ADGP Ajithkumar: മുഖ്യമന്ത്രി ഉറപ്പ് നല്‍കി, എഡിജിപിയെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റും: ബിനോയ് വിശ്വം
ADGP Ajithkumar Will Be Moved Out Of Law And Order Duty: എഡിജിപിയെ മാറ്റണമെന്ന കാര്യത്തില്‍ തുടക്കം മുതല്‍ക്കെ ബിനോയ് വിശ്വം നിലപാട് വ്യക്തമാക്കിയിരുന്നു. ആര്‍എസ്എസുമായി ബന്ധമുള്ള ഒരു ഉദ്യോഗസ്ഥന്‍ എല്‍ഡിഎഫ് ഭരിക്കുന്ന സര്‍ക്കാരില്‍ എഡിജിപി ആകാന്‍ പാടില്ലെന്ന് ബിനോയ് വിശ്വം നേരത്തെ പറഞ്ഞിരുന്നു.
തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത്ത് കുമാറിനെ (ADGP Ajithkumar) ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐ സംസ്ഥാന നിര്‍വാഹക കൗണ്‍സില്‍ യോഗത്തിലാണ് ബിനോയ് വിശ്വം ഇക്കാര്യം പറഞ്ഞത്. എഡിജിപിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ സംസ്ഥാന നേതൃയോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി എഡിജിപിയെ ചുമതലയില്‍ നിന്ന് മാറ്റുന്ന കാര്യത്തില്‍ ഉറപ്പുനല്‍കിയിട്ടുണ്ടെന്ന് ബിനോയ് വിശ്വം അറിയിച്ചത്. എഡിജിപിക്കെതിരെ നടക്കുന്ന അന്വേഷണ റിപ്പോര്‍ട്ട് വരുന്നത് വരെ കാത്തിരിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞതായും ബിനോയ് വിശ്വം യോഗത്തില്‍ പറഞ്ഞു.
അതേസമയം, എഡിജിപിയെ മാറ്റണമെന്ന കാര്യത്തില്‍ തുടക്കം മുതല്‍ക്കെ ബിനോയ് വിശ്വം നിലപാട് വ്യക്തമാക്കിയിരുന്നു. ആര്‍എസ്എസുമായി ബന്ധമുള്ള ഒരു ഉദ്യോഗസ്ഥന്‍ എല്‍ഡിഎഫ് ഭരിക്കുന്ന സര്‍ക്കാരില്‍ എഡിജിപി ആകാന്‍ പാടില്ലെന്ന് ബിനോയ് വിശ്വം നേരത്തെ പറഞ്ഞിരുന്നു. ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് ഒരു കാരണവശാലും ആര്‍എസ്എസ് ബന്ധം പാടില്ലെന്നും എഡിജിപിയെ മാറ്റണെന്ന് സിപിഐയുടെ തീരുമാനമാണെന്നും അദ്ദേഹം മുഖ്യമന്ത്രിയെ ധരിപ്പിച്ചിരുന്നു.
പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് തൃശൂര്‍ പൂരം കലങ്ങിയതിലെ പങ്കും ആര്‍എസ്എസ് നേതാവുമായുള്ള എഡിജിപിയുടെ കൂടിക്കാഴ്ചയും വെളിപ്പെടുത്തിയത്. ഇതിനുപിന്നാലെ വിഷയം സിപിഐ നേതൃത്വം സിപിഐ ഉള്‍പ്പെടെ ഏറ്റെടുത്തു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ സിപിഐ സ്ഥാനാര്‍ത്ഥി വിഎസ് സുനില്‍കുമാറിന്റെ തോല്‍വിക്ക് ഈ വിഷയങ്ങള്‍ കാരണമായെന്ന ആരോപണം സിപിഐ ഉയര്‍ത്തിയിരുന്നു. സിപിഐ നിലപാട് വ്യക്തമാക്കിയിട്ടും എഡിജിപി സ്ഥാനത്ത് നിന്ന് എംആര്‍ അജിത്കുമാറിനെ മാറ്റത്തില്‍ സിപിഐ പലതവണ അതൃപ്തി രേഖപ്പെടുത്തിയിരുന്നു.
അതേസമയം, നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിന് സിപിഎം നേതാവും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുമായ പി ശശി, വക്കീല്‍ നോട്ടീസ് അയച്ചു. പാര്‍ട്ടി സെക്രട്ടറിക്ക് അന്‍വര്‍ നല്‍കിയ പരാതിയിലെ ആരോപണങ്ങള്‍ക്കെതിരെയാണ് വക്കീല്‍ നോട്ടീസ്. പാര്‍ട്ടി സെക്രട്ടറിക്ക് നല്‍കിയ കത്ത് അന്‍വര്‍ മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തി. ഈ ആരോപണങ്ങളെല്ലാം പിന്‍വലിച്ച് അന്‍വര്‍ ഖേദം പ്രകടിപ്പിക്കണമെന്ന് വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെടുന്നുണ്ട്. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളെല്ലാം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണ്. ആരോപണം ഉടന്‍ തന്നെ പിന്‍വലിച്ചില്ലെങ്കില്‍ ക്രിമിനല്‍ നടപടി സ്വീകരിക്കുമെന്നും നോട്ടീസില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
അതേസമയം, പിവി അന്‍വറിനെതിരെ തൃശൂര്‍ സിറ്റി പോലീസില്‍ പരാതി. സമൂഹത്തില്‍ മത സ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍ പ്രചരണം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. ഇടതുപക്ഷ പ്രവര്‍ത്തകന്‍ കെ കേശവദേവാണ് പരാതി നല്‍കിയിരിക്കുന്നത്. സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസിനെ വര്‍ഗീയവാദി, മുസ്ലിം വിരോധി എന്നിങ്ങനെ വിളിച്ചതാണ് പരാതിക്ക് ആധാരം.
വിഷയത്തില്‍ പിവി അന്‍വറിനെതിരെ മന്ത്രി വി അബ്ദുറഹിമാനും രംഗത്തെത്തിയിരുന്നു. അന്‍വര്‍ പരിധി വിട്ടെന്നും പേര് നോക്കി വര്‍ഗീയവാദിയാക്കുന്ന അനുഭവം തനിക്കറിയില്ലെന്നും മന്ത്രി പ്രതികരിച്ചു. മലപ്പുറത്തെ പോലീസുമായി ബന്ധപ്പെട്ട് അന്‍വര്‍ പറഞ്ഞതെല്ലാം ചെയ്തിട്ടുണ്ട്. ഉന്നതപദവിയിലിരിക്കുന്ന ഉദ്യോഗസ്ഥനെ വെറുതെ പിടിച്ച് പുറത്താക്കാന്‍ സാധിക്കില്ല. അന്വേഷണത്തിന് ശേഷം കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ സിപിഎം ജില്ലാ സെക്രട്ടറി കാക്കി ട്രൗസറിട്ട ആര്‍എസ്എസുകാരനെന്ന പരാമര്‍ശത്തോട് താന്‍ ട്രൗസര്‍ പൊക്കിനോക്കിയിട്ടില്ലെന്നും മന്ത്രി പ്രതികരിച്ചു.