ സാധാരണയായി പടരുന്ന ഒരു തരം ഫ്ലൂ അല്ലെങ്കിൽ വൈറസിൽ നിന്നുള്ള അണുബാധയാണ് പക്ഷിപ്പനി അല്ലെങ്കിൽ ഏവിയൻ ഇൻഫ്ലുവൻസ. ചിലപ്പോൾ, രോഗം ബാധിച്ച മൃഗങ്ങളിൽ നിന്ന് മനുഷ്യർക്കും പക്ഷിപ്പനി വരാം. ആളുകൾ സാധാരണയായി ബാധിക്കുന്ന ഇൻഫ്ലുവൻസയുടെ പതിപ്പുകൾ ഉണ്ടാകാനും സാധ്യതയുണ്ട്. ചിലപ്പോൾ അത് ഗുരുതരമാകാനും സാധ്യതയേറം. എന്നാലും, വൈറസ് ഒരു വ്യക്തിയിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത് വളരെ അപൂർവമാണ്. പനി.ക്ഷീണം, ചുമ, പേശി വേദന, തൊണ്ടവേദന, ഓക്കാനം, ഛർദ്ദി, അതിസാരം, മൂക്കൊലിപ്പ്, ശ്വാസതടസ്സം എന്നിവയെല്ലാമാണ് പക്ഷിപ്പനിയുടെ ലക്ഷണങ്ങൾ.