Train Theft: ട്രെയിനിൽ പോകുന്നവർ സൂക്ഷിച്ചോളു; ആപ്പിൾ ഐഫോൺ അടക്കം 170000 രൂപയുടെ ഇലക്ട്രോണിക് സാധനങ്ങൾ മോഷ്ടിച്ചയാൾ പിടിയിൽ
ഇലക്ട്രോണിക് സാധനങ്ങൾ അടങ്ങിയ ബാഗാണ് പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ വച്ച് ഇയാൾ മോഷ്ടിച്ചത്
പാലക്കാട്: ട്രെയിനിലെ മോഷണങ്ങളിൽ അതീവ ശ്രദ്ധ വേണമെന്ന് എല്ലായ്പ്പോഴും പറയാറുണ്ട്. ഇറങ്ങുമ്പോഴും കയറുമ്പോഴും ഉറങ്ങുമ്പോഴും ഉണരുമ്പോഴുമൊക്കെ ആ കരുതൽ ഉണ്ടാവണം. സുരക്ഷ കൂട്ടുമ്പോഴും മോഷണങ്ങൾ ട്രെയിനിൽ തുടർക്കഥയാവുന്നതാണ് പതിവ്.
യശ്വന്ത്പൂർ-കണ്ണൂർ എക്സ്പ്രസ്സിലെ യാത്രക്കാൻറെ പക്കൽ നിന്നും ഇലക്ട്രോണിക് സാധനങ്ങളടക്കം മോഷ്ടിച്ച തമിഴ്നാട് സ്വദേശി അറസ്റ്റിലായി. തമിഴ്നാട് കൃഷ്ണഗിരി സ്വദേശി ശിവാനന്ദം മുനിസാമിയെയാണ് ആർപിഎഫ്-റെയിൽവേ പോലീസ് പ്രത്യേക അന്വേഷണസംഘം തൃത്താലക്കടുത്തു വച്ച് പിടികൂടിയത്.
ആപ്പിൾ ഐഫോൺ ഉൾപ്പെടെ 1,70000 രൂപയോളം വിലമതിക്കുന്ന ഇലക്ട്രോണിക് സാധനങ്ങൾ അടങ്ങിയ ബാഗാണ് പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ വച്ച് ഇയാൾ മോഷ്ടിച്ചത്. റെയിൽവെ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളും ഡിവൈസ് ലൊക്കേഷനും നിരീക്ഷിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
പാലക്കാട് റെയിൽവേ പോലീസ് സബ് ഇൻസ്പെക്ടർ എസ്.അൻഷാദ്, ആർപിഎഫ് ക്രൈം ഇന്റലിജൻസ് വിഭാഗം സബ് ഇൻസ്പെക്ടർമാരായ ദീപക്.എ.പി, എ.പി.അജിത്ത് അശോക്, ആർപിഎഫ് ക്രൈം പ്രിവൻഷൻ ആൻഡ് ഡിറ്റക്ഷൻ സ്ക്വാഡ് സബ് ഇൻസ്പെക്ടർ കെ.എം.സുനിൽകുമാർ, ആർപിഎഫ് ക്രൈം ഇന്റലിജൻസ് വിഭാഗം അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ കെ.എം.ഷിജു, ഹെഡ് കോൺസ്റ്റബിൾ അജീഷ്.ഒ.കെ, ക്രൈം പ്രിവൻഷൻ ആൻഡ് ഡിറ്റക്ഷൻ സ്ക്വാഡ് ഹെഡ് കോൺസ്റ്റബിൾമാരായ വി.സവിൻ, പി.കെ.പ്രവീൺ, റെയിൽവേ പോലീസ് സീനിയർ സിവിൽ പോലീസ് ഓഫീസർ വിനു, സിവിൽ പോലീസ് ഓഫീസർ ഷക്കീർ എന്നിവർ അടങ്ങിയ പ്രത്യേകസംഘമാണ് പ്രതിയെ പിടികൂടിയത്.
പാലക്കാട് മൂന്നാം നമ്പർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് മുമ്പാകെ ഹാജരാക്കിയ പ്രതിയെ കോടതി 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
ഒരു കണക്ക് അറിഞ്ഞിരിക്കാൻ
2022-ലെ കണക്ക് പ്രകാരം കുറഞ്ഞത് 2 വലിയ മോഷണമെങ്കിലും ട്രെയിനുകളിൽ നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. 2020-ൽ 373 കേസുകളാണ് റിപ്പോർട്ട് ചെയ്തതെങ്കിൽ 2021-ൽ ഇത് 571 കേസുകളായി വർധിച്ചു. 2022-ൽ ഇത് 699 കേസുകളായിരുന്നെന്ന് ന്യൂസ് 18 പങ്ക് വെച്ച കണക്കുകളിൽ പറയുന്നു.
2023 ജനുവരിയിൽ മാത്രം 22 കേസുകളായിരുന്നുണ്ടായിരുന്നത്.