ആലപ്പുഴയിൽ ജില്ലയിൽ വീണ്ടും പക്ഷിപ്പനി; താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കും
ഒരാഴ്ചയായി കുട്ടനാട്ടിലെ എടത്വ, ചെറുതന, ചമ്പക്കുളം എന്നീ പഞ്ചായത്തുകളിൽ താറാവുകൾ കൂട്ടത്തോടെ ചത്തിരുന്നു.
ആലപ്പുഴ: ആലപ്പുഴയിൽ ജില്ലയിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. പക്ഷിപ്പനി സ്ഥിരീകരിച്ച കുട്ടനാട്ടിൽ എടത്വ, ചെറുതന, ചമ്പക്കുളം പഞ്ചായത്തുകളിൽ താറാവ് വിൽപനക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന വകുപ്പ് തല ഉദ്യോഗസ്ഥരുടെയും പഞ്ചായത്ത് പ്രതിനിധികളുടെയും യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.
രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഈ പഞ്ചായത്തുകളിലെ മുഴുവൻ താറാവുകളെയും ഉടൻ കൊന്നൊടുക്കും. ഇതിനായുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഒരാഴ്ചയായി കുട്ടനാട്ടിലെ എടത്വ, ചെറുതന, ചമ്പക്കുളം എന്നീ പഞ്ചായത്തുകളിൽ താറാവുകൾ കൂട്ടത്തോടെ ചത്തിരുന്നു. തുടർന്ന് സാമ്പിളുകൾ ഭോപ്പാലിലെ ലാബിലേക്ക് അയച്ചു. ഈ പരിശോധനയിലാണ് അയച്ച മൂന്ന് സാമ്പിളുകളും പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്.
പക്ഷികളെ കൂടുതലായി ബാധിക്കുന്ന വൈറസാണ് എച്ച്5എൻ1. എന്നാൽ ഇത് മനുഷ്യരിലേക്കും ബാധിക്കുന്നതാണ്. രോഗം ബാധിച്ച പക്ഷികളുമായോ അവയുടെ കാഷ്ഠവുമായോ മലിനമായ പ്രതലങ്ങളുമായോ നേരിട്ടുള്ള സമ്പർക്കം വൈറസ് പടരുന്നതിനുള്ള വഴികളാണ്. അണുബാധ ഇതുവരെ മനുഷ്യരിൽ എളുപ്പത്തിൽ പകരാൻ സാധിച്ചിട്ടില്ലെങ്കിലും അത് സംഭവിക്കുമ്പോൾ മരണനിരക്ക് 60 ശതമാനം വരെ ഉയർന്നേക്കാമെന്നാണ് കണ്ടെത്തൽ.