PV Anvar: പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമത്തില്‍ നിന്ന് പിവി അന്‍വര്‍ പിന്മാറണം; ശത്രുക്കള്‍ക്ക് ആയുധം നല്‍കുന്ന നടപടിയോട് യോജിപ്പില്ല; നിലപാട് വ്യക്തമാക്കി സിപിഐഎം
CPM State Secretariat Against PV Anvar: വസ്തുത മനസിലാക്കിയിട്ടും ഗവണ്‍മെന്റിനും പാര്‍ട്ടിക്കുമെതിരെ അദ്ദേഹം തുടര്‍ച്ചയായ ആരോപണങ്ങള്‍ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചുവരികയാണ്. പിവി അന്‍വര്‍ എംഎല്‍എയുടെ ഈ നിലപാടിനോട് പാര്‍ട്ടിക്ക് യോജിക്കാന്‍ കഴിയുന്നതല്ല
കോഴിക്കോട്: പിവി അന്‍വര്‍ എംഎല്‍എയുടെ (PV Anvar MLA) നടപടിയില്‍ നിലപാട് വ്യക്തമാക്കി സിപിഐഎം. ശത്രുക്കള്‍ക്ക് ആയുധം നല്‍കുന്ന പ്രവൃത്തിയാണ് പിവി അന്‍വര്‍ ചെയ്യുന്നതെന്നും അത് അവസാനിപ്പിക്കണമെന്നും പാര്‍ട്ടി വ്യക്തമാക്കി. സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം പറയുന്നത്. പിവി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ പാര്‍ട്ടിയും സര്‍ക്കാരും പരിഗണിച്ചിട്ടുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു.
നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ സ്വതന്ത്ര എംഎല്‍എ എന്ന നിലയിലാണ് നിയമസഭയിലും നിലമ്പൂര്‍ മണ്ഡലത്തിലും പ്രവര്‍ത്തിവരുന്നത്. അദ്ദേഹം സിപിഐഎം പാര്‍ലമെന്ററി പാര്‍ട്ടി അംഗവുമാണ്. ചില വിഷയങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ അദ്ദേഹം മുഖ്യമന്ത്രിയുടെ മുന്‍പാകെ രേഖാമൂലം സമര്‍പ്പിച്ചിട്ടുണ്ട്. പരാതിയുടെ കോപ്പി പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്കും നല്‍കിയിട്ടുണ്ട്. പരാതിയില്‍ പറഞ്ഞ കാര്യങ്ങള്‍ സര്‍ക്കാരിന്റെ അന്വേഷണത്തിലും പാര്‍ട്ടി പരിശോധിക്കേണ്ട വിഷയങ്ങള്‍ പാര്‍ട്ടിയുടെ പരിഗണനയിലുമാണെന്ന് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
വസ്തുത മനസിലാക്കിയിട്ടും ഗവണ്‍മെന്റിനും പാര്‍ട്ടിക്കുമെതിരെ അദ്ദേഹം തുടര്‍ച്ചയായ ആരോപണങ്ങള്‍ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചുവരികയാണ്. പിവി അന്‍വര്‍ എംഎല്‍എയുടെ ഈ നിലപാടിനോട് പാര്‍ട്ടിക്ക് യോജിക്കാന്‍ കഴിയുന്നതല്ല. പിവി അന്
വര്‍ എംഎല്‍എ സ്വീകരിക്കുന്ന ഇത്തരം നിലപാടുകള്‍ പാര്‍ട്ടി ശത്രുക്കള്‍ക്ക് ഗവണ്‍മെന്റിനേയും പാര്‍ട്ടിയേയും ആക്രമിക്കാനുള്ള ആയുധങ്ങളായി മാറുകയാണ്. ഇത്തരം നിലപാടുകള്‍ തിരുത്തി പാര്‍ട്ടി ദുര്‍ബലപ്പെടുത്താനുള്ള സമീപനത്തില്‍ നിന്നും പിന്തിരിയണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അഭ്യര്‍ത്ഥിക്കുന്നുവെന്ന് പാര്‍ട്ടി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
എന്നാല്‍ അന്‍വറിനെതിരെ സോഷ്യല്‍ മീഡിയയില്‍ പി ജയരാജന്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ പങ്കുവെച്ച പാര്‍ട്ടി പ്രസ്താവനയ്ക്ക് താഴെ നിരവധിയാളുകളാണ് കമന്റ് ചെയ്യുന്നത്. പിവി അന്‍വര്‍ പറയുന്നത് യാഥാര്‍ഥ്യമാണെന്നും അദ്ദേഹം യോജിക്കുന്നുവെന്നുമാണ് ഒരുകൂട്ടം ആളുകള്‍ അഭിപ്രായപ്പെടുന്നത്. പിവി അന്‍വറിനെ പോലെ തെറ്റുകള്‍ ചെയ്യുന്ന ആളുകള്‍ എങ്ങനെ പാര്‍ട്ടിക്കുള്ളില്‍ കടന്നുകൂടിയെന്നും ഒരു വിഭാഗം ചോദിക്കുന്നു.
