Brewery in Palakkad: കേരളത്തിൽ തന്നെ സ്പിരിറ്റ് ഉത്പാദിപ്പിക്കും; പാലക്കാട് ബ്രൂവറി അനുവദിച്ച് മന്ത്രിസഭ
Kerala Approves New Brewer in Palakkad: നിലവിലുള്ള മാർഗനിർദേശങ്ങളും, വ്യവസ്ഥകളും പാലിക്കണം എന്ന നിബന്ധനയോടെ പ്രാരംഭാനുമതിയാണ് ഇപ്പോൾ നൽകിയിട്ടുള്ളത്.
തിരുവനന്തപുരം: പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് ബ്രൂവറി അനുവദിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. ഇതിന് പുറമെ എഥനോൾ പ്ലാന്റ്, മാൾട്ട് സ്പിരിറ്റ് പ്ലാന്റ്, മൾട്ടി ഫീഡ് ഡിസ്റ്റിലേഷൻ യൂണിറ്റ്, ബ്രാണ്ടി/ വൈനറി പ്ലാന്റ് എന്നിവ ആരംഭിക്കാൻ മധ്യപ്രദേശിലെ ഇന്ദോർ ആസ്ഥാനമാക്കിയുള്ള ഒയാസിസ് കൊമേഴ്‌സ്യൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനും അനുമതി നൽകി. നിലവിലുള്ള മാർഗ നിർദേശങ്ങളും, വ്യവസ്ഥകളും പാലിക്കണം എന്ന നിബന്ധനയോടെ പ്രാരംഭാനുമതിയാണ് ഇപ്പോൾ നൽകിയിട്ടുള്ളത്.
നേരത്തെ അബ്കാരി നയത്തിൽ സംസ്ഥാനത്ത് തന്നെ സ്പിരിറ്റ് നിർമിക്കാനുള്ള സാധ്യത തേടുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് ഇപ്പോഴത്തെ തീരുമാനം. സ്പിരിറ്റ് ഇവിടെ തന്നെ ഉത്പാദിപ്പിക്കാൻ ലക്ഷ്യമിട്ടു കൊണ്ടാണ് ഈ രംഗത്തെ അതികായർ കൂടിയായ കമ്പനിക്ക് അനുമതി നൽകിയത്. നിലവിൽ മദ്യം നിർമിക്കാനുള്ള സ്പിരിറ്റ് പുറത്തു നിന്നാണ് വരുന്നത്. ഇത് വലിയ സാമ്പത്തിക ഭാരമാണ് സൃഷ്ടിക്കുന്നത് എന്ന് മദ്യ നിർമ്മാണ കമ്പനികൾ തന്നെ സർക്കാരിനോട് പരാതിപ്പെട്ടിരുന്നു.
ALSO READ: ‘കർഷകരെ ബുദ്ധിമുട്ടിക്കില്ല’; വനനിയമ ഭേദഗതി ഉപേക്ഷിച്ച് സർക്കാർ, തീരുമാനം കടുത്ത എതിർപ്പിന് പിന്നാലെ
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് തട്ടിക്കൂട്ട് കമ്പനികൾക്ക് ബ്രൂവറി അനുവദിക്കാൻ തീരുമാനിച്ചത് ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. പ്രതിപക്ഷം ഉൾപ്പടെയുള്ളവർ ഇതിനെതിരെ സമരത്തിന് ഇറങ്ങിയതോടെ ആണ് സർക്കാർ അതിൽ നിന്നും പിന്മാറിയത്. അതേസമയം, നിയമസഭയുടെ ബജറ്റ് സമ്മേളനം വെള്ളിയാഴ്ച ആരംഭിക്കാനിരിക്കെയാണ് മന്ത്രിസഭാ തീരുമാനം. എന്നാൽ, ഈ തീരുമാനത്തിൽ പ്രതിപക്ഷം വീണ്ടും രംഗത്ത് ഇറങ്ങാനാണ് സാധ്യത.