KSRTC : ഓണത്തിനു കെഎസ്ആർടിസി വക യാത്രക്കാരെ പിഴിയൽ; ഒറ്റയടിക്ക് കൂട്ടിയത് 600 രൂപ
Big shock ksrtc Hikes Ticket Prices: തെക്കൻ കേരളത്തിലേക്കുള്ള തിരക്ക് കണക്കിലെടുത്ത് ചെന്നൈയിൽനിന്നു തിരുവനന്തപുരത്തേക്കും കെഎസ്ആർടിസി സ്പെഷൽ സർവീസ് നടത്തുമെന്നാണ് വിവരം.
ചെന്നൈ: ഓണത്തിനു (Onam 2024) യാത്രക്കാർക്ക് ഇരുട്ടടി നൽകി കെ. എസ്. ആർ. ടി. സി (KSRTC). പ്രൈവറ്റ് ബസ് ബസുകാർ നിരക്ക് കൂട്ടുന്നതിനൊപ്പമാണ് സംസ്ഥാന സർക്കാരിൻ്റെ കെ. എസ്. ആർ. ടി. സി.യുടെ ഈ പിഴിയൽ. നാട്ടിലേക്കുള്ള അന്തർസംസ്ഥാന സർവീസുകളിലാണ് ഈ നിരക്ക് വർധന. ചെന്നൈയിൽ നിന്നും എറണാകുളത്തേക്കുള്ള ഗരുഡ ബസിലെ നിരക്ക് 1,151 രൂപയായിരുന്നു. ഇത് സെപ്റ്റംബർ 11 മുതൽ ഉത്രാടദിനമായ 14 വരെ 600 രൂപയോളം കൂട്ടിയിട്ടുള്ളതായി കെഎസ്ആർടിസിയുടെ വെബ്സൈറ്റിൽ നിന്നും മനസ്സിലാക്കാൻ സാധിക്കും. കെഎസ്ആർടിസിയുടെ നോൺ എസി സൂപ്പർ ഡീലക്സ് സ്പെഷൽ സർവീസിലും നിരക്ക് വർധിപ്പിച്ചിട്ടുണ്ട്. ഒറ്റയടിക്ക് 300 രൂപയാണ് വർധിപ്പിച്ചിരിക്കുന്നത്
ഓണത്തിന് ഇരട്ടിയിലേറെ രൂപ ഈടാക്കിയാണ് സ്വകാര്യ ബസുകൾ കേരളത്തിലേക്കുള്ള യാത്രക്കാരോട് ക്രൂരത കാട്ടുന്നത്. ഇതിനിടെയാണ് കെഎസ്ആർടിസിയുടെ ഇരുട്ടടി. എറണാകുളത്തേക്കുള്ള കെഎസ്ആർടിസി സർവീസിലാണ് ഈ മാറ്റം. സാധാരണ പ്രവൃത്തി ദിവസങ്ങളിൽ 1,151 രൂപയാണ് നിരക്കുള്ളത്. എന്നാൽ, വെള്ളി, ശനി ദിവസങ്ങളിൽ നിരക്ക് കൂടുന്നതായി കാണാം.
ALSO READ : കൈകൂലി വാങ്ങിയെന്ന് പരാതി നൽകി; പരാതിക്കാരന് 25,250 രൂപ പിഴ ചുമത്തി മോട്ടോർവാഹന വകുപ്പ്
30 (വെള്ളി), സെപ്റ്റംബർ 6 (വെള്ളി), സെപ്റ്റംബർ 7 (ശനി) തീയതികളിലെ നിരക്ക് 1,740 രൂപയായി ഉയരും. ഈ നിരക്ക് തന്നെയാണ് സെപ്റ്റംബർ 11 മുതൽ 14 വരെയുള്ള തീയതികളിലും ഉള്ളത്. യാത്രക്കാരെ ലഭിക്കാൻ സാധ്യതയില്ലാത്ത തിരുവോണ ദിനത്തിൽ നിരക്കിൽ വലിയ മാറ്റമില്ല. 1,151 തന്നെയാണ് അന്നത്തെ നിരക്ക്. 14നുള്ള സർവീസിലെ എല്ലാ ടിക്കറ്റുകളും ഇതിനകം വിറ്റുതീർന്നതായാണ് അധികൃതർ വ്യക്തമാക്കുന്നത്.
തെക്കൻ കേരളത്തിലേക്കുള്ള തിരക്ക് കണക്കിലെടുത്ത് ചെന്നൈയിൽനിന്നു തിരുവനന്തപുരത്തേക്കും കെഎസ്ആർടിസി സ്പെഷൽ സർവീസ് നടത്തുമെന്നാണ് വിവരം. തിരുച്ചിറപ്പള്ളി, മധുര, നാഗർകോവിൽ വഴിയുള്ള നോൺ എസി സീറ്റർ സൂപ്പർ ഡീലക്സ് എയർ ബസിൽ 1,541 രൂപയാണ് നിരക്കുള്ളത്. അതേസമയം ഇത് ഫ്ലെക്സി നയത്തെ തുടർന്നാണ് വില വർധിക്കുന്നതെന്നാണ് കെഎസ്ആർടിസിയുടെ വിശദീകരണം.