പി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ്
അതേസമയം, പിവി അന്‍വറിനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. അന്‍വറിന്റേത് ഇടതുപക്ഷ പശ്ചാത്തലമല്ലെന്നും ഫോണ്‍ സംഭാഷണം ഒരിക്കലും പുറത്തുവിടാന്‍ പാടില്ലായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പിവി അന്‍വര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. എന്തെങ്കിലും കണ്ടെത്തിയാല്‍ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇടതുപക്ഷ എംഎല്‍എയാണെന്ന ബോധ്യം ഉണ്ടായിരുന്നുവെങ്കില്‍ ആദ്യം പരാതി പാര്‍ട്ടിയുടെ ശ്രദ്ധിയില്‍പ്പെടുത്തുകയാണ് ചെയ്യേണ്ടത്. ഒരു മുഖ്യമന്ത്രിയായല്ല കമ്മ്യൂണിസ്റ്റുകാരന്‍ എന്ന നിലയിലാണ് ഇക്കാര്യം പറയുന്നതെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രി പിവി അന്‍വറിനെ തള്ളിയതോടെ എംഎല്‍എയെ സ്വാഗതം ചെയ്ത് മുസ്ലിം ലീദ് നിലമ്പൂര്‍ നേതൃത്വം രംഗത്തെത്തി. അന്‍വര്‍ പറയുന്ന പല കാര്യങ്ങളും സത്യമാണെന്ന് മുസ്ലിം ലീഗ് നിലമ്പൂര്‍ മണ്ഡലം പ്രസിഡന്റ് ഇക്ബാല്‍ മുണ്ടേരി പ്രതികരിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം. ദുഷ്ടശക്തികള്‍ക്കെതിരെ നാടിന്റെ നന്മക്ക് വേണ്ടി നമുക്ക് ഒരുമിച്ച് പോരാടാമെന്നും പി വി അന്‍വറിനോട് ഇക്ബാല്‍ മുണ്ടേരി പറഞ്ഞിരുന്നു. എന്നാല്‍ പോസ്റ്റ് ചര്‍ച്ചയായതിന് പിന്നാലെ ഡിലീറ്റ് ചെയ്തു.
എന്നാല്‍ ഇക്ബാലിന്റെ പ്രസ്താവന അറിഞ്ഞിട്ടില്ലെന്നും കണ്ടിട്ടില്ലെന്നുമാണ് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. പിവി അന്‍വറിനെ ആരും പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തിട്ടില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാമും വ്യക്തമാക്കി.
പിവി അന്‍വറിനെ ഏറ്റെടുക്കാനാവില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസനും വ്യക്തമാക്കി കഴിഞ്ഞു. രാഹുലിന്റെ ഡിഎന്‍എ പരിശോധിക്കണമെന്ന് പറഞ്ഞ നേതാവിനെ ഒരിക്കലും വേണ്ട. അന്‍വറിന് രാഷ്ട്രീയ അഭയം നല്‍കേണ്ട ആവശ്യം ഇല്ലെന്നും ഹസന്‍ പറഞ്ഞു.
അതേസമയം, സിപിഐയെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്ത് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. തെറ്റ് തിരുത്തി പുറത്ത് വന്നാല്‍ സിപിഐയെ സ്വീകരിക്കുന്ന വിഷയം ആലോചിക്കുമെന്ന് കെ സുധാകരന്‍ പറഞ്ഞു. പിണറായിയുടെ അടിമകളായി എല്‍ഡിഎഫില്‍ തുടരണോയെന്ന് സിപിഐ ആലോചിക്കണ്ടേതാണ്. സിപിഐ എന്തുകൊണ്ട് സ്വതന്ത്രമായി നിന്നുകൂടായെന്ന് ചോദിച്ച പ്രസിഡന്റ് സിപിഐ തെറ്റ് തിരുത്തിയാല്‍ യുഡിഎഫില്‍ എടുക്കുന്ന കാര്യം ചര്‍ച്ച ചെയ്യുമെന്നും വിശദമാക്കി.