Dry Day Liquor Sale: സമ്പൂർണ ഡ്രൈ ഡേയിൽ ഇരട്ടി വിലയ്ക്ക് മദ്യവിൽപ്പന; നിരവധി കേസുകൾ
Kerala Dry Day Liquor Sales: നിരവധിപേരാണ് ഡ്രൈഡേയിലെ അനധികൃത മദ്യവിൽപ്പനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്, ചാരായവും ഇത്തരത്തിൽ വിറ്റതിൽ ഉൾപ്പെടുന്നുണ്ട്, ബെവ്കോയും കൺസ്യൂമർ ഫെഡും അവധിയായിരുന്നതിനാൽ തന്നെ ഒരു തുള്ളി മദ്യം പോലും കിട്ടിയിട്ടില്ല
കൊച്ചി: സംസ്ഥാനത്തെ സമ്പൂർണ ഡ്രൈ ഡേയിൽ എക്സൈസ് വകുപ്പിൻ്റെ മൂക്കിൻ തുമ്പിൽ മദ്യവിൽപ്പന. എറണാകളും കച്ചേരിപ്പടിയിലുള്ള കിങ്‌സ് എമ്പയർ ബാറിലാണ് ഗാന്ധിജയന്തി ദിനത്തിൽ മദ്യ വിൽപ്പന. അതും ഇരട്ടി വിലയ്ക്ക്. എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിന് തൊട്ടടുത്താണ് കിങ്‌സ് എമ്പയർ ബാർ. അതേസമയം ഡ്രൈഡേയിൽ വ്യാപക പരിശോധനയാണ് സംസ്ഥാന വ്യാപകമായി എക്സൈസ് നടത്തിയത്. വിവിധയിടങ്ങളിൽ നിന്നായി 90.5 ലിറ്റർ മദ്യമാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. 19 കാരനടക്കം 4 പേരെ വിവിധ കേസുകളിലായി അറസ്റ്റ് ചെയ്തിട്ടുമുണ്ട്.
ഝാർഖണ്ഡ് സ്വദേശിയായ 19 കാരനെ നെയ്യാറ്റിൻകരയിൽ നിന്നുമാണ് 15 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി എക്സൈസ് അറസ്റ്റ് ചെയ്തത്.അഷിക് മണ്ഡൽ ആണ് പരിശോധനയിൽ കുടുങ്ങിയത്. കരുനാഗപ്പള്ളിയിൽ നടത്തിയ പരിശോധനയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച 33.5 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം പിടികൂടി. നീണ്ടകര സ്വദേശി ശ്രീകുമാർ (52 )- നെ അറസ്റ്റ് ചെയ്തു.
ചാരായത്തിനൊപ്പം സ്കൂട്ടറിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന 12 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി കൊല്ലം ഭരണിക്കാവ് ക്ഷേത്രത്തിന് സമീപം ഒരാളെ അറസ്റ്റ് ചെയ്തു. വടക്കേവിള സ്വദേശി സുജിത്ത് (54) അറസ്റ്റിലായത്. ആലപ്പുഴ കാർത്തികപ്പള്ളി എക്‌സൈസ് റേഞ്ചിൻ്റെ പരിശോധനയിൽ 29 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി പള്ളിപ്പാട് സ്വദേശി ശിവപ്രകാശിനെയും ഇയാൾ മദ്യ വിൽപ്പനയ്ക്കായി ഉപയോഗിച്ചിരുന്ന ഹോണ്ട ആക്ടീവ സ്കൂട്ടറും എക്സൈസ് കസ്റ്റഡിയിൽ എടുത്തു.
ബെവ്കോ, ബാർ, കൺസ്യൂമർ ഫെഡ് ഷോപ്പുകൾ എന്നിവയെല്ലാം ഡ്രൈഡേയിൽ അവധിയായിരുന്നതിനാൽ ഒതു തുള്ളി മ്ദ്യം പോലും കേരളത്തിൽ ലഭിക്കില്ലായിരുന്നു. ഇതിന് ചുവട് പിടിച്ചാണ് പലരും അനധികൃതമായി മദ്യം വിറ്റത്.